ഒടുവിൽ ഹൻസികയ്ക്ക് ഡിവോഴ്സ്, ഒന്നിച്ച് കഴിഞ്ഞത് കുറച്ച് കാലം; പിരിഞ്ഞതിന് കാരണങ്ങളിങ്ങനെ
സിനിമാ ലോകത്ത് നിന്നും മറ്റൊരു വിവാഹമോചന വാർത്തകൂടി പുറത്ത് വന്നിരിക്കുന്നു. നടി ഹൻസിക മോട്വാണിയും സൊഹെെൽ കതൂരിയയുമാണ് നിയമപരമായി വേർപിരിഞ്ഞിരിക്കുന്നത്. മുംബെെയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതപ്രകാരമാണ് വേർപിരിയൽ. ജീവനാംശത്തിന് ഹൻസിക ആവശ്യമുന്നയിച്ചിട്ടില്ല. അഭിഭാഷകൻ അദ്നാൻ ശെെഖ് ആണ് കോടതി വിസ്താരണയിൽ ഹൻസികയ്ക്ക് വേണ്ടി ഹാജരായത്. ഹൻസികയും സുഹെെലും ഒരുമിച്ച് കുറച്ച് കാലം മാത്രമേ താമസിച്ചിട്ടുളളൂ. അവരുടെ സ്വഭാവങ്ങളിലും അഭിപ്രായങ്ങളിലും ജീവിത ശെെലിയിലും കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന് ക്രമേണ മനസിലാക്കി.
പല തവണ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഹർജിയിൽ പറയുന്നത് പ്രകാരം ചെറിയ കാര്യങ്ങൾക്ക് പോലും ദമ്പതികൾ പ്രശ്നമുണ്ടാക്കിയെന്നും ഇത് ഒരു വീട്ടിൽ കഴിയുന്നത് ഇരുവർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിയിൽ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്നങ്ങൾ പരിഹരിക്കാനും ഒരുമിച്ച് താമസിക്കാനും ഉപദേശിച്ചു. എന്നാൽ ഈ ശ്രമം നടന്നില്ല. 2024 ജൂലെെ 2 മുതൽ ഇരുവരും മാറി താമസിക്കുകയായിരുന്നു. മ്യൂച്ചൽ ഡിവോഴ്സിന് ഹൻസികയും സൊഹെെലും ചർച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. 2022 ഡിസംബർ നാലിനായിരുന്നു ഇവരുടെ വിവാഹം.

സൊഹെെലിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തുമായിരുന്നു. സൊഹെെലിന്റെ ആദ്യ വിവാഹത്തിന് അന്ന് അതിഥി ആയി ഹൻസിക എത്തിയിരുന്നു. ഈ വീഡിയോ ഹൻസികയുടെ വിവാഹ സമയത്ത് പ്രചരിക്കുകയും ചെയ്തു. സൊഹെെലിനെ നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹ ബന്ധം തകർന്നതിന് താൻ കാരണമല്ലെന്നാണ് ഹൻസിക അന്ന് പറഞ്ഞത്. തന്റെ ആദ്യ വിവാഹ ബന്ധം കുറച്ച് കാലം മാത്രമേ നീണ്ട് നിന്നിരുന്നുള്ളൂയെന്നും ഹൻസിക കാരണമല്ല പിരിഞ്ഞതെന്നും സൊഹെെലും പറഞ്ഞു.
ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്വാണിയുടെയും വിവാഹ ബന്ധം പ്രശ്നകലുഷിതമായാണ് അവസാനിച്ചത്. പ്രശാന്തിന്റെ ഭാര്യ മുസ്കാൻ ജെയിംസ് ഹൻസിക മോട്വാണിക്കെതിരെ രംഗത്ത് വന്നു. ഹൻസികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടൽ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്ന് ആരോപിച്ച് മുസ്കാൻ ജെയിംസ് പരാതി നൽകി. ഇരുവരും തന്നിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു.
വിവാഹമോചനത്തെക്കുറിച്ച് ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല. സൊഹെെലിനൊപ്പമുള്ള ഫോട്ടോകൾ ഹൻസിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കിയിട്ടുണ്ട്. അന്ന് തൊട്ടേ ഇവർ തമ്മിൽ അകൽച്ചയിലാണെന്ന് അഭ്യൂഹം വന്നിരുന്നു. വിവാഹ ശേഷം സൊഹെെലിനും ഇദ്ദേഹത്തിന്റെ വീട്ടുകാർക്കുമൊപ്പമാണ് ഹൻസിക താമസിച്ചത്. ഒന്നിച്ച് കഴിയുന്നതിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും ഇതേ ബിൽഡിംഗിൽ ഹൻസികയും സൊഹെെലും മാറി താമസിച്ചിട്ടും പ്രശ്നങ്ങൾ തുടർന്നെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞത്.


Click it and Unblock the Notifications
















