»   » ഈ മൗനത്തിൻറെ അർത്ഥം എന്താണ് മഞ്ജൂ... സഹനശക്തി സമ്മതിച്ചു!, പിറന്നാളുകാരിയെ കുറിച്ച് ചിലത്...

ഈ മൗനത്തിൻറെ അർത്ഥം എന്താണ് മഞ്ജൂ... സഹനശക്തി സമ്മതിച്ചു!, പിറന്നാളുകാരിയെ കുറിച്ച് ചിലത്...

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് എന്നല്ല, സ്ത്രീകൾക്ക് തന്നെ മാതൃകയാണ് മഞ്ജു വാര്യർ എന്ന അഭിനേത്രി. ഇന്ന്, സെപ്റ്റംബർ 10 മഞ്ജു വാര്യരുടെ ജന്മ ദിനമാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും അധികം ആഘോഷങ്ങളൊന്നും കാണുന്നില്ല. പുതിയ ചിത്രമായ ഉദാഹരണം സുജാത മഞ്ജുവിൻറെ പിറന്നാൾ പ്രമാണിച്ച് ടീസർ പുറത്തിറക്കി. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിയ്ക്കുന്നത്.

നിവിൻ പോളിയോടുള്ള അടങ്ങാത്ത ഇഷ്ടം, ആഗ്രഹം സാധിച്ച സന്തോഷത്തിൽ താരപുത്രി!!

മലയാളത്തിൻറെ സൂപ്പർ ലേഡി എന്ന് ഒരു മടിയും കൂടാതെ വിളിക്കാൻ കഴിയുന്ന നടിയാണ് മഞ്ജു വാര്യർ. അഭിനയം കൊണ്ട് മാത്രമല്ല, ജീവിതം കൊണ്ടും മാതൃകയാണ് മഞ്ജു. പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും ചിരിച്ച മുഖവുമായി ശാന്തയായി നിന്നു മഞ്ജു. ഈ പിറന്നാൾ ദിനത്തിൽ മഞ്ജുവിൻറെ ജീവിതത്തിലൂടെയും സിനിമയിലൂടെയും ഒന്ന് സഞ്ചരിയ്ക്കാം..

തമിഴ്നാട്ടുകാരി

ആദ്യം ഒരു സത്യം പറയാം, മലയാളികൾ സ്വന്തം എന്ന് പറയുന്ന മഞ്ജു വാര്യർ ജന്മം കൊണ്ട് മലയാളിയല്ല! 1978 സെപ്റ്റംബര്‍ പത്തിന് നാഗര്‍കോവിലാണ് മഞ്ജുവിന്റെ ജനനം. നാഗര്‍കോയിലെ റീജണല്‍ ഓഫീസില്‍ ജോലിയായിരുന്നു അച്ഛന്‍ മാധവന്‍ വാര്യര്‍ക്ക്. നാഗര്‍കോവിലെ സിഎസ്‌ഐ മട്രികുലര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മഞ്ജു പഠിച്ചതും. തുടര്‍ന്ന് കണ്ണൂരിലേക്ക് താമസം മാറുകയായിരുന്നു.

പഠനകാലത്ത് കലാകാരി

ചെറുപ്പം മുതലേ പ്രതിഭ തെളിയിച്ച കലാകാരിയാണ് മഞ്ജു വാര്യർ. സ്കൂൾ പഠനകാലത്ത് രണ്ട് തവണ കേരള സംസ്ഥാന യുവജനോത്സവത്തിൽ കലാതിലകപ്പട്ടമണിഞ്ഞു.

സിനിമയിലേക്ക്

ഇന്ന് മോഡലിങ് രംഗത്ത് നിന്നാണ് നായികമാർ സിനിമയിലെത്തുന്നത്. എന്നാൽ അന്ന് സ്കൂൾ കലോത്സവങ്ങളാണ് വാതിൽ. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മഞ്ജു സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചു. 1996 ൽ സല്ലാപത്തിലൂടെയാണ് നായികയാകുന്നത്.

മൂന്ന് വർഷം 20 സിനിമകൾ

തുടർന്ന് മൂന്ന് വർഷം മഞ്ജു മലയാള സിനിമയിൽ നിറഞ്ഞു നിന്നു. കുസൃതിക്കാരിയായും വാശിക്കാരിയായും കരുത്തുള്ളവളായും മഞ്ജു പ്രേക്ഷകർക്ക് മുന്നിലെത്തി. 20 സിനിമകൾ കൊണ്ട് മലയാള സിനിമ കീഴടക്കി എന്നു തന്നെ പറയാം.

സഹതാരങ്ങളുടെ പ്രശംസ

തൻറെ പതിനഞ്ചാം വയസ്സിലാണ് മഞ്ജു സിനിമയി. എത്തുന്നത്. 20 വയസ്സിനുള്ളിൽ 20 സിനിമ പൂർത്തിയാക്കി. ഒരു ഇരുപതുകാരിയുടെ അഭിനയത്തെ കണ്ട് മലയാള സിനിമയിലെ സീനിയർ താരങ്ങൾ പോലും മിഴിച്ചു നിന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ തിലകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്, 'ആ കുട്ടി മടങ്ങി വരുമ്പോൾ എനിക്ക് അത് കാണണം.. ആ അഭിനയത്തിൽ നിന്ന് പലതും പഠിക്കാനുണ്ട്' എന്നാണ് അഭിനയത്തിൻറെ പെരുന്തച്ചൻ പറഞ്ഞത്.

പുരസ്കാരങ്ങൾ

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

ദിലീപിനൊപ്പമുള്ള വിവാഹം

മലയാള സിനിമയിൽ വിപ്ലവമായിരുന്നു ആ വിവാഹം. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കി മഞ്ജു ദിലീപിനൊപ്പം ഒളിച്ചോടി. മഞ്ജുവിനെ കാണാനില്ല എന്ന് പറഞ്ഞ് പത്രവാർത്ത വരെ വന്നു. പിന്നീടാണ് ദിലീപിനൊപ്പം ഒളിച്ചോടിയെന്ന് സ്ഥിരീകരിച്ചത്.

ദാമ്പത്യത്തിലേക്ക് കടന്നു

പിന്നെ പതിനാല് വർഷം മഞ്ജുവിനെ ആരാധകർ കണ്ടില്ല. ദിലീപിനൊപ്പം സുന്ദരമായ ഒരു ദാമ്പത്യം നയിക്കുകയായിരുന്നു മഞ്ജു. മീനാക്ഷി കൂടെ വന്നതോടെ മഞ്ജു തിരക്കിലായി. മഞ്ജു മടങ്ങി വരുമോ എന്ന് ചോദിച്ചവരോട് ഇല്ല എന്ന് ദിലീപ് വ്യക്തമായി പറഞ്ഞു. മഞ്ജുവിൻറെ മടങ്ങി വരവ് ആഗ്രഹിച്ചുവെങ്കിലും, ദാമ്പത്യം തകരരുത് എന്നുള്ളത് കൊണ്ട് ആരും നിർബന്ധിച്ചില്ല.

മലയാളത്തിലെ മികച്ച നടി

വർഷങ്ങളോളം ഇൻറസ്ട്രിയിൽ നിന്നവർക്ക് പോലും നേടാൻ കഴിയാത്ത ആരാധകരെ മൂന്ന് വർഷം കൊണ്ട് മഞ്ജു നേടിയെടുത്തിരുന്നു. സിനിമയിൽ പോലും, ഏതെങ്കിലും നായികമാരാടോ ഇഷ്ട നടി ആരാണെന്ന് ചോദിച്ചാൽ മഞ്ജു വാര്യർ എന്നുത്തരം. മഞ്ജുവിൻറെ അസാന്നിധ്യത്തിലാണിതെന്ന് ഓർക്കണം.

മടങ്ങിവരവ്

എങ്ങനെയാണോ മഞ്ജു ഇൻറസ്ട്രിയിൽ നിന്ന് അപ്രത്യക്ഷയായത് അത് പോലെ പെട്ടന്നായിരുന്നു മടങ്ങി വരവും. കല്യാൺ ജ്വല്ലേഴ്സിൻറെ പരസ്യ ചിത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു തിരിച്ചെത്തി. കേരളക്കര അതേറ്റെടുത്തു. ഒരു നായിക നടിയ്ക്കും നൽകാത്ത സ്വീകരണം മഞ്ജുവിന് നൽകി.

ഹൌ ഓൾഡ് ആർ യു എന്ന ചിത്രം

പരസ്യത്തിന് പിന്നാലെ സിനിമയിലേക്കും മഞ്ജു എത്തി. മുഴുവൻ സ്ത്രീ ജനങ്ങൾക്കും പ്രചോദനം നൽകിക്കൊണ്ട് ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ് ആയി. ചിത്രം ഗംഭീര വിജയം. മഞ്ജുവിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ജനം വിധിയെഴുതി.

കൈ നിറയെ ചിത്രങ്ങൾ

തിരിച്ചുവന്ന മഞ്ജു കുറേ കൂടെ പക്വതയിൽ എത്തിയിരുന്നു. കൈ നിറയെ സിനിമകളായി. അതിലെല്ലാം അഭിനയ പ്രാധാന്യമുള്ള നായികാ വേഷങ്ങളും. 35 കഴിഞ്ഞിട്ടും മലയാളത്തിൽ നായിക നിരയിൽ ഒരു സ്ത്രീക്ക് നിൽക്കാൻ കഴിയുക എന്നത് തന്നെ സിനിമാ ലോകത്ത് കൌതുകമാണ്. അവിടെയാണ് മഞ്ജു സൂപ്പർ താരമായി വളർന്നത്.

ദാമ്പത്യം തകർന്നു

സിനിമയിലേക്ക് ശക്തമായി മടങ്ങി വന്നപ്പോഴേക്കും മഞ്ജിവിന് തൻറെ ദാമ്പത്യ ജീവിതം നഷ്ടപ്പെട്ടിരുന്നു. ദിലീപുമായുള്ള പതിനാല് വർഷത്തെ ദാമ്പത്യ ജീവിതം ഡൈവേഴ്സിൽ അവസാനിച്ചു. മകൾക്ക് അച്ഛനൊപ്പം നിൽക്കണം എന്ന് പറഞ്ഞപ്പോൾ പൂർണ മനസ്സോടെ മഞ്ജു സമ്മതിച്ചു.

വിവാദങ്ങൾ വിടാതെ

വിവാഹ മോചനം സംഭവിച്ചതോടെ പല കഥകളും മഞ്ജുവിൻറെ പേരിൽ മെനഞ്ഞുണ്ടാക്കി. മഞ്ജുവിൻറ സുഹൃത്തുക്കളെയും വിഷയത്തിലേക്ക് വലിച്ചിഴച്ചു. പലരുമായി ഗോസിപ്പ് അടിച്ചിറക്കി. എന്നാൽ മൌനമായിരുന്നു എല്ലാത്തിനും മഞ്ജുവിൻറെ മറുപടി. ചിരിച്ച മുഖവുമായി മഞ്ജു തൻറെ തിരക്കുകളിൽ ജീവിച്ചു.

സിനിമയ്ക്ക് പുറമെ

സിനിമയിൽ മാത്രമല്ല, സാമൂഹ്യ സേവനങ്ങൾക്ക് വേണ്ടിയും മഞ്ജു സമയം കണ്ടെത്തി. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് മഞ്ജു സഹായമായി. സ്ത്രീകൾക്ക് പ്രചോദനമായി. പുസ്തകം എഴുതി. സർക്കാർ പദ്ധതികളിൽ ബ്രാൻറ് അംബാസിഡറായി... നൃത്ത ലോകത്തും സജീവമായി

ചിരിക്കുന്ന മുഖം..

മറ്റ് താരങ്ങളെ പോലെ മഞ്ജു എവിടെയും തൻറെ വേദനകൾ പങ്കുവച്ചിട്ടില്ല. ഒരു വാക്ക് കൊണ്ടു പോലും ദിലീപിനെ കുറ്റപ്പെടുത്തിയിട്ടില്ല. ജീവിതത്തെയോ താനെടുത്ത തീരുമാനത്തെയോ പഴിച്ചിട്ടില്ല. മകളും ഭർത്താവുമൊക്കെ ഒറ്റപ്പെടുത്തിയിട്ടും മഞ്ജു ചിരിച്ച മുഖവുമായി നിന്നു. മലയാളത്തിൻറെ സൂപ്പർ ലേഡിക്ക് ഫിൽമിബീറ്റിൻറെ പിറന്നാൾ ആശംസകൾ

English summary
Happy birthday Manju Warrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam