ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നടാഷയും ഹാര്‍ദ്ദികും! ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി താരം
സിനിമാ നടിമാരെ വിവാഹം കഴിച്ച ഒത്തിരി ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയിലുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും പങ്കാളിയും സെര്‍ബിയന്‍ നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചിന്റെയും വീട്ടിലെ പുത്തന്‍ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ആദ്യത്തെ കണ്‍മണിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണെന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം എഴുതിയ കുറിപ്പിലായിരുന്നു പുതിയ വിശേഷം താരങ്ങള്‍ ആരാധകരെ അറിയിച്ചത്. 'നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്‌സിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ എന്നാണ് പാണ്ഡ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

വിവാഹത്തോട് അനുബന്ധിച്ച് മറ്റും നടത്തിയ ചടങ്ങിലെ ചിത്രങ്ങളും താരങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസും പാണ്ഡ്യ ഇതിനൊപ്പം പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമടക്കം പ്രമുഖരായ ഒട്ടനവധി പേരാണ് നടാഷയ്ക്കും ഹാര്‍ദ്ദിക് പാണ്ഡെയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. രണ്ട് പേര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്. നിങ്ങള്‍ക്കിടയിലേക്ക് മൂന്നാമത് ഒരാള്‍ കൂടി വരുന്നതില്‍ ഒരുപാട് സ്‌നേഹവും അനുഗ്രഹങ്ങളും നേരുകയാണെന്ന് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നു.

നടാഷയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന് കാലങ്ങളായി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കൊപ്പമായിരുന്നു നടാഷയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് പാണ്ഡ്യ ആദ്യമായി തുറന്ന് പറയുന്നത്. ഒപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വിട്ടു. 'മേ തേരാ, തൂ മേരി ജാനേ, സാരാ ഹിന്ദുസ്ഥാന്‍' (നീ എന്റേതും ഞാന്‍ നിന്റേതും, ഇക്കാര്യം ഇനി രാജ്യം മുഴുവനും അറിയാം) എന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. ഒപ്പം ദുബായിലെ ഒരു സ്വകാര്യ ബോട്ടില്‍ വെച്ച് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും താരം പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications











