'ആ സംഭവത്തോടെ പതിനെട്ട് വയസുള്ള ഞാൻ തകർന്നു... സ്കൂളിൽ പോയി ഫ്രണ്ട്സിനോടൊക്കെ എല്ലാം പറയുമായിരുന്നു'
ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് ഗൗരിലക്ഷ്മി. ഒരു വർഷം മുമ്പ് മുറിവ് എന്ന ആൽബവുമായി സംഗീതപ്രേമികളിലേക്ക് ഗൗരി എത്തിയിരുന്നു. പെണ്ണായത് കൊണ്ട് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മുറിവ് എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടിലൂടെ ഗൗരി പറഞ്ഞത്. 2023 ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ഗാനം അടുത്തിടെ വെെറലായതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഗൗരി ലക്ഷ്മി നേരിട്ടത്.
റിപ്പോർട്ടർ ചാനലിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ അവതരിപ്പിച്ച ഗാനം പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ ഗായികയ്ക്കെതിരെയും സൈബർ ആക്രമണം നടന്നു. മുമ്പ് അജിത ഹരേ എന്ന കഥകളി പദം ഷോർട്ട്സ് ധരിച്ച് സ്റ്റേജിൽ അവതരിപ്പിച്ചുവെന്നതിന്റെ പേരിലും ഗൗരി ലക്ഷ്മിക്ക് നേരെ സെെബർ ആക്രമണം നടന്നിരുന്നു.

എട്ടാമത്തെ വയസിൽ ബസ്സിനുള്ളിലും പതിമൂന്നാമത്തെ വയസിൽ ബന്ധു വീട്ടിലും വെച്ച് തന്റെ നേരെ നീണ്ട കൈകളെക്കുറിച്ചാണ് ഗൗരി മുറിവിലൂടെ പാടിയത്. മാത്രമല്ല ഇത്തരം സംഭവങ്ങളിലൂടെ മനസിനുണ്ടാ മുറിവുകൾ തെറപ്പിയിലൂടെയാണ് താൻ മറികടന്നതെന്ന് ഗൗരി ലക്ഷ്മി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും ജീവിതം ഇത്രയേറെ മെച്ചപ്പെട്ടുവെന്ന് തുറന്ന് പറയുന്നതിൽ അഭിമാനമാണെന്നും മുമ്പൊരിക്കൽ ഗൗരി വെളിപ്പെടുത്തിയിരുന്നു.
മുപ്പതുകാരിയായ ഗൗരി ലക്ഷ്മി തന്റെ സിനിമ സംഗീത സംവിധാനം ആരംഭിച്ചത് വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ്. മോഹൻലാലിന്റെ ബിഗ് ബജറ്റ് സിനിമകളിലൊന്നായ കാസിനോവയ്ക്ക് വേണ്ടിയാണ് വരികളെഴുതി പാട്ടിന് സംഗീതം നൽകിയത്.
സഖിയേ നിൻ കൺമുനകളിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ഗൗരി എഴുതി ആലപിച്ചത്. പൂർണ്ണമായും പുറം രാജ്യങ്ങളിൽ ചിത്രീകരിച്ച കാസിനോവ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായക എന്ന നിലയിൽ ഗൗരിയുടെ സൃഷ്ടികൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും മാധ്യമങ്ങളിൽ വലിയ പ്രചാരം നേടുകയും ചെയ്തിരുന്നു.
എന്നാൽ ശ്രിയ ശരൺ നായികയായ സിനിമ റിലീസ് ചെയ്തപ്പോൾ ആ പാട്ട് സിനിമയിലുണ്ടായിരുന്നില്ല. താൻ ഏറെ പ്രതീക്ഷയോടെയാണ് പാട്ടിനായി കാത്തിരുന്നതെന്നും അത് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അറിഞ്ഞ നിമിഷം താൻ തകർന്ന് പോയിയെന്നും പറയുന്ന ഗൗരിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വളരെ വിഷമം തോന്നിയ അനുഭവം ഗൗരി പങ്കിട്ടത്.

ആ സമയത്ത് വലിയ ബിഗ് ബജറ്റ് സിനിമയായിരുന്നു കാസിനോവ. പുറം രാജ്യത്തുള്ള ഏതോ ട്യൂലിപ്പ് തോട്ടത്തിൽ മോഹൻലാലിനേയും ശ്രിയ ശരണിനേയും വെച്ചാണ് പാട്ട് ഷൂട്ട് ചെയ്യുക എന്നൊക്കെയാണ് അറിഞ്ഞത്. ഭയങ്കര പരിപാടികളാണല്ലോ... അതുകൊണ്ട് തന്നെ ഞാൻ സ്കൂളിൽ പോയി ഫ്രണ്ട്സിനോടൊക്കെ ഈ സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യാൻ പോകുന്നത് എന്നൊക്കെ പറയുമായിരുന്നു.
എട്ടിൽ പഠിക്കുമ്പോൾ എഴുതിയ പാട്ടിന്റെ ഓഡിയോ ലോഞ്ച് ഞാൻ പത്തിൽ എത്തിയപ്പോൾ ബാംഗ്ലൂർ വെച്ച് നടന്നു. അതിനുശേഷം ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ എത്തിയപ്പോഴാണ് സിനിമ പുറത്ത് വന്നത്. പടം പുറത്ത് വന്നപ്പോൾ ഞാൻ എഴുതി സഖിയേ എന്ന പാട്ട് ഓഡിയോ കാസറ്റിലുണ്ട്. എന്റെ പേരും കൊടുത്തിട്ടുണ്ട്. പക്ഷെ പടത്തിൽ ആ പാട്ടുണ്ടായിരുന്നില്ല. അതോടെ പതിനെട്ട് വയസുള്ള ഞാൻ തകർന്ന് പണ്ടാരമടങ്ങി എന്നാണ് ഗൗരി പറയുന്നത്.
ഗായികയുടെ വെളിപ്പെടുത്തൽ വൈറലായതോടെ സഖിയേ എന്ന ഗാനത്തിന്റെ ആരാധകരെല്ലാം ഗൗരി പ്രശംസിച്ച് എത്തി. ആ സിനിമയുടെ എറ്റവും വലിയ നഷ്ടം സഖിയേ എന്ന പാട്ട് അതിൽ ഉൾപ്പെടുത്താതെ പോയതാണ്, അന്നത്തെ ആ നിഷ്കളങ്കയായ പെൺകുട്ടിയെ ഇന്നത്തെ ഗൗരിലക്ഷ്മി ആക്കിയത് ആ തകർച്ചയാണ്, ഈ പാട്ട്.... ഹോ... എന്തൊരു ഫീലാണ്. സിനിമയിൽ ഇത് വരാത്തത് വല്ലാത്തൊരു മോശമായിപ്പോയി,
ഞങ്ങൾ ഏറെ റിപ്പീറ്റ് ചെയ്ത് കേൾക്കുന്ന ഗാനമാണ്... പടം മറന്നു. പക്ഷെ ആ പാട്ട് ഇതുവരെ മറന്നില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ബിഗ് ബ്രദർ സിനിമയിലെ കണ്ടോ കണ്ടോ എന്ന ഗാനം ആലപിച്ചതും ഗൗരിയാണ്. ഗോദയിലെ ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം പാടിയതും ഗൗരി തന്നെയാണ്.


Click it and Unblock the Notifications