മക്കളെ സ്നേഹിക്കുന്നതിന് പരിധിയുണ്ട്; അവരുടെ പ്രതികരണം വേദനിപ്പിച്ചേക്കാം; മോഹൻലാലിന്റെ വാക്കുകൾ
പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ദിനമാണിന്ന്. 64 വയസ് പൂർത്തിയായിരിക്കുകയാണ് മലയാളത്തിലെ മഹാനടന്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്. വർഷങ്ങൾ നീണ്ട കരിയർ ഗ്രാഫിലെ ഉയർച്ച താഴ്ചകളും അവിസ്മരണീയ പ്രകടനങ്ങളുമെല്ലാം പിറന്നാൾ ദിനത്തിൽ ആരാധകർ ചർച്ചയാക്കുന്നു. കരിയറിനൊപ്പം ജീവിതത്തോടുള്ള മോഹൻലാലിന്റെ കാഴ്ചപ്പാടുകളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ആത്മീയതയിൽ വിശ്വസിക്കുന്ന മോഹൻലാൽ പല കാര്യങ്ങളിലും ചില ഫിലോസഫികൾ പിന്തുടരുന്നു.
വളരെ ഡിറ്റാച്ച്ഡ് ആയിട്ടുള്ള ആളാണ്. എല്ലാ ബന്ധങ്ങളിലും തനിക്കത് ഉണ്ടെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകനെയും മകളെയും സ്നേഹിക്കാൻ ഒരു പരിധിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ കൂടുതൽ എപ്പോഴും അവരെക്കുറിച്ച് ആലോചിച്ച് അവരിൽ നിന്ന് മോശമായ പ്രതികരണം ഉണ്ടായാൽ നമ്മൾ കൂടുതൽ വേദനയിലേക്ക് പോകും. ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെയാണെന്ന് മോഹൻലാൽ വ്യക്തമാക്കി.

മക്കളെക്കുറിച്ച് ഒരു സങ്കൽപ്പം കാണില്ലേ എന്ന ചോദ്യത്തിനും നടൻ മറുപടി നൽകി. അവർ അവരുടേതായ ജീവിത ശൈലി ഉണ്ടാകട്ടെ, അവരുടെ ബുദ്ധിയിൽ നിന്ന് അവർ കണ്ടുപിടിക്കട്ടെ എന്ന് വിശ്വസിക്കുന്ന ആളാണ്. നമുക്കവരെ ഗൈഡ് ചെയ്യാൻ പറ്റും. എന്റെ അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നീ നിന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് ഇഷ്ടം പോലെ പോലെ ചെയ്യൂ എന്നാണ്.
ഞാൻ എന്റെ മകനോടും അത് തന്നെയാണ് പറയാറ്. ഡിഗ്രി പൂർത്തിയാക്ക്. അത് കഴിഞ്ഞ് നിന്റെ മാർഗം നീ തെരഞ്ഞെടുക്കൂ എന്നാണ്. അദ്ദേഹത്തിന് പഠിപ്പിക്കാനാണ് ഇഷ്ടം. ഒരുപാട് പേർ വന്ന് സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ താൽപര്യമില്ലെന്ന് പറഞ്ഞു. ചോദിച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ ഇംഗ്ലീഷ് അറിയാത്ത ഒരുപാട് രാജ്യങ്ങളുണ്ട്. എനിക്കവരെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ഏറ്റവും നല്ല കാര്യമാണത്. അതാണ് അയാൾക്ക് ഇഷ്ടമെങ്കിൽ അത് ചെയ്യട്ടെ.

ഞാൻ വിചാരിച്ചാലോ അയാൾ വിചാരിച്ചാലോ ആക്ടറാകാൻ പറ്റില്ല. എന്റെ മകൻ ആക്ടർ ആകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ഇഷ്ടത്തിനല്ല, അവരുടെ ഇഷ്ടത്തിനാണ് പ്രധാനം. മക്കളോട് സ്നേഹം ഇല്ലെന്നല്ല. അവരോട് അറ്റാച്ച്മെന്റുണ്ട്. പക്ഷെ അതൊരു ഡിറ്റാച്ച്ഡ് അറ്റാച്ച്മെന്റ് ആണെന്നും മോഹൻലാൽ അന്ന് വ്യക്തമാക്കി.
അതേസമയം ഈ അഭിമുഖം നൽകി കുറച്ച് വർഷങ്ങൾക്കുള്ളിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയ രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. വൻ വരവേൽപ്പാണ് പ്രണവിന് ലഭിച്ചത്. എന്നാൽ അഭിനയ പോരെന്ന വിമർശനം പ്രണവിന് കേൾക്കേണ്ടി വന്നു. ഹൃദയം എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പരാതികൾ അവസാനിച്ചത്. സിനിമയിൽ മികച്ച പ്രകടനം നടൻ കാഴ്ച വെച്ചു.


Click it and Unblock the Notifications