വമ്പന്‍ ബജറ്റു കൊണ്ടുള്ള വെടിക്കെട്ടില്ല, താരപകിട്ടുമില്ല! ഗിന്നസ് പക്രുവിന്റെ ഇളയരാജയ്ക്ക് ക്ലീൻ യൂ
മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മാധവ് രാമദാസിന്റെ മൂന്നാമത്തെ ചിത്രമാണ് 'ഇളയരാജ'. ആദ്യ രണ്ട് സിനിമകളില്‍ ഒന്നില്‍ സുരേഷ് ഗോപിയും ജയസൂര്യയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇളയ രാജയില്‍ ഗിന്നസ് പക്രു മുഖ്യവേഷത്തിലെത്തുന്നത്. നേരത്തെ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇളയരാജയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഇക്കാര്യം പറഞ്ഞ് സിനിമയുടെ തിരക്കഥാകൃത്തായ സുദീപ് ടി ജോര്‍ജ് ഫേസ്ബുക്കിലെഴുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സിനിമയെ കുറിച്ചും സെന്‍സറിംഗിന് പോയി നിന്നപ്പോള്‍ അനുഭവിക്കേണ്ടി വന്ന അസ്വസ്ഥതകളെ കുറിച്ചുമാണ് സുദീപ് പറഞ്ഞിരിക്കുന്നത്.

സുദീപിന്റെ വാക്കുകളിലേക്ക്..
ഇളയരാജ'യുടെ ജനനസര്‍ട്ടിഫിക്കറ്റ് കാത്ത് ഒരു പകല്‍. അന്യന്റെ വാക്കുകള്‍ സംഗീതം പോലെ മുഴങ്ങിക്കേള്‍ക്കുന്ന കാലം വരുമെന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ആ സംഗീതത്തിന് ഇത്ര മധുരമായ ഈണമുണ്ടാകുമെന്നറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. പറഞ്ഞു വരുന്നത് ഒരു കാത്തു നില്പിന്റെ കഥയാണ്. എഴുതുന്നയാള്‍ എന്ന നിലയില്‍ കഥ വരുന്നതും കാത്ത് നാളുകളൊരുപാട് ഇരുന്നിട്ടുണ്ടെങ്കിലും തിരക്കഥാകാരന്‍ (അങ്ങനെയൊന്നും പറയാറായിട്ടില്ലെങ്കിലും) എന്ന നിലയ്ക്ക് ഇത് ആദ്യത്തെ അനുഭവം. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്തുള്ള സ്റ്റുഡിയോയാണ് ' ലൊക്കേഷന്‍'. സ്റ്റുഡിയോയ്ക്കുള്ളിലെ തിയറ്ററിനു മുന്നില്‍ ആകാംക്ഷയോടെ നില്‍ക്കുകയാണ് ഞങ്ങള്‍ നാലു പേര്‍. ഞങ്ങളെന്നു വെച്ചാല്‍ 'ഇളയരാജ 'യുടെ സംവിധായകന്‍ മാധവ് രാമദാസനും നിര്‍മ്മാതാക്കളായ സജിത്തേട്ടനും(സജിത്കൃഷ്ണ) ജയേട്ടനും (ജയരാജ് ടി. കൃഷ്ണന്‍ ) പിന്നെ ഞാനും. തിയറ്ററില്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ മറ്റൊരു സിനിമയുടെ സ്‌ക്രീനിങ്ങ് നടക്കുകയാണ്. ഉച്ചയോടെ അത് അവസാനിച്ചു. അധികം വൈകാതെ തന്നെ അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് 'ഇളയരാജ ' കണ്ടു തുടങ്ങി.

എന്റെ തിരക്കഥ ആദ്യമായി സിനിമയാവുകയാണ്
ഇരുപ്പുമുറിയിലെ എല്ലാ ഫാനുകളും ഒന്നിച്ചു കറക്കിയിട്ടും കാറ്റെനിക്ക് പോരെന്നു തോന്നി. രാമദാസിനും സജിത്തേട്ടനും ജയേട്ടനും ഇത് ആദ്യത്തെ അനുഭവമല്ലാത്തതു കൊണ്ട് ഇത്രമേല്‍ വേവലാതി കാണില്ല. പക്ഷേ, എനിക്കങ്ങനെയല്ലല്ലോ. എന്റെയൊരു തിരക്കഥ ആദ്യമായി സിനിമയാവുകയാണ്. ഞങ്ങളുടെ ടീമിലുളളവര്‍ അല്ലാത്ത ആദ്യത്തെ 'അന്യസംഘം' തിയറ്ററിലെ ഇരുട്ടിലിരുന്ന് ആ സിനിമ കാണുകയാണിപ്പോള്‍. കണ്ടിറങ്ങുമ്പോള്‍ എന്താവും അവര്‍ പറയുക? എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരുമോ? സംഭാഷണങ്ങള്‍ ഏതെങ്കിലും 'മ്യൂട്ട് ' ചെയ്യേണ്ടി വരുമോ? പുറത്ത് നല്ല വെയിലാണ്. പക്ഷേ, ' ഉള്ളിലെ' ചൂട് അതിലും മീതെയായിരുന്നതിനാല്‍ ഞാന്‍ സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി മുറ്റത്തൂടെ നടന്നു.

ഇളയരാജയെ കടലാസിലാക്കി
ജോലി രാജി വെച്ചതിനു ശേഷമുള്ള വര്‍ഷങ്ങള്‍ ഓടിപ്പോയത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇതിനിടയില്‍ പല വഴികളിലും നടന്നു. പല നാടുകളിലും വസിച്ചു. ഷൊര്‍ണ്ണൂരിലും ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും കൊച്ചിയിലും തൃശ്ശൂരിലുമൊക്കെയിരുന്ന് മാധവ് രാമദാസനും ഞാനും പല കഥകളും ആലോചിച്ചു. പല തിരക്കഥകളും എഴുതി. ഒടുവില്‍ 2017 ന്റെ അവസാന മാസങ്ങളില്‍ ഞങ്ങള്‍ 'ഇളയരാജ 'യില്‍ എത്തി. എഴുതിത്തയ്യാറാക്കിയ കഥയുമായാണ് രാമദാസന്‍ എന്ന രാമന്‍ വന്നത്. അധികം വൈകാതെ തന്നെ രാമനും ഞാനും വീണ്ടും ഇരിങ്ങാലക്കുടയിലേക്ക്... അവിടുത്തെ സര്‍ക്കാര്‍ റെസ്റ്റ് ഹൗസിന്റെ ഒന്നാം നിലയിലെ മരത്തണലിലുള്ള മുറിയിലിരുന്ന് 'ഇളയരാജയെ' കടലാസിലാക്കി തുടങ്ങി. പക്ഷേ, ക്ലൈമാക്‌സ് പൂര്‍ത്തിയാവും മുമ്പ് എഴുത്തുകാരന്‍' ആശുപത്രിയിലായി. ചെറിയ രണ്ട് സര്‍ജറികള്‍, കുറഞ്ഞ കാലത്തെ ആശുപത്രിവാസം, വീട്ടില്‍ രണ്ടു മാസത്തോളം നീണ്ട വിശ്രമം...

ഒടുവില്‍ സിനിമ പൂര്‍ത്തിയായി
ഇതിനിടയില്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ പുതിയ വര്‍ഷത്തിന് രണ്ടു രണ്ടര മാസം പ്രായമായിരുന്നു. വേനല്‍ച്ചൂടില്‍ ഷൂട്ടിങ്ങ് തുടങ്ങി. തൃശ്ശൂരിലും ചുറ്റുവട്ടങ്ങളിലുമായി മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കി. ഒറ്റ ഷെഡ്യൂളില്‍ 35 ദിവസത്തെ ചിത്രീകരണം. പിന്നെ, പോസ്റ്റ് പ്രൊഡക്ഷന്റെ, സ്റ്റുഡിയോ ദിനങ്ങള്‍. രാമദാസനും സജിത്തേട്ടനും ജയേട്ടനും ഹരീഷും സോണിയേട്ടനും ശ്രീനിവാസനും സജീവും മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനും കൂടപ്പിറപ്പുമായ സി.ശ്രീകാന്തും (പേരുകള്‍ അവസാനിക്കുന്നില്ല) എല്ലാം ഒറ്റക്കെട്ടായി അദ്ധ്വാനിച്ച നീണ്ട മാസങ്ങള്‍ക്കൊടുവില്‍ സിനിമ പൂര്‍ത്തിയായി.

സെന്‍സര്‍ ബോര്‍ഡിന്റെ വിധി
ചില ചില കാലങ്ങളില്‍ നമ്മളെയൊക്കെ കെട്ടിപ്പിടിച്ച്, ജീവിതത്തില്‍ നിന്ന് പൊട്ടിപ്പോവാതെ ചേര്‍ത്തുനിര്‍ത്താന്‍ ചിലതൊക്കെയുണ്ടാവും. അതു ചിലപ്പോള്‍ എഴുത്താവാം, സിനിമയാവാം, ചുറ്റുമുള്ള ചില 'സ്‌നേഹങ്ങളാവാം'. ചിലപ്പോള്‍ ഇവയെല്ലാമാവാം. ഇതെല്ലാം ചേര്‍ന്ന് നമുക്ക് പിന്നീട് ചില സമ്മാനങ്ങളും തരും. അലച്ചിലിന്റെ, ഒറ്റപ്പെടലിന്റെ ആ ആതുരകാലം തന്ന സമ്മാനമാണ് സെന്‍സര്‍ ബോര്‍ഡ് വിധി പറയുന്നതും കാത്ത് കറുത്ത ഇരുട്ടിലെ വെളുത്ത സ്‌ക്രീനില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്...

ആശ്വാസം നല്‍കിയ മറുപടി
കാത്തിരിപ്പിനൊടുവില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ തിയറ്ററിന്റെ വാതില്‍ തുറന്നു. കണ്ടുപരിചയമില്ലാത്ത ഒരാളാണ് ഇറങ്ങി വന്നത്. 'അരാണിതിന്റെ ഡയറക്ടര്‍? 'അദ്ദേഹം ചോദിച്ചു. രാമദാസന്‍ മുന്നോട്ടു ചെന്നപ്പോള്‍, കൈയ് പിടിച്ചു കുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു 'നല്ല സിനിമയാണല്ലോ!' ഡയറക്ടറുടെ കൈയിലെ പിടി വിടാതെ അദ്ദേഹം പിന്നെയും പല കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. ദക്ഷിണാമൂര്‍ത്തി ഈണമിട്ട് യേശുദാസ് പാടിയ ഒരു പാട്ടു കേള്‍ക്കുന്ന പോലെയാണ് ഞാനത് കേട്ടുനിന്നത്. അടുത്ത നിമിഷം തന്നെ സെന്‍സര്‍ ബോര്‍ഡ് ഞങ്ങളെ തിയറ്ററിനുളളിലേക്ക് വിളിപ്പിച്ചു. ഒഴിവാക്കേണ്ടതായ യാതൊന്നും ചിത്രത്തിലില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ആശ്വാസമായി.

വമ്പന്‍ ബജറ്റു കൊണ്ടുള്ള വെടിക്കെട്ടില്ല
മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മാധവ് രാമദാസിന്റെ മൂന്നാമത്തെ ചിത്രമാണ് 'ഇളയരാജ'. പ്രമേയത്തിന്റെയും ട്രീറ്റ്‌മെന്റിന്റെയും കാര്യത്തില്‍ ഈ രണ്ടു സിനിമകളില്‍ നിന്നും മാറി നില്‍ക്കുന്ന 'ഇളയരാജ' പ്രേക്ഷകരുടെ ഹൃദയത്തോട് ഒട്ടിനില്‍ക്കുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതില്‍ താരപ്പകിട്ടില്ല. വമ്പന്‍ ബജറ്റു കൊണ്ടുള്ള വെടിക്കെട്ടില്ല. പക്ഷേ, ഇതില്‍ മനുഷ്യരുണ്ട്. വേലിച്ചെടികളില്‍ പൂത്ത പൂക്കള്‍ പോലുള്ള മനുഷ്യര്‍. എന്തായാലും ഒരുപാട് കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞങ്ങളുടെ സിനിമ സംഭവിച്ചിരിക്കുന്നു. 'ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും' കിട്ടിക്കഴിഞ്ഞു. ഇനി ചെറുതല്ലാത്ത സന്തോഷത്തോടെ പറയാം... ഇതാ ഇളയരാജ വരുന്നു; നിങ്ങളെ കാണാന്‍, നിങ്ങള്‍ക്കു കാണാന്‍. കാണണേ...


Click it and Unblock the Notifications











