'എല്ലാത്തിനും കാരണക്കാർ ഇവരാണ്, ദോഷം ഒന്നും ഉണ്ടായില്ലല്ലോ... എത്രപേരെയാണ് ഇവർ ഞെട്ടിച്ചത്'; ജിപിയും ഗോപികയും
ഒരിക്കലും ഒന്നുംചേരുമെന്ന് പ്രതീക്ഷിക്കാത്ത രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തുവെന്ന് അറിയുന്നത് വലിയ സർപ്രൈസാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ഞെട്ടലാണ് മിനിസ്ക്രീൻ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ പ്രേക്ഷകർക്കുണ്ടായത്. ഒരിക്കൽ പോലും ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ കണ്ടിട്ടില്ല.
പല വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ സാഹചര്യം ഉണ്ടായിട്ടും ഇരുവരും അതെല്ലാം ഒഴിവാക്കി. പ്രണയത്തിന്റെ യാതൊരു തുമ്പും തരാതെ പെട്ടെന്ന് ഒരു ദിവസം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത ഫോട്ടോകൾ സഹിതം പുറത്ത് വന്നപ്പോൾ പ്രേക്ഷകർ നിറഞ്ഞ സന്തോഷത്തിനിടയിലും പരസ്പരം ചോദിച്ച ചോദ്യം എന്നാലും ഇതെങ്ങനെ എന്നതായിരുന്നു.

അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി തികച്ചും സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിനൊടുവിൽ ഇരുവരും മാധ്യമങ്ങൾക്ക് മുഖം തരാതിരുന്നപ്പോഴും ബാക്കിയായത് എന്നാലും ഇതെങ്ങനെ..? എന്ന ചോദ്യമായിരുന്നു. ജിപിയുടെയും ഗോപികയുടെയും പ്രണയവിവാഹമാണോ അതോ അറേഞ്ച്ഡ് മാരേജാണോ എന്നൊക്കെയുള്ള സംശയങ്ങൾക്കും ഊഹങ്ങൾക്കുമെല്ലാം ഉള്ള മറുപടിയുമായി ഇരുവരും നേരിട്ടെത്തിയപ്പോഴാണ് അറേഞ്ച്ഡ് മാരേജായിരുന്നു ഇരുവരുടേതുമെന്ന് പ്രേക്ഷകർ അറിയുന്നത്.
ജിപിയുടെയും ഗോപികയുടെ ജീവിതത്തിൽ വലിയൊരു ടേണിങ് പോയിന്റ് കൊണ്ടുവന്ന രണ്ടുപേരുണ്ട്. അവരെ പരിചയപ്പെടുത്തി താരജോഡികൾ പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
'ദ റീസൺ... എല്ലാത്തിനും കാരണക്കാർ...' എന്നാണ് തന്നെയും ഗോപികയേയും ഒന്നിപ്പിച്ചവരെ പരിചയപ്പെടുത്തി ജിപി കുറിച്ചത്. ജിപിയുടെ അച്ഛന്റെ അനിയത്തിയും ഗോപികയുടെ വല്യമ്മയും സുഹൃത്തുക്കളാണ്. ആ പരിചയമാണ് ജിപി-ഗോപിക വിവാഹത്തിന് കാരണമായത്. 'ചേട്ടന്റെ (ഗോവിന്ദ് പത്മസൂര്യ) അച്ഛന്റെ അനിയത്തിയും എന്റെ വല്യമ്മയും 15 വർഷത്തോളമായി കൂട്ടുകാരാണ്.'
'അവരാണ് യഥാർഥത്തിൽ ഇങ്ങനെ ഒരു വിവാഹാലോചന തുടങ്ങിവെച്ചത്', എന്നാണ് പ്രണയകഥ വെളിപ്പെടുത്തി ഗോപിക പറഞ്ഞത്. 'മേമ എന്നോട് ഗോപികയെപ്പറ്റി പറഞ്ഞ ശേഷം പോയി കാണണം പരിചയപ്പെടണം എന്നെല്ലാം പറഞ്ഞു. എന്നാൽ ഞാൻ അതിനത്ര പ്രാധാന്യം നൽകിയില്ല. എന്നാൽ എന്നെ വെറുതെ വിടാനുള്ള ഉദ്ദേശം മേമക്കുണ്ടായിരുന്നില്ല. ഒന്നരമാസത്തോളം ഞാൻ ഉഴപ്പി.'

'എന്നാൽ അപ്പോഴേക്കും മേമയുടെ മെസേജിലൂടെയും മറ്റുമുള്ള ഭാഷ അല്‍പ്പം കടുക്കാൻ തുടങ്ങി. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ എന്നൊക്കെയായി ചോദ്യം. അങ്ങനെ മേമയെ സമാധാനിപ്പിക്കാനായി ഞാൻ ഗോപികയെ വിളിച്ചു. എവിടെയാണുള്ളതെന്ന് ചോദിച്ചപ്പോൾ ചെന്നൈയിലാണെന്ന് പറഞ്ഞു. ആ സമയത്ത് ഞാനുള്ളത് കൊച്ചിയിലാണ്. ഒരു മണിക്കൂർ കൊണ്ട് ഫ്ലൈറ്റിൽ ചെന്നൈ എത്താം.'
'തിരുവനന്തപുരം വരെ വണ്ടി ഓടിച്ചുപോയി കാണേണ്ട കാര്യമില്ല. മാത്രമല്ല ഇടയ്ക്കിടെ ഞാൻ പോകാറുള്ള കാപാലീശ്വര ക്ഷേത്രത്തിൽ പോകുകയും ചെയ്യാം. ഒപ്പം മറ്റ് ചില മീറ്റിങ്ങുകളും. അങ്ങനെ നിരവധി പദ്ധതിയുമായാണ് ഞാൻ ചെന്നൈയ്ക്ക് പോയതും അവിടെ വെച്ച് ഗോപികയെ ആദ്യമായി കണ്ടതും', എന്നാണ് മുമ്പൊരിക്കൽ താനും ഗോപികയും ഒന്നിച്ചതിനെ കുറിച്ച് സംസാരിച്ച് ജിപി പറഞ്ഞത്.
ഇക്കഴിഞ്ഞ ജനുവരിയിലെ അവസാന ആഴ്ചയിലായിരുന്നു ജിപി-ഗോപിക വിവാഹം. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഉള്ള ഒട്ടുമിക്ക താരങ്ങളും ജിപി-ഗോപിക വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരനിബിഢമായി രാജകീയ പ്രൗഢിയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.
തങ്ങൾ ഒരുമിക്കാൻ കാരണക്കാരാവയവരെ പരിചയപ്പെടുത്തി ജിപിയും ഗോപികയും എത്തിയപ്പോൾ നിരവധി ആരാധകരാണ് രസകരമായ കമന്റുകൾ കുറിച്ചത്. എന്നാലും എത്ര പേരെയാണ് ഇവർ രണ്ടും കൂടെ ഞെട്ടിച്ചത്, ഇവർ രണ്ടുപേരും കാരണം ലൈഫിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത പെയറിനെ കിട്ടി, ഞങ്ങൾ മേമയും വല്യമ്മയും കാരണം അടിപൊളി ജോഡിയെ കിട്ടി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications