'ആസിഫിന്റെ മനസിന് ഇത്ര സൗന്ദര്യമുണ്ടെന്ന് മനസിലായത് വിണ്ഡിറ്റ് രമേശൻ അയാളെ അവഹേളിച്ചത് കണ്ടപ്പോഴാണ്'
നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേഷ് നാരായണനുമാണ് ഇന്ന് സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം എം.ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന മനോരഥങ്ങൾ ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തിരുന്നു. അതിനിടയിലാണ് രമേഷ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചത്. മമ്മൂട്ടി അടക്കം മലയാള സിനിമയിലേയും സംഗീത ലോകത്തേയും സാഹിത്യ രംഗത്തേയും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അതിനിടയിലാണ് രമേഷ് നാരായണന് മൊമന്റോ നൽകി ആദരിക്കുന്നതിനായി ആസിഫ് അലിയെ അവതാരക ക്ഷണിച്ചത്. വേദിയിലേക്ക് വരാൻ രമേഷ് നാരായണൻ തയ്യാറാകാത്തതിനാൽ സദസിൽ വെച്ച് തന്നെയാണ് മൊമന്റോ കൈമാറിയത്. പുഞ്ചിരി തൂകിയെത്തി ആസിഫ് മൊമന്റോ രമേഷ് നാരായണന് കൈമാറിയെങ്കിലും രമേഷിന് അത് അത്രത്തോളം രസിച്ചില്ല.

മാത്രമല്ല ആ നീരസം അദ്ദേഹത്തിന്റെ മുഖത്തും പ്രവൃത്തിയിലും പ്രകടവുമായിരുന്നു. ആസിഫ് മൊമന്റോ നൽകിയത് ഇഷ്ടപ്പെടാത്തതിനാൽ അത് വാങ്ങി ഉടൻ സംവിധായകൻ ജയരാജിന് രമേഷ് കൈമാറി. ശേഷം ജയരാജിൽ നിന്നും രമേഷ് അത് സ്വീകരിക്കുകയാണ് ചെയ്തത്. പൊതുവേദിയിൽ അപമാനിതനായിട്ടും ഒരു നീരസവും പരിപാടിയിൽ ഉടനീളം ആസിഫ് പ്രകടിപ്പിച്ചില്ല.
ഒരു പുഞ്ചിരികൊണ്ട് എല്ലാ അവഗണനയേയും അദ്ദേഹം നേരിട്ടു. സംഭവം സോഷ്യൽമീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഒരു വാക്കുപോലും ആസിഫ് പറയുകയോ രമേഷ് നാരായണനെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. വീഡിയോ വൈറലായശേഷം സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം ആസിഫിനെ അനുകൂലിച്ചും സൗമ്യമായ മനോഭാവത്തെ പ്രശംസിച്ചും എത്തുന്നുണ്ട്.
അക്കൂട്ടത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആസിഫിന്റെ മനസിന് ഇത്ര സൗന്ദര്യമുണ്ടെന്ന് തനിക്ക് മനസിലായത് രമേഷ് നാരായണൻ ആസിഫിനെ അവഹേളിച്ചത് കണ്ടപ്പോഴാണെന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഇന്നലേയും ആസിഫിനെ കണ്ട് കൈ കൊടുത്തതാണ്. പക്ഷെ ആസിഫിന്റെ മനസിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസിലായത് വിണ്ഡിറ്റ് രമേശൻ അയാളെ അവഹേളിച്ച വീഡിയോ കണ്ടപ്പോഴാണ്.
കണ്ണേ കരളെ ആസിഫേ ജീവിക്കുന്നു മനുഷ്യരിലൂടെ എന്നാണ് ഹരീഷ് പേരടി കുറിച്ചത്. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയും ആസിഫ് അലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം എന്നാണ് ആസിഫ് അലിയുടെ ചിത്രം പങ്കുവെച്ച് അമ്മ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചത്.

അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് വിഷയത്തിൽ ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. വീഡിയോ വിവാദമായതോടെ ആസിഫ് അലിയോട് ക്ഷമ ചോദിച്ച് രമേഷ് നാരായണൻ എത്തിയിരുന്നു. ആസിഫ് അലിയുടെ കയ്യിൽ നിന്ന് ഉപഹാരം വാങ്ങാൻ ഞാൻ വിസമ്മതിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ല.
ഇത് വീഡിയോ കണ്ട് തെറ്റിദ്ധാരണ മൂലം ആളുകൾ പറയുന്നതാണ്. ഞാൻ എന്റെ ജീവിതത്തിൽ ആരോടും വിവേചനം കാണിക്കുന്ന ആളല്ല. അങ്ങനെ ചെയ്തിട്ടുമില്ല. ആസിഫ് അലിയുടെ കയ്യിൽ നിന്ന് ഞാൻ മെമെന്റോ സന്തോഷത്തോടെയാണ് വാങ്ങിയത്. ജയരാജ് കൂടി എനിക്ക് അത് തരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്.
ഈ വീഡിയോ കണ്ട ജനങ്ങൾ തെറ്റിദ്ധരിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. എനിക്ക് ആസിഫ് അലിയെ ഇഷ്ടമാണ്. അദ്ദേഹത്തെ നിരസിക്കുന്ന ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിൽ ആസിഫിന് എന്നോട് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു എന്നാണ് രമേഷ് നാരായണൻ പറഞ്ഞത്. സോഷ്യൽമീഡിയ വഴി വലിയ രീതിയിലുള്ള വിമർശനമാണ് രമേഷിന് ലഭിക്കുന്നത്.


Click it and Unblock the Notifications











