ഈ വർഷം വ്യത്യസ്തത നിറഞ്ഞത്, പിതൃത്വം നിന്നിൽ മനോഹരം; ഭർത്താവിന് പ്രണയം നിറഞ്ഞ വാക്കുകളിലൂടെ ആശംസയുമായി ഐമ!
വിനീത് ശ്രീനിവാസൻ സിനിമ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ സഹോദരി വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. മുപ്പതുകരിയായ ഐമ ദൂരം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് സഹോദരി ഐനയും ദൂരത്തിൽ ഐമയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ഇരുവരും ഇരട്ട സഹോദരിമാരാണ്. ഐമയും ഐനയും അഭിനയത്തിൽ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും സിനിമയിൽ തുടരാമെന്ന് തീരുമാനിച്ചത് ഐമ മാത്രമാണ്.
അതുകൊണ്ട് തന്നെ ദൂരത്തിനുശേഷവും നിരവധി അവസരങ്ങൾ ഐമയെ തേടിയെത്തുകയായിരുന്നു. സിനിമകളുടെ കാര്യത്തിൽ വളരെ സെലക്ടീവാണ് നടി. അവസാനമായി ഐമ അഭിനയിച്ചത് ആന്റണി പെപ്പെയുടെ നായികയായി ആർഡിഎക്സിലാണ്. സിനിമയിലെ ഐമയുടെ സീനുകളെല്ലാം വൈറലായിരുന്നു.

ഈ ഏപ്രിൽ ആദ്യ വാരത്തിലാണ് ഐമയ്ക്ക് ആദ്യത്തെ കൺമണി പിറന്നത്. പൊതുവെ സെലിബ്രിറ്റികൾ ചെയ്യാറുള്ളത് പോലെ ഗർഭിണിയാണെന്ന കാര്യം ഐമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഐമയ്ക്ക് മകൾ പിറന്നുവെന്ന വാർത്ത ആരാധകർക്കും സർപ്രൈസായിരുന്നു. നടിയുടെ ഭർത്താവും ബിസിനസുകാരനും നിർമാതാവുമെല്ലമായ കെവിനാണ് കുഞ്ഞിന്റെ പേരും ആദ്യ ചിത്രങ്ങളും പുറത്ത് വിട്ടത്.
ആശുപത്രിക്കിടയിൽ വെച്ച് ഐമയ്ക്ക് നെറുകയിൽ ചുംബനം നൽകുന്ന ചിത്രങ്ങളാണ് കെവിൻ പങ്കുവെച്ചത്. മകൾക്ക് എലനോർ എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ മനോഹരമായ കുടുംബചിത്രത്തിന് ഒപ്പം ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ഐമ.
പ്രണയാർദ്രമായ കുറിപ്പിനൊപ്പം പങ്കുവെച്ച ഫോട്ടോയിൽ ഐമ എലനോറിനെ കൈകളിൽ എടുത്തിരിക്കുന്നതായും കാണാം. ഫാദർഹുഡിലേക്ക് കടന്നശേഷമുള്ള ഭർത്താവിന്റെ മാറ്റങ്ങളെ കുറിച്ചും കുറിപ്പിൽ ഐമ വിവരിച്ചിട്ടുണ്ട്. 2025 വളരെ വ്യത്യസ്തത നിറഞ്ഞതാണെന്നും ഐമ പറയുന്നു. എന്റെ പ്രണയേ... നിനക്ക് പിറന്നാൾ ആശംസകൾ... ഈ വർഷം വ്യത്യസ്തമായി തോന്നുന്നു. കാരണം നിങ്ങൾ ഒരു പിതാവായി പിറന്നാൾ ആഘോഷിക്കുന്നത് ഇത് ആദ്യമായാണ്.
നിങ്ങൾ നമ്മുടെ കുഞ്ഞിനെ എടുക്കുന്നതും അവളെ പരിപാലിക്കുന്നതും അവളെ ഇത്ര ആഴത്തിൽ സ്നേഹിക്കുന്നതും കാണുമ്പോൾ ഞാൻ നിങ്ങളെ കാണുന്ന രീതിയിലും മാറ്റം വരുത്തി. ഞാൻ അന്ന് സ്നേഹിച്ച പുരുഷനേക്കാൾ കൂടുതലായി നിങ്ങൾ മാറിയിരിക്കുന്നു. നിങ്ങൾ നമ്മുടെ കുഞ്ഞിന്റെ കണ്ണിൽ ഒരു സംരക്ഷകനും അധ്യാപകനും നായകനുമായി മാറിയിരിക്കുന്നു.

പിതൃത്വം നിങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്നു. എനിക്ക് ഇതിൽ കൂടുതൽ അഭിമാനിക്കാൻ എന്തുവേണം. ഇന്ന് ഞങ്ങൾ നിങ്ങളെ ആഘോഷിക്കുന്നു. നിങ്ങൾ എന്ന പുരുഷന് മാത്രമല്ല... നിങ്ങൾ ഇതിനകം ആയിത്തീർന്ന അത്ഭുതകരമായ അച്ഛനേയും. ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു എന്നാണ് ഐമ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ കെവിന് പിറന്നാൾ ആശംസിച്ച് എത്തി.
നിർമാതാവായ സോഫിയ പോളിന്റെ മകനാണ് ഐമയുടെ ജീവിതപങ്കാളിയായ കെവിൻ പോൾ. 2018 ജനുവരി നാലിന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഐമ അഭിനയിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമ നിർമിച്ചത് സോഫിയ പോളായിരുന്നു. അവിടെ വെച്ച് ഉണ്ടായ സൗഹൃദമാണ് ഐമയേയും കെവിനേയും ഒന്നിപ്പിച്ചത്. വിദേശത്താണ് ഐമ കുടുംബസമേതം വർഷങ്ങളായി താമസിച്ചിരുന്നത്.
ഐമ പഠിച്ചതും വിദേശത്തായിരുന്നു. കെവിനുമായുള്ള വിവാഹശേഷമാണ് കേരളത്തിൽ സെറ്റിൽഡായത്. നല്ലൊരു നർത്തകി കൂടിയാണ് നടി. ആറ് വർഷത്തെ കാത്തിരിപ്പിനുശേഷം വന്ന കുഞ്ഞായതുകൊണ്ട് തന്നെ ജീവിതം ആഘോഷമാക്കുകയാണ് കെവിനും ഐമയും.


Click it and Unblock the Notifications











