'ഞാനിതൊന്നും പരാതിപ്പെട്ടിട്ടില്ല'; ചിത്രയ്ക്ക് വേണ്ടി സുജാതയെ തഴഞ്ഞോ?; സുജാത അന്ന് പറഞ്ഞത്
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ശബ്ദമാണ് ഗായിക സുജാതയുടേത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധിക്കപ്പെട്ട സുജാതയുടെ കരിയറിൽ ഐക്കണിക്കായ ഒരുപിടി ഗാനങ്ങളുമുണ്ട്. റൊമാന്റിക് ഗാനങ്ങളിൽ ഒരു കാലത്ത് മറ്റാരേക്കാളും തിളങ്ങാൻ സുജാതയ്ക്ക് കഴിഞ്ഞു. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ഒരു മുറെെ എന്ന പാട്ട് പാടിയത് കെഎസ് ചിത്രയാണെങ്കിലും ഗാനത്തിന്റെ സുജാത പാടിയ വെർഷൻ ഇന്നും ജനപ്രിയമാണ്.
സമ്മർ ഇൻ ബത്ലേഹം, കാണാക്കൺമണി, സല്ലാപം, പരദേശി തുടങ്ങിയ സിനിമകളിൽ അന്നും സുജാത പാടിയ ഗാനങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. തമിഴിൽ എആർ റഹ്മാന്റെ സംഗീത സംവിധാനത്തിൽ നിരവധി ഗാനങ്ങൾ സുജാതയ്ക്ക് പാടാനായി. 90 കളിൽ എർആർ റഹ്മാൻ-സുജാത കോംബോ വളരെ ഹിറ്റായിരുന്നു. പൂ പൂക്കും ഓസൈ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇതിന് ഉദാഹരണമാണ്. സുജാതയ്ക്ക് ഇന്ന് 60 വയസ്സ് പൂർത്തിയായിരിക്കുകയാണ്.
അറുപതാം വയസ്സിലും സുജാതയുടെ സ്വര മാധുര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ല. പ്രിയപ്പെട്ട ഗായികയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി പേരെത്തി. സോഷ്യൽ മീഡിയയിലൂടെ തനിക്ക് പിറന്നാൾ ആശംസ അറിയിക്കുന്നവർക്ക് സുജാത നന്ദിയറിയിക്കുന്നുണ്ട്. സംഗീത ലോകത്ത് ഒരേ കാലഘട്ടത്തിൽ തിളങ്ങി നിന്നവരാണ് സുജാതയും കെഎസ് ചിത്രയും. ഇരുവരും ഒരേ പ്രായക്കാരാണ്. ചിത്രയും സുജാതയും മലയാള സിനിമാ ലോകത്തെ പിന്നണി ഗാന രംഗത്ത് മറ്റേത് ഗായികമാരേക്കാളും സജീവ സാന്നിധ്യമായി നിന്ന കാലവുമുണ്ടായിരുന്നു.

അന്ന് ഇരുവരും പിന്നണി ഗാന രംഗത്ത് ചർച്ചാ വിഷയമായിരുന്നു. സുജാതയേക്കാളും കെഎസ് ചിത്രയ്ക്ക് സംഗീത ലോകത്തെ പ്രമുഖർ പ്രാധാന്യം നൽകിയെന്ന് ആക്ഷേപവുമുണ്ടായിരുന്നു. ഇത്രയും വർഷങ്ങൾ നീണ്ട കരിയറിൽ ദേശീയ പുരസ്കാരം സുജായ്ക്ക് ലഭിച്ചിട്ടില്ല. ഇതിന് പിന്നിലും ചിലരുടെ നീക്കമാണെന്നും അഭ്യൂഹം പരന്നു. തനിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് മുമ്പൊരിക്കൽ സുജാതയും തുറന്ന് പറഞ്ഞിട്ടുണ്ട്.
1997 ലെ മിൻസാര കനവ് എന്ന സിനിമയിൽ സുജാത പാടിയ പൂ പൂക്കും ഓസൈ എന്ന ഗാനത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതിനെക്കുറിച്ച് സുജാത സംസാരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള അവാർഡ് മൂന്ന് പേരും സംഘവും ചേർന്ന് പാടിയ പാട്ടിനാണ് കൊടുത്തതെന്ന് വാസ്തവമാണ്. പക്ഷെ ചിത്ര ഈ വില കുറഞ്ഞ പൊളിറ്റിക്സിൽ ഇടപെടില്ലെന്ന് എനിക്കുറപ്പുണ്ടെന്നും അന്ന് സുജാത പറഞ്ഞു. പിന്നീട് വർഷങ്ങൾക്കിപ്പുറം കെെരളി ജെബി ജംങ്ഷനിൽ അതിഥിയായെത്തിയപ്പോൾ സുജാതയോട് ഇതേപറ്റി ചോദ്യം വന്നു.

ചിത്ര തന്റെ അവസരങ്ങൾ കൈക്കലായിട്ടില്ലെന്നും അവർ നല്ല ഗായികയാണെന്നും സുജാത വ്യക്തമാക്കി. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയേണ്ടതില്ലെന്നും സുജാത അഭിപ്രായപ്പെട്ടു. അഭ്യൂഹങ്ങൾക്കപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് സുജാതയും കെഎസ് ചിത്രയും. ഇരുവരും ഒരുപിടി ഗാനങ്ങൾ ഒരുമിച്ച് പാടിയിട്ടുണ്ട്. സുജാതയുടെ മകൾ ശ്വേത മോഹൻ കെഎസ് ചിത്രയുടെ വലിയ ആരാധികയാണ്. സുജാത തന്നെ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.


Click it and Unblock the Notifications