നല്ല കുടുംബം…, ആ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല; ശോഭന പറഞ്ഞത്; തന്റെ വിനോദത്തിനാണ് അന്നങ്ങനെ ചെയ്തതെന്നും നടി
മലയാളികളുടെ പ്രിയ നടി ശോഭനയ്ക്ക് ഇന്ന് 54 വയസ് പൂർത്തിയായിരിക്കുകയാണ്. ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ച ശോഭനയ്ക്ക് ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തും പൊതുസമൂഹത്തിലുമുണ്ട്. മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന ശോഭന ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് മാറി തനിക്കേറ്റവും പ്രിയപ്പെട്ട നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രായം അമ്പത് കടന്നെങ്കിലും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ശോഭന തയ്യാറായില്ല. അതേസമയം അനന്തനാരായണി എന്ന മകളെ ദത്തെടുത്ത് അമ്മയാകാൻ നടി തയ്യാറായി.
ശോഭന എന്തുകൊണ്ട് അവിവാഹിതയായി തുടരുന്നു എന്ന ചോദ്യം പലപ്പോഴും ആരാധകർക്കുണ്ട്. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഒരിക്കലും ശോഭന തയ്യാറായിട്ടില്ല. മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്വകാര്യ വിഷയങ്ങളെക്കുറിച്ച്
ചോദിച്ചപ്പോൾ ശോഭന നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ശോഭനയുടെ അച്ഛനും അമ്മയും വളരെ നല്ല വിവാഹം ജീവിതം നയിച്ചവരാണ്. എന്തുകൊണ്ടാണ് അത്തരമൊരു ജീവിതം വേണമെന്ന് തോന്നാത്തതെന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇതിന് മറുപടി നൽകാൻ ശോഭന തയ്യാറായില്ല. വ്യക്തിപരമായ ചോദ്യങ്ങൾക്ക് മറുപടി തരില്ലെന്ന് ഞാൻ പറഞ്ഞതല്ലേ എന്നായിരുന്നു ശോഭനയുടെ മറുചോദ്യം. വിവാഹത്തെക്കുറിച്ച് ഏറ്റവും ഒടുവിൽ വന്ന വാർത്തകളുടെ സത്യാവസ്ഥയെങ്കിലും പറഞ്ഞ് കൂടെ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും നടി മറുപടി നൽകിയില്ല.
ഒരു ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിൽ അതിൽ എന്തോ മറച്ച് വെക്കാനുണ്ടല്ലോ എന്ന ചോദ്യം വന്നപ്പോൾ അങ്ങനെ നിങ്ങൾ കരുതിക്കോളൂ എന്നാണ് ശോഭന നൽകിയ മറുപടി. പണ്ട് പത്രപ്രവർത്തകരുടെ ഇത്തരം ചോദ്യങ്ങളെ നേരിട്ടതിനെക്കുറിച്ചും ശോഭന അന്ന് സംസാരിച്ചു. പത്രങ്ങളിൽ അഭിമുഖം നന്നായിട്ടുണ്ടാകും, പിന്നെ എന്തെങ്കിലും ചോദ്യം ചുമ്മാ ഒരു രസത്തിന് ചോദിക്കും.

ആൾക്കാർ വായിക്കാൻ വേണ്ടിയാണ്, നമ്മൾ എന്താണ് ചെയ്യുക, ജീവിക്കണ്ടേ എന്തെങ്കിലും പറയൂ എന്നൊക്കെ പറയും അപ്പോൾ ഞാൻ എന്തെങ്കിലും പറയും. എനിക്കും ഒരു വിനോദം വേണ്ടേ. അപ്പോൾ ഞാൻ ഓരോ പത്രങ്ങളിലും വേറെ വേറെ ഉത്തരങ്ങൾ നൽകുമെന്നും ശോഭന ചിരിച്ച് കൊണ്ട് ഓർത്തു.
മുന്നോട്ട് നോക്കുമ്പോൾ ശോഭനയുടെ മനസിൽ എന്താണുള്ളതെന്ന ചോദ്യത്തിനും ശോഭന മറുപടി നൽകി. ഒരു നല്ല കുടുംബം, നല്ല സ്കൂൾ, ആർട്ടിന് വേണ്ടി കഴിവുള്ള യുവത്വത്തെ ഉണ്ടാക്കണം. ആത്മാർത്ഥമായ ആഗ്രഹമാണതെന്നും ശോഭന വ്യക്തമാക്കി. നല്ല കുടുംബം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന ചോദ്യം വന്നപ്പോൾ നിങ്ങൾ നല്ല കുടുംബം കൊണ്ട് ഉദ്ദേശിക്കുന്നത് ഭാര്യയും മക്കളുമാണല്ലോ അത് പോലെയാണ് തനിക്കും. ആ സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്നും ശോഭന അന്ന് വ്യക്തമാക്കി.
ആരാധകരുടെ ശല്യം ഒരു കാലത്ത് തനിക്കുണ്ടായിരുന്നെന്നും ശോഭന അന്ന് തുറന്ന് പറഞ്ഞു, സ്നേഹം കൊണ്ടല്ലേ എന്ന് നിങ്ങൾ പറയും. അങ്ങനെയൊന്നും അല്ല. അനാവശ്യമായി ഫോൺകോൾ ചെയ്ത് കൊണ്ടിരിക്കും. അപ്പോൾ നമുക്ക് ഫോൺ ഉപയോഗിക്കാൻ പറ്റില്ല. ഒരു മാസമൊക്കെ എന്റെ നമ്പർ എനിക്ക് ഉപയോഗിക്കാൻ പറ്റില്ല. എന്റെ വീട്ടിലേക്ക് ആരാധകർ വന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശോഭന അന്ന് പറഞ്ഞു.


Click it and Unblock the Notifications