ജയന്റെ വിയോഗം തീർത്ത മുറിവ് ഇന്നും തന്റെ ഉള്ളിലുണ്ട്, ആ പിണക്കത്തെ കുറിച്ച് ഹരിഹരൻ
ജയന് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഹരിഹരൻ. ഇപ്പോഴിത ജയനുമായിട്ടുള്ള പിണക്കത്തെ കുറിച്ച് മനസ് തുറന്ന് ഹരിഹരൻ. മാത്യഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയനുമായി ഉണ്ടായിരുന്ന ചില പിണക്കങ്ങൾ, അത് ഒത്തുതീർപ്പാക്കേണ്ടിയിരുന്ന ദിവസം അപ്രതീക്ഷിതമായി കേൾക്കേണ്ടിവന്ന മരണവാർത്തയെ കുറിച്ചാണ് സംവിധായകൻ വാചാലനായത്.

ജയനെയും നസീറിനെയും വെച്ച് ചെയ്യാനിരുന്ന സിനിമയാണ് 'അങ്കുരം'. ചിത്രത്തിന്റെ ഷൂട്ടിംഗ് ജയൻ കാരണം പല തവണ മാറ്റേണ്ടിവന്നിരുന്നെന്നും ഈ കാരണത്താൽ ജയനുമായി തർക്കം നിലനിന്നിരുന്നെന്നും ഹരിഹരൻ പറയുന്നു.
രണ്ട് തവണ ജയനുവേണ്ടി ചിത്രീകരണ തീയതി മാറ്റി വെച്ചിരുന്നു. ഒടുക്കം നിശ്ചയിച്ച തീയതിയിൽ ജയൻ ലൊക്കേഷനിൽ എത്തിയെങ്കിലും മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിനായി സംവിധായകനായ തന്നോട് പറയാതെ സെറ്റിൽ നിന്ന് പോയെന്നും ഹരിഹരൻ പറയുന്നു.
ഇതേ തുടർന്ന് ജയനും ഹരിഹരനും തമ്മിൽ പിണക്കത്തിലായിരുന്നു. സെറ്റിൽ വെച്ച് ജയനോട് ഹരിഹരൻ ക്ഷുഭിതനാവുകയും ചെയ്തു. പിന്നീട് സംഗീത സംവിധായകൻ ദേവരാജൻ മാഷിന്റെ നിർബന്ധത്തിന് വഴങ്ങി പിണക്കം പറഞ്ഞു തീർക്കാമെന്ന് കരുതി. എന്നാൽ ഒത്തുതീർപ്പിനായി കരുതിയ ദിവസമാണ് ജയന്റെ മരണവാർത്ത കേൾക്കണ്ടി വന്നത്. ആ മരണവാർത്തയേൽപ്പിച്ച മുറിവ് ഇന്നും തന്റെ ഉള്ളിൽ ഉണങ്ങാതെ നിൽക്കുന്നുണ്ട്, ഒപ്പം മരിക്കുന്നതിന് മുമ്പ് ജയനുമായുളള പിണക്കം പറഞ്ഞുതീർക്കാൻ കഴിയാത്തതിന്റെ ദു:ഖവും. ഹരിഹരൻ പറയുന്നു.
Recommended Video
ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചമി എന്ന ചിത്രമായിരിന്നു ജയന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയ നായകനെ ലഭിക്കുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്തിയ ജയന് അധികകാലം സിനിമയിൽ തിളങ്ങി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. മികച്ച ഒരുപിടി ചിത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം ചായങ്ങളും ചമയങ്ങളുമില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയാവുകയായിരുന്നു.


Click it and Unblock the Notifications











