ഇത് സിനിമാ സെറ്റ് തന്നെയാണോ എന്ന് തോന്നിയിട്ടുണ്ട്; ചില സെറ്റുകളിലുണ്ടായ ബുദ്ധിമുട്ട്; ഗ്രേസ് ആന്റണി
മലയാള സിനിമാ രംഗത്തെ പിടിച്ച് കുലുക്കുന്ന വിവാദങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. നടിമാരുടെ പരാതികൾ പല പ്രമുഖരെയും വെട്ടിലാക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇത്രയധികം സംഭവ വികാസങ്ങൾ സിനിമാ രംഗത്തുണ്ടായത്. നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടെയുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അവസരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ നടിമാരോട് ആവശ്യപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തയ്യാറാകാത്തവർക്ക് അവസരങ്ങൾ ഇല്ലാതാകുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയ ആത്മവിശ്വാസത്തിൽ പല സ്ത്രീകളും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറച്ചിലുകൾക്ക് തയ്യാറായി. അതേസമയം സിനിമാ രംഗം പൂർണമായും മോശമാണെന്ന തെറ്റിദ്ധാരണ ഇപ്പോഴത്തെ വിവാദങ്ങൾ കാരണമുണ്ടാകുന്നെന്നും വാദമുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. ചില സെറ്റുകളിൽ തനിക്കും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്ന് ഗ്രേസ് ആന്റണി പറയുന്നു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

എല്ലാ സെറ്റുകളും നമുക്ക് ഭയങ്കര കംഫർട്ടബിളാകില്ല. എല്ലാവരും നന്നായി ട്രീറ്റ് ചെയ്യണമെന്നില്ല. ചില സെറ്റുകളിൽ ഇത് സിനിമാ സെറ്റ് തന്നെയാണോ എന്ന് തോന്നിയിട്ടുണ്ട്. ചില സെറ്റിൽ വളരെ സന്തോഷവും സമാധാനവുമുണ്ടാകും. അത് അപൂർവമാണ്. ആദ്യമായത് തോന്നിയത് കുമ്പളങ്ങി നൈറ്റ്സിലാണ്. ഇതെന്താണ് ഒരു ഫാമിലി പോലെ എന്ന് തോന്നി. ഹലാൽ ലൗ സ്റ്റോറി ചെയ്യുമ്പോൾ ഇത് കൊള്ളാലോ എന്ന് തോന്നി. നമ്മുടെ കൂടെയുള്ള ആളുകൾ നമ്മളെ വളരെ കംഫർട്ടബിളാക്കും.
എല്ലാവർക്കും തുല്യ സ്പേസ് കൊടുക്കും. അത് പോലെ ബുദ്ധിമുട്ട് തോന്നിയ സെറ്റുമുണ്ട്. തുടക്ക കാലത്ത് ഇതെല്ലാം അനുഭവിച്ചേ വളരാകൂ എന്ന പരിപാടി ഉണ്ടെന്ന് തോന്നുന്നു. കയ്പുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്ടറായി അംഗീകരിക്കാത്ത പോലെ. നമുക്ക് കിട്ടേണ്ട വാല്യു കിട്ടാത്തത് പോലെ. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ചോദിക്കാതെ തന്നെ അത് കിട്ടിയിട്ടുമുണ്ട്. ഏത് വർക്കിംഗ് സ്റ്റേഷനിലാണ് നമുക്ക് അച്ഛനെയും അമ്മയെയും കൊണ്ട് പോകേണ്ട സാഹചര്യം വന്നിട്ടുള്ളത്.

പോകുന്നിടത്തെല്ലാം പപ്പയെയും അമ്മയെയും കൊണ്ട് നടക്കാൻ പറ്റുമോ. അത് ബുദ്ധിമുട്ടാണ്. വീട്ടുകാരുടെ എതിർപ്പ് കാരണം ഹോസ്റ്റലിൽ നിന്നാണ് സിനിമയിൽ അഭിനയിക്കാൻ വരുന്നത്, പക്ഷെ പറ്റുന്നില്ലെഡോ എന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. ദൈവമേ ഇതെന്താ ഇങ്ങനെയെന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും ഗ്രേസ് ആന്റണി പറഞ്ഞു. സമാനമായ അഭിപ്രായം പല നടിമാരും പങ്കുവെച്ചിട്ടുണ്ട്. വിവാദങ്ങൾക്കിടെ വലിയ മാറ്റങ്ങളിലേക്ക് മലയാള സിനിമാന ലോകം ചുവട് വെക്കുന്നത്.
താര സംഘടന അമ്മയുടെ നേതൃത്വം രാജി വെച്ചു. പ്രൊഡ്യൂസേർസ് അസോസിയേഷനിലും ഫെഫ്കയിലും പൊട്ടിത്തെറികളുണ്ടായി. ഇതിന് പിന്നാലെ പുതിയ സിനിമാ സംഘടന രൂപീകരിക്കാനുള്ള ശ്രമവും നടക്കുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേർസ് എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ആഷിഖ് അബു, രാജീവ് രവി, റിമ കല്ലിങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കത്ത് സിനിമാ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.


Click it and Unblock the Notifications











