ലിജോയോട് ഗുഡ് മോണിംഗ് പറയാൻ ശ്രമിച്ചപ്പോൾ; രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ നിർത്തി; ഹരീഷ് പേരടി
വൻ ഹൈപ്പിൽ തിയറ്ററിൽ പ്രദർശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മാലെക്കോട്ടെ വാലിബൻ. മോഹൻലാൽ-ലിജോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ പക്ഷെ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. പ്രതീക്ഷ തെറ്റിച്ചു എന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്. അതേസമയം സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളും വരുന്നുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനം വാലിബനിൽ കാണാമെന്ന് പ്രേക്ഷകർ പറയുന്നു. നടൻ ഹരീഷ് പേരടിയും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
മാലൈക്കോട്ടെ വാലിബനിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹരീഷ് പേരടിയിപ്പോൾ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ലിജോ മുഴുവൻ സമയവും സിനിമയെക്കുറിച്ച് മാത്രം സംസാരിക്കുന്ന ആളാണ്. മറ്റൊരു വിഷയവും ലിജോ സംസാരിക്കാറില്ല. ഞാൻ ലൊക്കേഷനിൽ വന്ന് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പതിവ് ശീലത്തിന്റെ ഭാഗമായി ഗുഡ് മോർണിംഗ് പറയാൻ ശ്രമിച്ചപ്പോൾ അയാളെ കിട്ടുന്നില്ല. പലപ്പോഴും 'ഗു'വിൽ അവസാനിക്കും.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ നിർത്തി. കാര്യമില്ലെന്ന് മനസിലായി. പുള്ളി നമ്മളെ ഷോട്ടിന്റെ സമയത്തേ കാണുന്നുള്ളൂ. തൊട്ടടുത്ത് ഉണ്ടായാലും അതുവരെ നമ്മളെ കാണില്ല. നമ്മളോടൊക്കെ സംസാരിക്കുന്നത് പാക്കപ്പ് ആയ ശേഷമാണ്. എന്താണ് ചെയ്യാൻ പോകുന്നതെന്നതിനെക്കുറിച്ച് ലിജോയ്ക്ക് കൃത്യമായ ധാരണയുണ്ട്. അതോടൊപ്പം നമ്മൾക്ക് ഇംപ്രവൈസ് ചെയ്യാൻ ധാരാളം സ്വാതന്ത്ര്യം തരുകയും ചെയ്യുമെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
മോഹൻലാലിനൊപ്പമുള്ള അനുഭവവും ഹരീഷ് പേരടി പങ്കുവെച്ചു. അദ്ദേഹത്തോടൊപ്പം ചെയ്തവയിൽ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണിത്. സാധാരണ സിനിമകളെ പോലെ ജോയിൻ ചെയ്ത് നാല് ദിവസം കഴിഞ്ഞ് തിരിച്ച് പോകുകയും വീണ്ടും ജോയിൻ ചെയ്യുകയുമല്ല. തുടരെയുള്ള ഷൂട്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള യാത്രയായിരുന്നു.

കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം വളരെ ശക്തമായി വളരുകയാണ്. ബ്രേക്ക് ഇല്ലാതെ പോയ ഷൂട്ട് ആയത് കൊണ്ട് നമുക്കും കഥാപാത്രങ്ങൾക്കും സിനിമയ്ക്കും അത് ഗുണം ചെയ്തു. പോകുമ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു. ചെന്ന് ജോയിൻ ചെയ്ത് പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ തന്നെ അത് മനസിലാക്കുന്നതെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ സമകാലിക വിഷയങ്ങളിൽ നിരന്തരം അഭിപ്രായപ്രകടനം നടത്തുന്ന നടനാണ് ഹരീഷ് പേരടി. എന്നാൽ നിരന്തരം അഭിപ്രായങ്ങൾ പറയുന്നതിൽ തനിക്ക് മടുപ്പ് തോന്നിത്തുടങ്ങിയെന്നും നടൻ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. നാടകത്തിൽ നിന്നാണ് ഞാൻ പഠിച്ചതും വളർന്നതുമെല്ലാം. നാടകം മനുഷ്യൻ മുഖത്ത് നോക്കി കളിക്കേണ്ടതാണ്. അതിൽ ജയപരാജയങ്ങളില്ല. മുന്നിലിരിക്കുന്ന പ്രേക്ഷകരെ ജയിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്ന കളിയാണ്. അതൊക്കെ കളിച്ച് ശീലിച്ചത് കൊണ്ടായിരിക്കാം ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്.
മനുഷ്യൻ ഏത് ജോലി ചെയ്താലും നിങ്ങൾ സാമൂഹിക ജീവിയാണല്ലോ. അവിടെ നടക്കുന്ന ചില വിഷയങ്ങൾക്ക് നേരെയാണ് നമ്മൾ വിരൽ ചൂണ്ടുന്നത്. പക്ഷെ നിരന്തരമായി ചോദിക്കേണ്ടതുണ്ടോ എന്ന ചോദ്യങ്ങളെ ഞാനും മുഖവിലയ്ക്കെടുക്കുന്നു. അതിനപ്പുറം എനിക്കും ബോറടിച്ച് തുടങ്ങി. കാരണം പറഞ്ഞിട്ട് വലിയ കാര്യമില്ല. പ്രതികരിച്ചിട്ട് അതിന് വലിയ ഫലം വരുന്നതായിട്ട് തനിക്ക് തോന്നുന്നില്ലെന്നും ഹരീഷ് പേരടി തുറന്ന് പറഞ്ഞു. മോഹൻലാലിനൊപ്പം ശ്രദ്ധേയ വേഷമാണ് മാലൈക്കോട്ടെ വാലിബനിൽ ഹരീഷ് പേരടിക്ക് ലഭിച്ചത്.


Click it and Unblock the Notifications











