നീ കേക്കണും... നാൻ പേസണും...; ഇതിൽ ആരാ അപ്പൻ? ആരാ മോൻ?, സെന്തമിഴിൽ അപ്പനും മോനും തമ്മിൽ തർക്കം, വീഡിയോ!
തന്റെ സുഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവക്കുന്ന സ്‌നേഹ നിധികളായ നിരവധി അച്ഛന്മാർ നമുക്ക് ചുറ്റുമുണ്ട്. അവരോടുള്ള സ്നേഹവും ആദരവും അറിയിക്കാൻ വേണ്ടിയാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കുന്നത്. അർധരാത‍്രി മുതൽ ഫാദേഴ്സ് ഡെയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾക്കൊണ്ട് സോഷ്യൽമീഡിയയും നിറഞ്ഞു.
അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വീഡിയോ സംവിധായകൻ വിഘ്നേഷ് ശിവന്റേതാണ്. രണ്ട് കുഞ്ഞുങ്ങളുടെ പിതാവായി ജീവിതം ആസ്വദിക്കുന്നതിന്റെ സന്തോഷം വിഘ്നേഷിന് എത്രത്തോളമുണ്ടെന്നത് അദ്ദേഹത്തിന്റെ ഫാദേഴ്സ് ഡെ പോസ്റ്റിൽ നിന്ന് തന്നെ വ്യക്തമാണ്. ഇരട്ടക്കുട്ടികളിൽ ഒരുവനായ ഉയിരുമായി തർക്കിക്കുന്ന വിഘ്നേഷ് ശിവനാണ് വീഡിയോയിലുള്ളത്.

വിദേശത്ത് കുടുംബസമേതം അവധി ആഘോഷിക്കാൻ പോയപ്പോൾ പകർത്തിയാണ് വീഡിയോ. കാറിലിരുന്ന് മകനെ മര്യാദ പഠിപ്പിക്കുകയാണ് വിക്കി. പക്ഷെ ഉയിർ അതൊന്നും ഗൗനിക്കുന്നതേയില്ല. വിഘ്നേഷ് പറയുന്നതെല്ലാം അതേപടി അനുകരിച്ച് വീണ്ടും ആവർത്തിക്കുകയാണ് ഉയിർ. ഞാൻ സംസാരിക്കും നീ കേൾക്കണം എന്നാണ് വിഘ്നേഷ് ഉയിരിനോട് ആദ്യം പറഞ്ഞത്.
എന്നാൽ ഉടൻ മകന്റെ മറുപടി എത്തി. നീ കേൾക്കണം... ഞാൻ സംസാരിക്കുമെന്നായിരുന്നു ഉയിരിന്റെ മറുപടി. എന്നെ എന്തുകൊണ്ടാണ് ഇവൻ സംസാരിക്കാൻ അനുവദിക്കാത്തതെന്ന് ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരുവനായ ഉലകിനോട് വിഘ്നേഷ് പരാതി പറയുന്നതും വീഡിയോയിൽ കാണാം. വിഘ്നേഷിന്റെ ആക്ഷൻസ് അടക്കം ഉയിർ ആവർത്തിക്കുന്നുണ്ട്. മനോഹരമായ തമിഴിലാണ് ഇരുവരുടേയും സംസാരം.
ഒരു ഫാദേഴ്സ് ഡെ. ഒരു അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ... എന്റെ സന്തോഷവും ഹൃദയമിടിപ്പും നിങ്ങളുടേതാണ് രണ്ടുപേർക്കും എന്റെ അനുഗ്രഹങ്ങൾ. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് വിഘ്നേഷ് നൽകിയത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ന് സോഷ്യൽമീഡിയയിൽ കണ്ടതിൽ ഏറ്റവും ക്യൂട്ടായ വീഡിയോ എന്നായിരുന്നു ഏറെയും കമന്റുകൾ.
ഇതിൽ ആരാ അപ്പൻ? ആരാ മോൻ? എന്നായിരുന്നു മറ്റ് ചിലരുടെ സംശയം. 2022ലാണ് വിഘ്നേഷിനും നയൻതാരയ്ക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തങ്ങളുടെ ആൺമക്കൾക്ക് ഉയിർ രുദ്രോനിൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.

വീഡിയോ വൈറലായതോടെ രണ്ടര വയസുകാരനായ ഉയിരിന്റെ സ്പഷ്ടമായ തമിഴിനെ പ്രശംസിച്ചും കമന്റുകളുണ്ട്. പൊതുവെ സെലിബ്രിറ്റി കിഡ്സ് മാതൃഭാഷ സംസാരിക്കുന്നത് കുറവാണ്. എന്നാൽ വിഘ്നേഷും നയൻതാരയും ഇംഗ്ലീഷിനൊപ്പം രണ്ട് മക്കളേയും തമിഴും പഠിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ നയൻതാരയുടേയും വിഘ്നേഷിന്റെയും ആദ്യ സിനിമയായ നാനും റൗഡി താനിലെ പാട്ട് പാടുന്ന ഉയിരിന്റെയും ഉലകിന്റെയും വീഡിയോ വൈറലായിരുന്നു. മക്കൾ ജനിച്ച് ഒരു വർഷം കഴിഞ്ഞശേഷമാണ് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നയൻതാര പുറത്ത് വിട്ടത്. വിഘ്നേഷിന് ഫാദേഴ്സ് ഡെ ആശംസകൾ നേർന്ന് നയൻതാരും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. നിരുപാധിക സ്നേഹത്തിന്റെ നിശബ്ദ പതിപ്പ്...
ലോകത്തിലെ ഏറ്റവും മികച്ച ഡാഡയ്ക്ക് പിതൃദിനാശംസകൾ. ഞങ്ങൾക്ക് ഏറ്റവും മികച്ച ജീവിതം നൽകിയതിന് നന്ദി. നിങ്ങൾ ഞങ്ങളുടെ മേൽ ചൊരിയുന്ന എല്ലാ സ്നേഹവും ഉപയോഗിച്ച് അതിനെ ഇത്ര മനോഹരമാക്കിയതിന് നന്ദി. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ഡാഡാ എന്നാണ് നയൻതാര കുറിച്ചത്. മക്കൾ വന്നശേഷം ജീവിതം അടിമുടി മാറിയെന്ന് പലപ്പോഴായി വിഘ്നേഷ് പറഞ്ഞിട്ടുണ്ട്. വർക്ക് കഴിഞ്ഞ് വേഗത്തിൽ വീട്ടിൽ എത്തണമെന്ന ചിന്ത മാത്രമാണ് മക്കൾ പിറന്നശേഷമുള്ളുവെന്നും വിഘ്നേഷ് മുമ്പ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











