വിവാഹ ജീവിതത്തിനിടെ കടന്ന് വന്ന ആദ്യ ഭാര്യ; മുസ്തഫയ്ക്കെതിരെ ആരോപണവും; അന്ന് നടന്നത്
പ്രിയാമണി എന്ന നടിക്ക് മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനമുണ്ട്. മലയാളം സിനിമകളിൽ നടിയെ കണ്ടിട്ട് നാളുകളായി. എന്നാൽ മുമ്പ് ചെയ്ത് വെച്ച സിനിമകളിലൂടെ നടി ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. അഭിനയ മികവിനാൽ പ്രശംസിക്കപ്പെടുന്ന പ്രിയാമണിക്ക് പലപ്പോഴും വേണ്ടത്ര അവസരങ്ങൾ ലഭിച്ചോ എന്ന് ചോദിച്ചാൽ സംശയമാണ്. തിരക്കഥ എന്ന മലയാള സിനിമയിലെ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയ പ്രകടനമാണ് പ്രിയാമണി കാഴ്ച വെച്ചത്.
തമിഴിൽ പരുത്തിവീരൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണി കരസ്ഥമാക്കി. ഷബാന അസ്മിയെ പോലെ അഭിനേത്രിയെന്ന നിലയിൽ പേരെടുക്കാൻ കഴിവുള്ള പ്രിയാമണി പക്ഷെ കരീന കപൂറിനെ പോലെ താരമാവാനാണ് ശ്രമിക്കുന്നതെന്ന് നടൻ അനൂപ് മേനോൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

തിരക്കഥ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക നടിയാവാനാണ് പ്രിയാമണി ശ്രമിച്ചിരുന്നത്. തെലുങ്കിലും കന്നഡയിലും മലയാളത്തിലും ഇത്തരം ഒരുപിടി സിനിമകളുടെ ഭാഗമാവാനും പ്രിയാമണിക്ക് കഴിഞ്ഞു.
പ്രിയാമണിയുടെ പിറന്നാൾ ദിനമാണിന്ന്. 39 വയസ് പൂർത്തിയായിരിക്കുകയാണ് നടിക്ക്. മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മതസ്ഥരാണെങ്കിലും ഇത് ഇവരുടെ പ്രണയത്തെയും വിവാഹത്തയും ബാധിച്ചില്ല. പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നൽകുന്ന വ്യക്തിയാണ് മുസ്തഫ. വിവാഹ ശേഷമാണ് നടിക്ക് തുടരെ അവസരങ്ങൾ ലഭിച്ചത്. എന്നാൽ ഇവയിൽ ചിലതിൽ മാത്രമാണ് നടി നായികാ വേഷം ചെയ്തത്.
ഇവന്റ് മാനേജർ ആയിരുന്ന മുസ്തഫ രാജിനെ സിസിഎൽ മാച്ചിനിടെയാണ് പ്രിയാമണി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമാവുകയും 2017 ൽ നടി വിവാഹം കഴിക്കുകയും ചെയ്തു. മുസ്തഫയെ പ്രിയാമണിയാണ് പ്രൊപ്പോസ് ചെയ്യുന്നത്. ഇരുവരുടെയും വിവാഹം അന്നേറെ ചർച്ചയായിരുന്നു.
മുസ്തഫയുടെ ആദ്യ വിവാഹ ബന്ധം വേർപിരിയലിൽ അവസാനിക്കുകയായിരുന്നു. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. 2013 ലാണ് ഇവർ പിരിയുന്നത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. നേരത്തെ മുസ്തഫ-പ്രിയാമണി വിവാഹം നിയമപരമായി നിലനിൽക്കില്ലെന്ന് പറഞ്ഞ് ആയിഷ രംഗത്ത് വന്നിരുന്നു. താനുമായുള്ള വിവാഹ ബന്ധം നിയമപരമായി പിരിഞ്ഞിട്ടില്ല.

അതിന് മുമ്പാണ് പ്രിയാമണിയുമായുള്ള വിവാഹം നടന്നത്. കോടതിയിൽ താൻ ബാച്ചിലറാണെന്നാണ് മുസ്തഫ പറഞ്ഞതെന്നും ആയിഷ ആരോപിച്ചു. മുസ്തഫയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസും കൊടുത്തു.
എന്നാൽ ആരോപണങ്ങളെ മുസ്തഫ നിഷേധിക്കുകയാണുണ്ടായത്. മക്കൾക്ക് ചെലവിനുള്ള പണം ആയിഷയ്ക്ക് നൽകുന്നുണ്ട്. തന്നിൽ നിന്ന് ഇനിയും പണം കൈക്കലാക്കാനുള്ള ശ്രമമാണിതെന്ന് മുസ്തഫ ആരോപിച്ചു. 2010 മുതൽ ആയിഷയുമായി അകന്ന് കഴിയുകയാണ്. 2013 ൽ വിവാഹ മോചനവും നേടി. 2017 ലാണ് പ്രിയാമണിയുമായുള്ള വിവാഹം നടക്കുന്നത്. തന്റെ രണ്ടാം വിവാഹ സമയത്ത് ആരോപണം ഉന്നയിക്കാതെ ഇപ്പോൾ രംഗത്തെത്തുന്നതിന് കാരണമെന്തെന്നും മുസ്തഫ അന്ന് ചോദിച്ചു.
വിഷയം മാധ്യമങ്ങളിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിക്കാൻ പ്രിയാമണി തയ്യാറായില്ല. അതേസമയം പിന്നീട് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ബന്ധം ശക്തമാണെന്ന് നടി പറഞ്ഞു. ഫാമിലി മാൻ എന്ന സീരീസിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രിയാമണി ശ്രദ്ധിക്കപ്പെട്ടത്. സീരീസിന്റെ രണ്ട് സീസണുകൾ ഇതുവരെ പുറത്തിറങ്ങി. ശേഷം ബോളിവുഡിൽ നിന്ന് നടിക്ക് ഒരുപിടി അവസരങ്ങൾ വന്നു. പ്രിയാമണിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications