അഡ്മിഷൻ തരാൻ കഴിയില്ല... വല്ലതും പറ്റിപ്പോയാൽ സമാധാനം പറയാൻ വയ്യ; ഗിന്നസ് പക്രുവിന് ഉണ്ടായ അനുഭവം!
ഒരിടവേളയ്ക്കുശേഷം യുട്യൂബ് ചാനലുമായി ആക്ടീവാകുകയാണ് നടൻ ഗിന്നസ് പക്രു. പുതിയ വീഡിയോയിൽ സ്കൂൾ കാലത്തെ മധുരമുള്ളതും കയ്പേറിയതുമായ അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. നടന്റെ കരിയറിലെ ആദ്യ സിനിമ സംഭവിച്ചതും സ്കൂൾ കാലത്താണ്. എന്റെ യഥാർത്ഥ പേര് അജയ്കുമാർ ആർ എന്നാണ്. അച്ഛൻ രാധാകൃഷ്ണപിള്ള. അമ്മ അംബുജാക്ഷിയമ്മ. കൊല്ലത്താണ് എന്റെ ജനനം. സാമ്പത്തികമായി വളരെ പിന്നോക്ക നിൽക്കുന്ന കുടുംബമായിരുന്നു.
അച്ഛനും അമ്മയും കോട്ടയത്ത് വെച്ചാണ് കണ്ടുമുട്ടിയതും പ്രണയത്തിലായതും. രണ്ട് സഹോദരിമാരാണ് എനിക്ക്. അമ്മയുടെ ജോലി കാരണമാണ് കൊല്ലത്ത് നിന്ന് കോട്ടയത്തേക്ക് വരുന്നത്. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ കാലത്തിനുള്ളിൽ ഒരുപാട് വാടക വീടുകളിൽ ഞാൻ മാറി മാറി താമസിച്ചിട്ടുണ്ട്. അന്ന് മുതലുള്ള വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്.

നിരവധി വാടക വീടുകളിൽ താമസിച്ചിട്ടുള്ളത് കൊണ്ട് തന്നെ പോകുന്നിടത്തെല്ലാം ഒരുപാട് സുഹൃത്തുക്കളെ കിട്ടി. കുട്ടിക്കാലത്ത് ഞാൻ വീട്ടിൽ അടങ്ങി ഇരിക്കാറില്ലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും. രൂപത്തിൽ ചെറുതായതുകൊണ്ട് തന്നെ റിസ്ക്ക് പിടിച്ച കളികളിൽ ഒന്നും ഏർപ്പെട്ടിരുന്നില്ല. പകരം ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കും. എന്നെ മാറ്റി നിർത്താതെ അവർ എപ്പോഴും ചേർത്ത് നിർത്തിയിരുന്നു.
സ്കൂളിൽ ചേർന്നപ്പോഴാണ് ജീവിതത്തിലെ ടേണിങ് പോയിന്റ് ഉണ്ടായത്. ടീച്ചേഴ്സ് എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. ഞാൻ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നു. മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിടുമോ, അപകടം പറ്റുമോ എന്നൊക്കെയുള്ള പേടിയായിരുന്നു. മകനെപ്പോലെ നോക്കികോളാമെന്ന് ടീച്ചേഴ്സ് അമ്മയ്ക്ക് ഉറപ്പ് നൽകി. അത് അവർ പാലിക്കുകയും ചെയ്തു. പ്രേത്യക പരിഗണനയും ഉണ്ടായിരുന്നു.
അത് ഞാൻ ഉഴപ്പി മുതലാക്കിയിട്ടുമുണ്ട്. നാലാം ക്ലാസിൽ എത്തിയപ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. കഥാപ്രസംഗമാണ് അവതരിപ്പിച്ചത്. വലിയ കരഘോഷമായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള കഴിവുണ്ടെന്ന് അന്നാണ് മനസിലായത്. ബെസ്റ്റ് പെർഫോമർക്കുള്ള സമ്മാനമായി നിലവിളക്കും കിട്ടി. ആദ്യം കിട്ടിയ അംഗീകാരം. ഞാൻ സിനിമയിലേക്കുള്ള വഴി കണ്ടെത്തിയത് വഴി പറഞ്ഞ് കൊടുത്താണ്.
ആദ്യമായി കണ്ട താരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണ്. ഇവർക്കൊപ്പമായിരുന്നു ആദ്യ സിനിമ. അത്ഭുതദ്വീപിൽ രാജഗുരുവായി അഭിനയിച്ച വെട്ടൂർ പുരുഷൻ ചേട്ടനും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശിഷ്യൻ റോളായിരുന്നു എനിക്ക്. ആ സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി.

ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്. പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക് എന്നും പോയിരുന്നത്. സിനിമ ക്രൂവിട്ട കാറായിരുന്നു അത്. ആ കാർ യാത്രയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ആ സിനിമ റിലീസിന് വന്നപ്പോൾ എന്റെ ഭാഗം അതിലുണ്ടായിരുന്നില്ല. അവർ കട്ട് ചെയ്ത് കളഞ്ഞിരുന്നു. അന്ന് ഞാൻ തകർന്ന് പോയി.
സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു എന്റെ സങ്കടം. ആ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിക്കുകയും ഫൈറ്റ് ചെയ്യുകയുമെല്ലാം ഞാൻ ചെയ്തിരുന്നു. അഞ്ചാം ക്ലാസായപ്പോൾ ഞാൻ സിഎംഎസ് ഹൈസ്കൂൾ ചുങ്കത്ത് അഡ്മിഷൻ എടുക്കാനായി ചെന്നു. എന്നെ കണ്ടതും പ്രധാന അധ്യാപകൻ പറഞ്ഞു ഈ കുട്ടിക്ക് അഡ്മിഷൻ തരാൻ കഴിയില്ല. കാരണം വലിയ കുട്ടികൾ തട്ടിയിട്ട് വല്ലതും പറ്റിപ്പോയാൽ എനിക്ക് ഉത്തരം പറയാൻ പറ്റില്ലെന്ന്.
ഒരുപാട് പടികൾ ഉള്ള സ്കൂളാണ് ഇതെന്ന് പറഞ്ഞു. എനിക്ക് അത് കേട്ട് ഒന്നും തോന്നിയില്ല. പക്ഷെ അമ്മയുടെ കണ്ണ് നിറഞ്ഞ്. ഒരു തുള്ളി എന്റെ കയ്യിൽ വീണു. അങ്ങനെ ടൗണിലെ എന്റെ പഠനം അവസാനിച്ചു. പിന്നീട് ഗ്രാമത്തിലുള്ള ഒരു സ്കൂളിലാണ് പഠിച്ചത് അനുഭവം പങ്കുവെച്ച് നടൻ പറഞ്ഞു.


Click it and Unblock the Notifications











