ഒരു ഏട്ടന്റെ സ്‌നേഹവും അച്ഛന്റെ കരുതലും നല്‍കുന്ന സുരേഷേട്ടന്‍; ഭാമയുടെ വികാരഭരിതമായ ആശംസ
സുരേഷ് ഗോപി, ഒരു നടന്‍ എന്നതിനപ്പുറം മലയാള സിനിമയില്‍ ആരും കാണാതെ പോയ ഒരു വല്യേട്ടനാണ്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... പല നായികമാരുടെയും കല്യാണത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് ചെയ്തു കൊടുക്കേണ്ട കടമകള്‍ പലതും സുരേഷ് ഗോപി നിന്ന് നിര്‍വ്വഹിക്കുന്നത് കാണാം. രതീഷിന്റെ മക്കളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് കടമകളെല്ലാം ചെയ്തത് സുരേഷ് ഗോപിയായിരുന്നു.
നവ്യ നായര്‍, കാവ്യ മാധവന്‍, രാധിക, ഗോപിക, മുക്ത തുടങ്ങിയവരുടെയെല്ലാം വിവാഹത്തിന് എത്തി വധൂ വരന്മാരെ മനസ്സറിഞ്ഞ് അനുഗ്രഹിക്കുന്ന ഫോട്ടോകള്‍ പലപ്പോഴും ഒരു പ്രത്യേക ആകര്‍ഷണമാണ്. മറ്റ് താരങ്ങള്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് വന്ന് പോവുമ്പോള്‍, സുരേഷ് ഗോപി നിന്ന് അനുഗ്രഹിച്ചിട്ടേ മടങ്ങാറുള്ളൂ. എന്നാല്‍ ഇവരാരെയും പോലയല്ല, ഭാമയ്ക്ക് സുരേഷ് ഗോപി. തന്റെ വല്ല്യേട്ടനാണ് അദ്ദേഹം എന്ന് ഭാമ പറയുന്നു.

അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഭാമ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു. അത്രമേല്‍ ഹൃദയം തൊടുന്ന വരികളാണവ. 'എന്നും എനിക്കൊപ്പം വല്യേട്ടന്റെ സ്‌നേഹത്തോടെ , ഒരച്ഛന്റെ കരുതലുകളോടെ നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട സുരേഷേട്ടന്, എന്റെ വല്യേട്ടന് ഒരായിരം സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' - എന്ന് ഭാമ എഴുതി.
തന്റെ വിവാഹത്തിന് സുരേഷ് ഗോപി സകുടുംബം എത്തിയ ഫോട്ടോയ്‌ക്കൊപ്പമാണ് ഭാമ സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിയ്ക്കുന്നത്. ഭാമയുടെ പോസ്റ്റിന് താഴെ നടിയുടെ ആരാധകരും സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റിട്ടു.
Recommended Video
ഭാമയും ആരാധകരും മാത്രമല്ല, സിനിമാ ലോകം ഒന്നടങ്കം സുരേഷ് ഗോപിയ്ക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ്, സണ്ണി വെയിന്‍, സലിം കുമാര്‍, ഗിന്നസ് പക്രു, അനു സിത്താര, പ്രിയങ്ക നായര്‍, അങ്ങനെ നീളുന്നു ആശംസകളറിയിച്ചവരുടെ നിര. മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്ക്ക് ഫില്‍മിബീറ്റിന്റെ പിറന്നാള്‍ ആശംസകള്‍.



Click it and Unblock the Notifications