പേളി പഴയത് പോലെയല്ല, ഭയങ്കരമായ മാറ്റം; അടുത്തിടെ ഒരുമിച്ച് ഷോ ചെയ്തപ്പോൾ; ജിപി പറയുന്നു
ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഗോവിന്ദ് പത്മസൂര്യ ഇന്ന് സിനിമകളിലും താരമാണ്. മലയാളത്തേക്കാളും തെലുങ്ക് സിനിമകളിലാണ് ജിപി കൂടുതൽ സജീവം. അടുത്തിടെ പുറത്തിറങ്ങിയ നീരജ എന്ന മലയാള ചിത്രത്തിൽ ചെറിയൊരു വേഷം ജിപി ചെയ്തിട്ടുണ്ട്. അവതാരകനെന്ന നിലയിൽ ജിപി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റ് ഷോയിലൂടെയാണ്. പേളി മാണിയും ജിപിയുമാണ് ഷോയുടെ ആദ്യ സീസണിൽ അവതാരകരായി വന്നത്. ഇരുവരും ഷോയിലൂടെ അടുത്ത സുഹൃത്തുക്കളുമായി.
പിന്നീട് നിരവധി ഷോകളിൽ പേളിയും ജിപിയും അവതാരകരായെത്തി. ഇന്നും പേളി-ജിപി കോംബോയ്ക്ക് ആരാധരുണ്ട്. പേളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിപി. പരസ്പരം വളരെയധികം മനസ്സിലാക്കുന്ന സുഹൃത്തുക്കളാണ് തങ്ങളെന്ന് ജിപി വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റിയ സുഹൃത്തുക്കളിൽ ഒരാളാണ് പേളി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഞങ്ങൾ അങ്ങനെയൊരു പ്ലാറ്റ്ഫോമിലാണ് പരിചയപ്പെടുന്നത്. രണ്ടാമത് ഞങ്ങൾ രണ്ട് പേരുടെയും സോഡിയാക് സൈൻ ജെമിനിയാണ്. പക്ഷെ പേളിക്ക് എന്റെയത്ര സെൻസ് ഉണ്ടെന്ന് തോന്നില്ല. അവളുടെ ചടുലത എനിക്കില്ല. ഞങ്ങൾക്കൊക്കെ മറ്റൊരു വശമുണ്ട്. കുറച്ച് കൂടി ആഴമുള്ള ഒരു സ്പേസുണ്ട്. ആ രീതിയിലേക്ക് പോവാനുള്ള സാധ്യതകൾ ഇടയ്ക്ക് വരും'
'അതുകൊണ്ടാണ് പേളി ഇടയ്ക്ക് സീരിയസായി, ജിപി ചേട്ടൻ സീരിയസാവുന്നു എന്നൊക്കെ പറയുന്നത്. പക്ഷെ പേളിക്ക് കോമാളിത്തരങ്ങൾ ഇത്തിരി കൂടുതലാണ്. അവൾക്കതില്ലെങ്കിൽ വളരെ അൺകംഫർട്ടബിൾ ആവും. പക്ഷെ ഞാൻ വളരെ സീരിയസായ ഒരു കാര്യം ഏൽപ്പിച്ചാൽ വളരെ സീരിയസായി അതിനെ ഡീൽ ചെയ്യും'
'അടുത്തിടെ പേളിയുടെ കൂടെ സൈമ അവാർഡ് ആങ്കർ ചെയ്തപ്പോൾ ഞാൻ അത്ഭുതപ്പെട്ട് പോയി. അവളിൽ ഭയങ്കരമായ വ്യത്യാസങ്ങൾ വന്നു. മുമ്പ് ആങ്കർ ചെയ്യുമ്പോൾ ചില നിരുത്തരവാദിത്വങ്ങൾ പേളിക്കുണ്ടായിരുന്നു. മൂഡ് ഉണ്ടെങ്കിൽ ഭയങ്കര കൗണ്ടർ ആയിരിക്കും. മൂഡില്ലെങ്കിൽ ഒന്നും മിണ്ടില്ല. മൊത്തം നമ്മുടെ തലയിൽ ആയിരിക്കും. അതിൽ നിന്നെല്ലാം ഒരുപാട് മാറി,' ജിപി പറഞ്ഞു.

ചില സമയത്ത് അവളുടെ മണ്ടത്തരങ്ങൾ കാണുമ്പോൾ വിളിച്ച് പറയാറുണ്ട്. അവളെ വിളിച്ച് ചീത്ത പറയാനുള്ള അധികാരം തനിക്കുണ്ട്. ചില സമയത്ത് പേളി പിണങ്ങും. ഗർഭിണിയായ സമയത്ത് കാണാൻ ചെല്ലാത്തതിന് പേളി പിണങ്ങിയിരുന്നെന്നും ജിപി ഓർത്തു. സിനിമകളും ഷോകളുമായി കരിയറിന്റെ തിരക്കുകളിലാണ് ജിപി ഇന്ന്.
അടുത്തിടെ തന്റെ വിവാഹം നീണ്ട് പോവുന്നതിനെക്കുറിച്ച് ജിപി സംസാരിച്ചിരുന്നു. കല്യാണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നുണ്ടെന്ന് ജിപി വ്യക്തമാക്കി. മുമ്പ് കരിയറിനാണ് പ്രാധാന്യം നൽകിയത്. ഒരേസമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് അതിന്റെ തിരക്കുകളിലായിരുന്നു. പക്ഷെ ഇപ്പോൾ വിവാഹത്തിലേക്ക് കടക്കാനുള്ള സമയമായെന്ന് തോന്നുന്നുണ്ടെന്നും ജിപി പറഞ്ഞു. തന്നോടൊപ്പം ചേർത്ത് ഗോസിപ്പ് വന്നവരെല്ലാം അടുത്ത സുഹൃത്തുക്കളാണെന്നും താൻ പ്രണയത്തിലല്ലെന്നും ജിപി തുറന്ന് പറഞ്ഞു.
2016 ൽ പുറത്തിറങ്ങിയ പ്രേതം എന്ന സിനിമയ്ക്ക് ശേഷം ജിപി അഭിനയിച്ച മലയാള സിനിമയാണ് നീരജ. ഇത്രയും വർഷം നീണ്ട ഇടവേളയ്ക്ക് കാരണവും നടൻ വ്യക്തമാക്കി. പ്രേതത്തിന് ശേഷം ആഗ്രഹിച്ച മലയാള സിനിമകൾ ലഭിച്ചില്ല. അതേസമയം തെലുങ്കിൽ നിന്നും നല്ല അവസരങ്ങൾ വന്നു. ഇതോടെ തെലുങ്കിലേക്ക് ശ്രദ്ധ കൊടുത്തു. മലയാളത്തിൽ നായകനായി സിനിമ ചെയ്യാനാണ് ആഗ്രഹിച്ചതെന്നും ജിപി പറഞ്ഞു.


Click it and Unblock the Notifications