'പൂച്ചയെപ്പോലെ ഇരിക്കുമെങ്കിലും ദേഷ്യക്കാരി, എത്ര ആലോചിച്ചിട്ടും എന്ത് അത്ഭുതമാണ് സംഭവിച്ചതെന്ന് മനസിലായില്ല'
ദാമ്പത്യത്തിന്റെ ഇരുപതാം വർഷത്തിൽ എത്തി നിൽക്കുകയാണ് ഗിന്നസ് പക്രു എന്ന അജയ് കുമാറും ഭാര്യ ഗായത്രി മോഹനും. ഇരുവരുടേയും ലോകം പൊന്നോമനകളായ ദീപ്ത കീർത്തിയും ദ്വിജ കീർത്തിയുമാണ്. ഗായത്രിക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. മക്കളുടെ വിശേഷങ്ങളും പാചക പരീക്ഷണങ്ങളുമെല്ലാമാണ് വ്ലോഗായി ഗായത്രി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ പ്രേക്ഷകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗിന്നസ് പക്രുവും ഗായത്രിയും.
ആദ്യത്തെ ചോദ്യം വീടിന് അക്ഷയ എന്ന പേരിട്ടതിന് പിന്നിലെ കാരണം ചോദിച്ചുകൊണ്ടുള്ളതായിരുന്നു. അക്ഷയ എന്നാണ് വീടിന് നൽകിയ പേര്. അമ്മയാണ് ആ പേര് ഇട്ടത്. ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ് അർത്ഥം. ആ വീട്ടിൽ കയറി കഴിഞ്ഞാൽ ഒരുപാട് സമ്പത്തുണ്ടാകുമെന്നാണ്. അക്ഷയ പാത്രത്തിൽ നിന്നുമാണ് അക്ഷയ എന്ന വാക്ക് എടുത്തത്. എന്റെ ഇതുവരെയുള്ള വീടിന്റെ എല്ലാം പേരും അക്ഷയ എന്നായിരുന്നു പക്രു പറഞ്ഞു.

രണ്ടാമത്തെ ചോദ്യം ഗായത്രിയുമായി വിവാഹം നടന്നതിനെ കുറിച്ച് ആയിരുന്നു. എന്റെ സിനിമ പോലും എന്നെ കാണും മുമ്പ് ഗായത്രി കണ്ടിട്ടില്ല. ഞാൻ ഭാഗമായ ടിവി പ്രോഗ്രാമുകളും കണ്ടിട്ടില്ല. പിന്നെ എങ്ങനെ ഗായത്രിക്ക് എന്നെ ഇഷ്ടമായിയെന്ന് അറിയില്ല. ഇതിനിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. എനിക്ക് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാത്ത എന്തോ ഒരു അത്ഭുതം സംഭവിച്ചിട്ടുണ്ട്.
അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹം നടക്കുമ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞ് നിൽക്കുകയായിരുന്നു ഗായത്രി. അറേഞ്ച്‍ഡ് മാരേജാണ്. പലരും ധരിച്ചിരിക്കുന്നത് ലവ് മാരേജാണെന്നാണ്. നിയോഗം പോലെ സംഭവിച്ച വിവാഹമായിരുന്നു. എന്നെയാണ് ഗായത്രിക്ക് വിധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ യുട്യൂബ് ചാനൽ ആരംഭിച്ചതിന് കുറിച്ചുള്ള ചോദ്യത്തിനും പക്രു മറുപടി നൽകി.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇരുപത് വർഷമായി. അത്രയും കാലത്തിന് ഇടയിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് ഇന്റർവ്യൂസ് കൊടുത്തിട്ടുണ്ട്. അതിൽ മിക്കതിലും ഗായത്രി തീരെ സംസാരിച്ചിട്ടില്ല. ഞാൻ സംസാരിക്കും ഗായത്രി അടുത്ത് വെറുതെ ഇരിക്കും. ഭാര്യ സംസാരിക്കില്ലേയെന്ന് പോലും ചോദിച്ചവരുണ്ട്. ആ ഗായത്രിയാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അത് എനിക്ക് ഞെട്ടലായിരുന്നു. ഞാൻ അറിയാതെ ഷൂട്ട് ചെയ്ത് എന്നെ കാണിക്കുകയായിരുന്നു.
അത് കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നിയപ്പോൾ ചാനൽ തുടങ്ങാൻ ഞാൻ പറഞ്ഞു. തുടക്കത്തിൽ ഗായത്രിയുടെ സംസാരം വാർത്ത വായിക്കുന്നവരുടെ പോലെയായിരുന്നു. അന്ന് ഞാൻ കളിയാക്കുമായിരുന്നു. ഗായത്രി ചാനൽ തുടങ്ങിയത് എനിക്ക് ഇഷ്ടമായി. ഗായത്രി ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞയാളാണ്. പക്ഷെ ഇപ്പോൾ ജോലിക്ക് പോകുന്നില്ല. പിഎസ്സി എഴുതാനും ജോലിക്ക് പോകാനും ഞാൻ പറഞ്ഞിരുന്നു.

പക്ഷെ മോള് കൂടി വന്നശേഷം വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടതുകൊണ്ടും കുഞ്ഞിനെ നോക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്വമായതുകൊണ്ടും അമ്മയുടേയും അച്ഛന്റേയും ഉത്തരവാദിത്വമാണ് കുഞ്ഞിനെ നോക്കുകയെന്ന് പറഞ്ഞാലും ഞാൻ മോളെ നോക്കി വീട്ടിലിരുന്നാൽ മറ്റ് പരിപാടികൾ ഒന്നും നടക്കില്ലല്ലോ. തമ്മിൽ ഭേദം ഗായത്രിയാണെന്ന് തോന്നിയതുകൊണ്ട് കുഞ്ഞിനെ കാര്യം അവൾ നോക്കിയെന്ന് മാത്രം പക്രു പറഞ്ഞു. എന്റെ വീട്ടിൽ ഞാൻ അധിക ദിവസം പോയി നിൽക്കാറില്ല.
ആവശ്യങ്ങൾ വരുമ്പോഴാണ് പോകുന്നത്. കുട്ടികൾ പഠിക്കുന്നതുകൊണ്ട് അവരുടെ സ്കൂളിന് മുടക്കം വരരുതല്ലോ. അമ്മയും അച്ഛനും സഹോദരങ്ങളും ഞങ്ങൾക്കൊപ്പം വന്ന് താമസിക്കാറുണ്ട് ഗായത്രിയും കൂട്ടിച്ചേർത്തു. കൂട്ടത്തിൽ ആർക്കാണ് ഏറ്റവും ദേഷ്യമെന്ന് ചോദിച്ചപ്പോൾ ആദ്യം മറുപടി പറഞ്ഞത് ഗായത്രിയാണ്. ദേഷ്യം കൂടുതൽ വരുന്നത് ചേട്ടനാണ്. എപ്പോഴും ചേട്ടനാണ് വരുന്നതെന്ന് ഗായത്രി പറഞ്ഞു.
എന്നാൽ പക്രു അത് തിരുത്തി. കല്യാണത്തിന് മുമ്പ് ദേഷ്യക്കാരൻ ഞാനായിരുന്നു. ഇപ്പോൾ ഗായത്രിക്കാണ് ദേഷ്യം കൂടുതൽ. മക്കളോട് ചോദിച്ചാൽ അവർ പറഞ്ഞ് തരും. എന്ത് കലിപ്പാണെന്ന് അറിയാമോ?. പൂച്ചപോലെയിരിക്കുന്നുവെന്ന് കരുതണ്ട. എല്ലാ വീട്ടിലേയും അവസ്ഥ തന്നെയാണ് ഇവിടേയും. അത്യാവശ്യം ദേഷ്യമുണ്ടെന്ന് പക്രു പറഞ്ഞു മക്കളോട് ദേഷ്യപ്പെടാത്ത ആരാണുള്ളത്.
പക്ഷെ അജിയേട്ടനോട് ഞാൻ ദേഷ്യപ്പെടാറില്ലെന്ന് ഗായത്രിയും പറഞ്ഞു. ഇടയ്ക്ക് അവിടെ ഇവിടെയൊക്കെ സൗണ്ട് കേൾക്കാറുണ്ടെന്നായിരുന്നു അതിന് മറുപടിയായി പക്രു പറഞ്ഞത്. വീട്ടിൽ വന്ന സമയത്ത് ഒരു വക ചെയ്യാൻ ഗായത്രിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാം പഠിച്ചു. രുചികരമായി ഭക്ഷണം ഉണ്ടാക്കി തരാറുണ്ടെന്നും ഗായത്രിയുടെ പാചകത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പക്രു പറഞ്ഞു.


Click it and Unblock the Notifications











