താരപത്നി മാത്രമല്ല, ശാലിനിക്കുമുണ്ട് തന്റേതായ സമ്പാദ്യം; പിറന്നാൾ ദിനത്തിൽ ചർച്ചയായി ശാലിനിയുടെ ജീവിതം
വിവാഹ ശേഷം അഭിനയ രംഗം വിട്ട നിരവധി നടിമാരുണ്ട്. കരിയറിലെ താരത്തിളക്കം നഷ്ടപ്പെട്ട് തുടങ്ങുന്ന കാലത്താണ് ചിലർ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയതെങ്കിൽ ചിലർ കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് സിനിമാ രംഗം വിട്ടത്. തനിക്ക് വേണ്ടി സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് വരുന്ന കാലത്താണ് മഞ്ജു വാര്യർ അഭിനയ രംഗം വിട്ടത്. സിനിമാ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു അത്. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു തിരിച്ചെത്തിയത്. സമാനമായി നടി ശാലിനി അഭിനയ രംഗം വിട്ടപ്പോഴും ആരാധകർ നിരാശപ്പെട്ടു.
2000 ൽ അജിത്ത് കുമാറിനെ വിവാഹം ചെയ്ത ശേഷമാണ് ശാലിനി സിനിമാ ലോകത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. അലൈപായുതെ എന്ന സിനിമയിലൂടെ ഉൾപ്പെടെ വൻ ജനപ്രീതി നേടി നിൽക്കുന്ന കാലത്താണ് ശാലിനി അഭിനയ രംഗം വിട്ടത്. സിനിമാ രംഗത്ത് തുടരാൻ ശാലിനിക്ക് വലിയ താൽപര്യമില്ലായിരുന്നു. വിവാഹ ശേഷം പൊതുവേദികളിൽ പോലും ശാലിനിയെ അധികം കണ്ടിട്ടില്ല. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കും പിറന്നത്.

അജിത്ത് സൂപ്പർതാരമായി വളരവെ ശാലിനി കുടുംബത്തിലെ കാര്യങ്ങൾക്ക് ശ്രദ്ധ നൽകി. ശാലിനിയുടെ 43ാം പിറന്നാൾ ദിനമാണിന്ന്. തിരക്കേറിയ നടിയായിരുന്ന ശാലിനി ഇന്ന് താരപത്നിയായി കഴിയുകയാണെങ്കിലും തന്റേതായ സമ്പാദ്യം ശാലിനിക്കുമുണ്ട്. 50 കോടി രൂപയുടെ ആസ്തി ശാലിനിക്കുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. ആഡംബര കാറുകളും ശാലിനിക്കുണ്ട്. നിരവധി അവസരങ്ങൾ വന്നിട്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വരാൻ ശാലിനി ഇതുവരെ തയ്യാറായിട്ടില്ല.
രാജകീയ ജീവിതമാണ് ഭർത്താവ് അജിത്ത് ശാലിനിക്ക് ഒരുക്കിയത്. വിവാഹ സമയത്ത് ഒന്നരക്കോടി രൂപയാണ് അജിത്ത് വാങ്ങിയ പ്രതിഫലം. ഇന്ന് നൂറ് കോടിക്കടുത്താണ് അജിത്തിന്റെ പ്രതിഫലം. എന്നാൽ ആഡംബര ജീവിതത്തോട് പൊതുവെ ശാലിനിക്ക് താൽപര്യമില്ല. നടി ഉപയോഗിക്കുന്ന സാധാരണ ഫോണിന്റെ ചിത്രം മുമ്പൊരിക്കൽ വൈറലായിരുന്നു. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് ശാലിനി കടന്ന് വന്നത്.

ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ശാലിനി പങ്കുവെക്കാറുണ്ട്. അഭിനയ രംഗം വിട്ട നടിമാർ അഭിമുഖങ്ങളിലോ റിയാലിറ്റി ഷോയ ജഡ്ജായോ എത്തുന്ന പതിവുണ്ടെങ്കിലും ശാലിനി ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്നു. മുൻ നടി എന്നതിനപ്പുറം തമിഴകത്തെ സംബന്ധിച്ച് ശാലിനി ഒരു താരപത്നിയാണ്.
ശാലിനിയെ പോലെ കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അജിത്തും. സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിന് നടൻ സമയം കണ്ടെത്തുന്നു. പൊതുവേദികളിൽ നിന്ന് മാറി നിൽക്കുന്ന അജിത്ത് യാത്രകൾക്കും ബൈക്ക് റേസിംഗ് ഉൾപ്പെടെയുള്ള ഹോബികൾക്കും പ്രാധാന്യം നൽകുന്നു. ശാലിനിയുടെ സഹോദരി ശ്യാമിലിയും സിനിമാ രംഗത്ത് ഇപ്പോൾ സജീവമല്ല. ശ്യാമിലിക്കൊപ്പമുള്ള ചിത്രം അടുത്തിടെ ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
അതേസമയം അജിത്ത് സിനിമകളുടെ തിരക്കിലാണ് തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരാണ് തുനിവിൽ നായികയായി എത്തിയത്. ആരാധകർ തലയെന്ന് വിളിച്ച് ആഘോഷിക്കുന്ന അജിത്തിന് ഇക്കഴിഞ്ഞ മെയ് മാസമാണ് 53 വയസ് പൂർത്തിയായത്. ഈ പ്രായത്തിലും അജിത്തിന്റെ സ്ക്രീൻ പ്രസൻസിന് കോട്ടം വന്നിട്ടില്ലെന്ന് ആരാധകർ പറയുന്നു. അജിത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications