എനിക്കും പിആർ വർക്കിന് ശ്രമിച്ചിട്ടുണ്ട്! ബൊമ്മ പോലെ നില്‍ക്കേണ്ടി വന്നത് കൊണ്ട് നിര്‍ത്തിയെന്ന് ഗ്രേസ് ആന്റണി
കുമ്പളങ്ങി നൈറ്റ്‌സിലെ സിമി നടി ഗ്രേസ് ആന്റണിയെ അടയപ്പെടുത്തിയ ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങളുണ്ട്. എല്ലായിപ്പോഴും സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളിലൂടെയാണ് ഗ്രേസ് അറിയപ്പെടാറുള്ളതും. തനിക്കേറ്റവും സന്തോഷം തരുന്ന കാര്യവും അത് തന്നെയാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്.
സിനിമാ നടി എന്നറിയപ്പെടുന്നതിലും കഥാപാത്രത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്നതാണ് ഏറ്റവും വലിയ കാര്യം. അതേ സമയം സോഷ്യല്‍ മീഡിയയില്‍ താനത്ര സജീവമല്ലാത്തതിന്റെ കാരണത്തെ പറ്റി ഗ്രേസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മുന്‍പ് പിആര്‍ വര്‍ക്കിന് വരെ ശ്രമിച്ചെങ്കിലും തനിക്കത് സെറ്റാവില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

'സോഷ്യല്‍ മീഡിയ കൂടുതല്‍ ഉപയോഗിക്കുന്ന ആളല്ല. എന്റെ ഫേവറൈറ്റ് മൊമന്റ്‌സ് ഇടാന്‍ ഇഷ്ടമുണ്ട്. പക്ഷേ അതൊരു പരിധി കഴിഞ്ഞാല്‍ നമ്മളൊരു ക്യാരക്ടറായി കഴിയും. അതിനെ ഗ്രേസ് ആന്റണിയായിട്ട് തന്നെ കാണാന്‍ സാധ്യത കൂടുതലാണ്. സോഷ്യല്‍ മീഡിയയില്‍ കൂടുതലായി തുറന്ന് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ക്ക് അങ്ങനൊരു സമീപനം വന്നുവെന്ന് വരാം. അതെന്റെ കാഴ്ചപ്പാട് മാത്രമാണ്. കുറേ ഫോട്ടോസും മറ്റുമൊക്കെ ഇടാറുണ്ടെങ്കിലും അതില്‍ കൂടുതല്‍ ഇടാതെ മാറ്റി വെക്കുകയാണ് ചെയ്യുന്നത്.
ഒരു പരിധി വരെ ഇതുകൊണ്ട് ഗുണം ഉണ്ട്. നമ്മുടെ പബ്ലിസിറ്റി കൂട്ടാനും ടൈംലൈനില്‍ നില്‍ക്കാനും വളരെ ഉപയോഗപ്രദമായ കാര്യമാണ് സോഷ്യല്‍ മീഡിയ. ഓരോരുത്തരുടെയും പേഴ്‌സണല്‍ ചോയിസാണ് ഇതൊക്കെ. മാത്രമല്ല എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഇതിനൊക്കെ വേണ്ടി ഭയങ്കരമായി പ്രഷര്‍ എടുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ എനിക്കെന്തോ അതത്ര ശരിയായിട്ടില്ല.
സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ടുള്ള കാലത്ത് പിആര്‍ വര്‍ക്കിന് ഞാനും ശ്രമിച്ചിരുന്നു. അങ്ങനെത്തെ ടീമുമായി ശ്രമിച്ചെങ്കിലും ഒരു സമയം കഴിഞ്ഞപ്പോള്‍ ഇതെനിക്ക് പറ്റുന്ന പണിയല്ലെന്ന് മനസിലായി. അവര്‍ പറയുന്നത് പോലൊക്കെ ചെയ്യേണ്ടി വരും. ഇതോടെ പ്രഷര്‍ കൂടുതലാവും അപ്പോള്‍. ഞാനും ആര്‍ട്ടിഫിഷ്യലാവുന്നത് പോലെയായി. ഞാനൊരു ബൊമ്മ പോലെ നിന്നിട്ട് കളിക്കണം. അതോടെ ചേട്ടാ പോയിക്കോ, ഞാനീ പരിപാടിയ്ക്കില്ലെന്ന് പറഞ്ഞ് പിആര്‍ ഒഴിവാക്കിയെന്നും', ഗ്രേസ് പറയുന്നു.

'നമ്മുക്ക് നമ്മളായി തന്നെ ഇരിക്കാന്‍ ഭയങ്കര പാടാണ്. നമ്മളൊരരു കാര്യം പറയാന്‍ വരുമ്പോള്‍ അയ്യോ അങ്ങനെ പറയരുത്, അതിങ്ങനെ പറയണമെന്ന് പറഞ്ഞ് മാറ്റുന്നത് എനിക്ക് തീരെ അംഗീകരിക്കാന്‍ കഴിയില്ല. സംസാരിക്കുന്ന രീതി പോലും മാറ്റിയതോടെ എനിക്ക് പറ്റുന്ന പണിയല്ലെന്ന് മനസിലായെന്നും,' ഗ്രേസ് വ്യക്തമാക്കുന്നു.
'പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നതായിട്ട് തോന്നിയിട്ടില്ല. ഞാന്‍ എന്റെ ചുറ്റിനും ക്രിയേറ്റ് ചെയ്യുന്നൊരു സ്‌പേസ് ഉണ്ട്. അതുപോലെ ആരാധകരെയും അങ്ങനെ തന്നെയാണ്. അവരാരും എന്നെ കാണുമ്പോള്‍ സിനിമാ നടി ഗ്രേസ് എന്ന് പറഞ്ഞൊന്നും വരാറില്ല. അതിനെക്കാളുപരി കഥാപാത്രങ്ങളുടെ പേര് പറഞ്ഞിട്ടാണ് പലരും വരാറുള്ളത്.
എനിക്കേറ്റവും സന്തോഷം തരുന്ന കാര്യം അതാണ്. എന്നെ എപ്പോഴും സിനിമാ നടി എന്നതിനെക്കാളും കഥാപാത്രമായിട്ടാണ് ആളുകള്‍ സ്വീകരിക്കുന്നത്. ഒരു വര്‍ഷം സിനിമ ഇല്ലെങ്കിലും പഴയ ചെയ്ത കഥാപാത്രങ്ങള്‍ വച്ചിട്ടാണ് സംസാരിക്കുന്നത്. അതാണ് സന്തോഷം നല്‍കുന്ന കാര്യമെന്നാണ്,' ഗ്രേസ് പറയുന്നത്.


Click it and Unblock the Notifications











