'വിവാഹം കഴിക്കാനുള്ള താൽപര്യം അവൾ ഇങ്ങോട്ട് പറഞ്ഞതാണ്, പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും ഉറച്ച് നിന്നു'
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രുവെന്ന് അറിയപ്പെടുന്ന അജയ് കുമാർ. നാൽപ്പത്തിയെട്ടുകാരനായ താരം 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നുവരുന്നത്. വിദ്യാഭ്യാസത്തിനുശേഷം മിമിക്രി കലാകാരനായി ഏറെനാൾ സ്റ്റേജുകളിൽ സജീവമായിരുന്നു. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. സ്കൂൾ കാലഘട്ടം മുതൽ കലയോട് താൽപര്യമുള്ളയാളായിരുന്നു ഗിന്നസ് പക്രു.
സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷൻ പരമ്പരകളിലും ഷോകളുടെയും ഭാഗമായിട്ടുണ്ട് താരം. പൊക്കമില്ലായ്മയെ കഴിവും നിശ്ചയദാർഢ്യവും കൊണ്ട് അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ നേടി. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം എന്നേക്കും ഏറ്റവും വലിയ സമ്പാദ്യമായി കരുതുന്നത് കുടുംബത്തേയാണ്.

2006 മാർച്ചിലായിരുന്നു ഗായത്രി മോഹനുമായുള്ള നടന്റെ വിവാഹം. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പതിനെട്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവരും ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. 2008ല്‍ ആയിരുന്നു ആദ്യത്തെ മകളുടെ ജനനം. ദീപ്ത കീര്‍ത്തി എന്നാണ് മൂത്തമകൾക്ക് ഗിന്നസ് പക്രു പേരിട്ടത്. അച്ഛനും മകളുമെന്ന രീതിയിലല്ല സുഹൃത്തുക്കളെപ്പോലെയാണ് മകളോട് താരം ഇടപെടുന്നത്.
അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടും ദീപ്ത കീർത്തി തന്നെ. 2023ലാണ് ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. രണ്ടാമതും മകൾ തന്നെയാണ് പിറന്നാണ്. ദ്വീജ കീര്‍ത്തി എന്നാണ് ഇളയകുട്ടിയ്ക്ക് കുടുംബം പേരിട്ടത്. ഒന്നിച്ചിട്ട് വര്‍ഷം 18... സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നാണ് ഇക്കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിൽ ഗിന്നസ് പക്രു സോഷ്യൽമീഡിയയിൽ കുറിച്ചത്.
അതേസമയം ഇപ്പോഴിതാ ഗായത്രി തന്റെ ജീവിത പങ്കാളിയായി എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. സിനിപ്ലസ് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രിയെ കണ്ടെത്തിയ കഥ ഗിന്നസ് പക്രു വെളിപ്പെടുത്തിയത്. എന്നെ കല്യാണം കഴിപ്പിക്കണമെന്ന് അമ്മയ്ക്കൊരു താൽപര്യം വന്നു. അങ്ങനെ അമ്മ പലരോടും എന്റെ കല്യാണക്കാര്യം പറഞ്ഞു. അവന് പറ്റിയ ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു.
അങ്ങനെ പറയുന്ന കൂട്ടത്തിൽ പത്തനാപുരത്തുള്ള ഒരു ചേച്ചിയോട് അവന് പറ്റിയ പെൺകുട്ടികളുണ്ടെങ്കിൽ പറയണമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ആ ചേച്ചി എന്റെ ഭാര്യയുടെ വീട്ടിൽ പോയി വിവാഹം നോക്കുന്ന കാര്യം പറഞ്ഞു. നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും ഇങ്ങനൊരു ആൾക്ക് പെൺകുട്ടിയെ കൊടുക്കാൻ താൽപര്യമുണ്ടെങ്കിൽ നിങ്ങൾ ഒന്ന് പറയണേ എന്നാണ് പറഞ്ഞത്.

അല്ലാതെ അവരോട് പെൺകുട്ടിയെ കൊടുക്കാമോയെന്ന് ചോദിച്ചിരുന്നില്ല. അത് കേട്ടപ്പോൾ ഒരു സ്പാർക്ക് എന്റെ ഭാര്യയുടെ മനസിലേക്ക് വരുന്നു. അങ്ങനെ പുള്ളിക്കാരി ഞാൻ വിവാഹം കഴിക്കട്ടേയെന്ന് ചോദിക്കുന്നു. വീട്ടിലുള്ളവരോട് പറഞ്ഞപ്പോൾ ഇത് തമാശയല്ല സീരിയസാണെങ്കിൽ നോക്കി ആലോചിച്ച് വേണം എന്നൊക്കെ പറഞ്ഞു.
ആലോചിക്കണം അല്ലാതെ പിന്നീട് അതൊരു ബുദ്ധിമുട്ടാകരുത് എന്നൊക്കെ പറഞ്ഞ് ഉപദേശിച്ച് പലരും പുള്ളിക്കാരിയെ തീരുമാനത്തിൽ നിന്നും പിന്മാറ്റാനും ശ്രമിച്ചിരുന്നു. അങ്ങനെ പെൺകുട്ടിക്ക് താൽപര്യമാണെന്ന് അറിഞ്ഞപ്പോൾ. കാര്യമായിട്ടുള്ളതാണെങ്കിൽ പോയി കണ്ടേക്കാമെന്ന് ഞാനും വിചാരിച്ചു. അങ്ങനെ പോയി കണ്ടു. പിന്നെ പെട്ടന്ന് തന്നെ ഞങ്ങളുടെ കല്യാണം നടക്കുകയായിരുന്നു എന്നാണ് ഗിന്നസ് പക്രു പറഞ്ഞത്.
സോഷ്യൽമീഡിയയിൽ സജീവമായ ഗിന്നസ് പക്രു കുടുംബ ചിത്രങ്ങളും മക്കളുടേയും ഭാര്യയുടേയും വിശേഷങ്ങളുമെല്ലാം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സ്വന്തം യുട്യൂബ് ചാനലിലൂടെ സ്വപ്നം ഭവനം സ്വന്തമാക്കിയ സന്തോഷം പങ്കിട്ടിരുന്നു താരം. ഒപ്പം വീടിന്റെ വിശേഷം വ്ലോഗായി പങ്കിടുകയും ചെയ്തപ്പോൾ വൈറലായിരുന്നു.


Click it and Unblock the Notifications











