'ഗോപിക അഭിനയം നിർത്തുന്നില്ല, കണ്ടിട്ട് വന്നാൽ ഒക്കെയാകുമെന്ന് കരുതി, മണിക്കൂറോളം കരച്ചിലായിരുന്നു'; ജിപി!
ഗോവിന്ദ് പത്മസൂര്യ-ഗോപിക അനിൽ വിവാഹം നിശ്ചയം എല്ലാവർക്കും വലിയൊരു സർപ്രൈസായിരുന്നു. ബന്ധുക്കൾ വഴി വന്ന ആലോചനയാണ് ഇരുവരുടെയും വിവാഹനിശ്ചയം വരെ എത്തിനിൽക്കുന്നത്.
കോഴിക്കോട് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഒരിക്കലും ഒരുമിക്കുമെന്ന് പ്രേക്ഷകർ മനസിൽ പോലും കരുതാത്തവരുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു.
ചിലരൊക്കെ ഫോട്ടോഷൂട്ടിന്റെ ഭാഗമാണെന്ന് വരെ തെറ്റിദ്ധരിച്ചു. ഇരുവരും ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട് വായിച്ചപ്പോഴാണ് യഥാർത്ഥ വിവാഹനിശ്ചയം തന്നെയാണ് നടന്നതെന്നും അതിന്റെ ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചതെന്നും ആരാധകർക്ക് മനസിലായത്.
വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടപ്പോൾ വലിയ രീതിയിൽ ഗോപിക അനിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. അതിന് കാരണം ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത് എന്നാണ്.
അഞ്ജലി എന്ന കഥാപാത്രം നൽകി സീരിയലിൽ കരിയർ ഉണ്ടാക്കി തന്ന സംവിധായകന്റെ വേർപാട് സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താൻ സാധിക്കുന്നുവെന്ന ചോദ്യമാണ് ഗോപികയ്ക്ക് നേരെ ഉയർന്നത്. കൂടാതെ വിവാഹം ഉറപ്പിച്ചതിനാൽ ഇനി ഗോപിക അഭിനയിക്കില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ എല്ലാത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപികയും ഗോവിന്ദ് പത്മസൂര്യയും. 'ഞങ്ങളുടെ ഫങ്ഷന്റെ നാല് ദിവസം മുമ്പാണ് സാന്ത്വനത്തിന്റെ സംവിധായകൻ അന്തരിക്കുന്നത്.'
'അതൊരു വലിയ ഷോക്കായിരുന്നു. എനിക്കും വലിയൊരു ഷോക്കായിരുന്നു. തലേദിവസം ഗോപിക എന്നെ വിളിച്ച് പറഞ്ഞിരുന്നു ആദിത്യൻ സാർ അനുഗ്രഹിക്കുകയും നിശ്ചയത്തിനുള്ള ബെസ്റ്റ് വിഷസ് പറയുകയും ചെയ്തുവെന്ന്. ഈ മരണം സംഭവിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ എൻഗേജ്മെന്റ്. എൻഗേജ്മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാൻ ചിന്തിച്ചിരുന്നു. ഗോപികയോട് അതേ കുറിച്ച് ചോദിച്ചിരുന്നു.'
'പക്ഷെ എന്റെ വീട്ടിലും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോൾ അവർക്ക് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. പിന്നെ ചടങ്ങിൽ പങ്കെടുക്കാനായി കുറെ കാരണവന്മാരെ ക്ഷണിച്ചിരുന്നു. എന്റെ തന്നെ പല ബന്ധുക്കളും ജയ്പൂരിൽ നിന്ന് വരെ വന്ന് കഴിഞ്ഞു. കുറെ പ്രായമുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.'
'അവരോടൊക്കെ എന്ത് പറയും. പറഞ്ഞാൽ അവർക്ക് മനസിലാകുമോ എന്നൊക്കെ ചിന്തിച്ചു. നടത്തുകയാണെങ്കിൽ ഈ പരിപാടി പൂർണ മനസോടെ നടത്തിയിട്ടെ കാര്യമുള്ളു. അല്ലെങ്കിൽ മാറ്റി വെക്കണം. അങ്ങനെ ആലോചിച്ചപ്പോൾ എനിക്ക് മനസിലായി പരിപാടിയുമായി മുന്നോട്ട് പോവുകയെ മാർഗമുള്ളൂവെന്ന്. അതൊരു വലിയ ചലഞ്ചായിരുന്നു.'

'കാരണം ഗോപിക ആദിത്യൻ സാറിനെ കണ്ടിട്ട് വന്നാൽ ഒക്കെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ കണ്ട് വന്നശേഷവും ഒന്നര മണിക്കൂറോളം ഫോണിൽ വിളിച്ച് ഗോപിക കരച്ചിൽ തന്നെയായിരുന്നു. പിറ്റേദിവസവും അതേ വിഷമത്തിൽ തന്നെയായിരുന്നു. കണ്ണടക്കുമ്പോൾ മനസിൽ നിന്നും മുഖം പോകുന്നില്ലെന്നാണ് ഗോപിക പറഞ്ഞത്. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളിലായിരുന്നു എന്റെ പ്രതീക്ഷ. അവരെല്ലാം ഗോപികയുടെ വീട്ടിൽ ചെന്ന് അവളെ ഓക്കെയാക്കി എടുത്തുവെന്നാണ്', ഗോവിന്ദ് പത്മസൂര്യ പറഞ്ഞത്.
'എന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും ഗോപിക അഭിനയം നിർത്തുകയാണോ എന്ന ചോദ്യം നിരവധി കണ്ടു. നമ്മുടെ ജീവിതത്തിൽ സന്തോഷമുള്ള ഒരു കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിർത്തേണ്ട കാര്യമുണ്ടോ?.'
'സാന്ത്വനം നിർത്തിയാൽ അഞ്ജലിയായി ഉണ്ടാകില്ലെന്നല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞതുകൊണ്ട് ഗോപിക അഭിനയം നിർത്താൻ പോകുന്നില്ല. അഞ്ജലിയായി ഗോപിക നിങ്ങളുടെ മുമ്പിൽ വരും. എങ്ങാനും നിന്ന് പോയാൽ അത് എടുത്ത് എന്റെ തലയിൽ ഇടരുത്. എത്ര വേണമെങ്കിലും ഗോപിക അഭിനയിച്ചോട്ടെ', എന്നാണ് ജിപി പറയുന്നത്.


Click it and Unblock the Notifications