'സുന്ദരിയായ ഒരു പെൺകുട്ടിയെ കിട്ടുമായിരുന്നു'; ഭാര്യയെ പരിഹസിച്ച് കമന്റ് നിറയുമ്പോൾ അശോക് സെൽവൻ പറഞ്ഞത്!
മലയാളികൾക്ക് ഒട്ടും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത തമിഴ് യുവനടനാണ് അശോക് സെൽവൽ. തെന്നിന്ത്യൻ സിനിമകളെല്ലാം തന്നെ ആസ്വദിക്കുന്നവരാണ് മലയാളികൾ എന്നതുകൊണ്ട് തന്നെ ഓ മൈ കടവുളൈ എന്ന സിനിമയുടെ റിലീസിന് ശേഷം വലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിയെടുക്കാൻ അശോക് സെൽവനായി.
സൂദ് കാവാണ് അശോക് സെൽവന് ആരാധകരെ നേടിക്കൊടുത്ത മറ്റൊരു ചിത്രം. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അശോക് സെൽവൻ അഭിനയിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പോർ തൊഴിൽ ആയിരുന്നു അശോകിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.
കഴിഞ്ഞ ദിവസമായിരുന്നു അശോക് സെൽവന്റെ വിവാഹം. നടി കീർത്തി പാണ്ഡ്യനെയാണ് അശോക് സെൽവൻ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. തമിഴില്‍ വില്ലന്‍ വേഷങ്ങളിലൂടെ ആളുകൾ സുപരിചിതനായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി പാണ്ഡ്യൻ. അതീവ രഹസ്യമായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം.

അതുകൊണ്ട് തന്നെ അശോക് സെൽവൻ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോഴാണ് ഇരുവരും വിവാഹിതരായെന്ന വിവരം ആരാധകരും മാധ്യമങ്ങളും അറിയുന്നത്. എന്നാൽ വിവാഹ ചിത്രം പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഹേറ്റ് കമന്റുകളാണ്.
കീർത്തിയെ പരിഹസിച്ചുള്ളതാണ് കമന്റുകളിൽ ഏറെയും ഇരുവരും തമ്മിലുള്ള നിറ വ്യത്യാസവും മറ്റുമാണ് ഹേറ്റ് കമന്റുകൾക്ക് പിന്നിലെ കാരണം. നിങ്ങളുടെ മൂല്യത്തിന് ഇതിനേക്കാൾ മികച്ചതും സുന്ദരിയുമായ ഭാര്യയെ നിങ്ങൾ അർഹിക്കുന്നു, ഏറ്റവും മോശം ജോഡി... പണം കണ്ട് വിവാഹം ചെയ്തതാണെന്ന് തോന്നുന്നു എന്നെല്ലാമാണ് കമന്റുകൾ കീർത്തിയെ പരിഹസിച്ച് വന്നത്.
അതേസമയം ഒരു വിഭാഗം കീർത്തിയെ പിന്തുണച്ചും എത്തി. എന്നാൽ ഇരുവരും സോഷ്യൽമീഡിയയിൽ വരുന്ന ഹേറ്റ് കമന്റുകളോട് പ്രതികരിച്ചിട്ടില്ല. നിറത്തെ ചൊല്ലി കീർത്തിക്കെതിരെ ഹേറ്റ് കമന്റുകൾ നിറയുമ്പോൾ അശോക് സെൽവന്റെ പഴയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്.
ഇരുണ്ട നിറത്തിലുള്ള താരങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള അവതാരകയുടെ ചോദ്യത്തിന് പക്വതയും കുറിക്കുകൊള്ളുന്നതുമായ മറുപടിയാണ് അശോക് സെൽവൻ നൽകിയത്. 'നിങ്ങളെ വളരെ സ്മാർട്ടായും ഹാൻഡ്സമായും കാണപ്പെടുന്നു. എന്നാൽ ഇപ്പോൾ തമിഴ് സിനിമയിൽ ഉള്ള ബോയ് നെക്സ്റ്റ് ഡോർ ഇമേജുള്ള താരങ്ങളെയാണ് ആരാധകർക്ക് ഏറെയും ഇഷ്ടം.'

'ധനുഷ്, വിജയ് സേതുപതി എന്നിവർക്കെല്ലാം ബോയ് നെക്സ്റ്റ് ഡോർ ഇമേജുണ്ട്. അതുകൊണ്ട് നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്ക് പ്ലസ്സായാണോ മൈനസായാണോ തോന്നുന്നത്', എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഉടൻ അശോക് സെൽവന്റെ മറുപടി എത്തി... 'നിങ്ങൾ എന്ത് കണ്ടിട്ടാണ് സൗന്ദര്യം എന്ന് പറയുന്നത് എന്ന് എനിക്ക് അറിയില്ല.'
'എന്നെ സംബന്ധിച്ചിടത്തോളം ധനുഷ്, വിജയ് സേതുപതി എന്നിവരെല്ലാം അതീവ സുന്ദരന്മാരാണ്. സൗന്ദര്യം എന്നത് ഒരു പെർസെപ്ഷനാണ്. ഫെയർ ആയിരുന്നാൽ സൗന്ദര്യമുണ്ടാകുമോ?. ഇതെല്ലാം തെറ്റായ പെർസെപ്ഷനാണ്. വെളുപ്പ് എന്നത് ഒരു നിറമാണ് അല്ലാതെ സൗന്ദര്യമല്ല. സ്ലേവറിയുടെ മൈന്റ് സെറ്റാണ് ഇത്തരം ചിന്ത', എന്നാണ് മറുപടിയായി അശോക് സെൽവൻ പറഞ്ഞത്.
വീഡിയോ വൈറലായതോടെ അശോക് സെൽവന്റെ കാഴ്ചപ്പാടിനെ പ്രശംസിക്കുകയാണ് ആരാധകർ. സിനിമയിലെത്തിയ തുടക്കകാലത്തും കീര്‍ത്തിയ്ക്ക് നല്ല രീതിയിലുള്ള അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മുഖം ശരിയല്ല, കാണാന്‍ കൊള്ളില്ല, മെലിഞ്ഞിരിക്കുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങളെ അതിജീവിച്ചാണ് കീര്‍ത്തി അഭിനയത്തിലേക്ക് വന്നത്.
കീര്‍ത്തി പാണ്ഡ്യന്റെ ഇഷ്ടം പരിഗണിച്ചാണ് അശോക് സെല്‍വനുമായുള്ള വിവാഹത്തിന് അരുണ്‍ പാണ്ഡ്യന്‍ സമ്മതിച്ചത്. പക്ഷെ വിവാഹം എവിടെ നടത്തണം എന്നത് അരുണ്‍ പാണ്ഡ്യന്റെ താത്പര്യമായിരുന്നു. ചെന്നൈയില്‍ ആര്‍ഭാടമായി വിവാഹം നടത്താമായിരുന്നിട്ടും തന്റെ ഗ്രാമത്തില്‍ വളരെ ലളിതമായിട്ടാണ് ചടങ്ങ് നടത്തിയത്.


Click it and Unblock the Notifications