ഹൻസിക അന്നേ ഒരുപാട് വേദന അനുഭവിച്ചു, അച്ഛൻ ജയിക്കണമെന്ന് അവർ ആഗ്രഹിച്ചു; മക്കൾക്കും ബിജെപിയിൽ അംഗത്വം?
സിനിമാ താരം, രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ കൃഷ്ണകുമാർ ഇപ്പോൾ അറിയപ്പെടുന്നത് നാല് മക്കളുടേയും പേരിലാണ്. ദിയയുടെ അച്ഛനല്ലേ... ഹൻസികയുടെ അച്ഛനല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പുറത്തിറങ്ങിയാൽ തന്നെ തിരിച്ചറിയുന്ന പുതുതലമുറയിലുള്ളവർ പോലും ചോദിക്കാറുള്ളതെന്ന് കൃഷ്ണകുമാർ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ആ ചോദ്യങ്ങൾ കേൾക്കുന്നത് അദ്ദേഹത്തിനും സന്തോഷമാണ്. മക്കൾക്കൊപ്പം എന്നും പ്രോത്സാഹനമായും സഹായമായും നിൽക്കുന്ന കൃഷ്ണകുമാറിനെ പലരും ഇപ്പോൾ മാതൃകയാക്കാറുമുണ്ട്.
പല മേഖലകളിലും എന്നേക്കാൾ അറിവും പക്വതയും മക്കൾക്കുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ട് ഞാനാണ് വലുതെന്നോ ഞാൻ ചിന്തിക്കുന്നതാണ് ശരിയെന്നോ എനിക്ക് തോന്നിയിട്ടില്ല. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം ഞാൻ പോകുമ്പോൾ അവർക്കും സമാധാനമുണ്ട് എനിക്കും സമാധാനമുണ്ട്. അതുകൊണ്ട് ഇന്നേവരെ അവരെ ഒന്നിലും ഞാൻ നിയന്ത്രിച്ചിട്ടില്ല.

ജീവിതത്തിന്റെ നല്ലൊരു ശതമാനത്തിലും എന്റെ ഇഷ്ടം പോലെയാണ് ഞാൻ ജീവിച്ചത്. അതിൽ നെഗറ്റീവ് സൈഡ് ചിന്തിക്കരുത്. നമുക്ക് ശരിയെന്ന് തോന്നുന്നതും മറ്റൊരാൾക്ക് ഉപദ്രവമാകാത്തതുമായ കാര്യങ്ങൾ പരമാവധി ചെയ്യുക എന്നതാണ്. എന്റെ മക്കളും അതുപോലെ ജീവിക്കണമെന്നാണ്. ഹാപ്പിനസ് ഇല്ലെങ്കിൽ വിജയം ഉണ്ടാകില്ല. എന്റെ മക്കളുടെ എല്ലാ കാര്യത്തിലും ഞാൻ അവർക്കൊപ്പം നിൽക്കാറുണ്ട്. നല്ല പാരന്റാണ് ഞാനെന്ന് എനിക്ക് തോന്നാറില്ല.
പലപ്പോഴും അവരെ മക്കളായിട്ട് പോലും തോന്നാറില്ല. കൂട്ടുകാരിയിട്ടാണ് തോന്നാറുള്ളത‍്. എന്ത് ആവശ്യം വന്നാലും അവർ കൂടെ നിൽക്കാറുണ്ടെന്നും കൃഷ്ണകുമാർ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വീട്ടിലെ ഫിനാഷ്യൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സിന്ധുവാണ്. ഒരു ഓഡിറ്റർ കമ്പനിയുമുണ്ട്. കൃത്യമായി ടാക്സ് അടക്കാറുമുണ്ട്. ഫിനാഷ്യൽ ഡിസിപ്ലിൻ ഞങ്ങൾക്കുണ്ട്.
അതിൽ ചെറിയ തകരാറ് വന്നപ്പോഴാണ് മകൾ ദിയയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നത്. ചിലവാക്കി തന്നെ പോകണം എന്നാണ് മക്കളോട് പറയാറുള്ളത്. ഷോ വേൾഡാണല്ലോ. കൊവിഡിനുശേഷം എല്ലാവർക്കും മനസിലായി ചിലവാക്കി തന്നെ പോകണം സമ്പാദിച്ച് വെച്ചിട്ട് കാര്യമില്ലെന്ന്. ഉണ്ടാക്കുന്ന വരുമാനം മുഴുവൻ നമ്മുടേത് അല്ലെന്നും അതിനാൽ ഒരു പത്ത് ശതമാനം ഞങ്ങളുടെ ചാരിറ്റി ഓർഗനൈസേഷനായ അഹാദിഷികയിലേക്ക് നൽകണമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
മക്കൾക്ക് രാഷ്ട്രീയം താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയാൽ എല്ലാവർക്കും താൽപര്യമുണ്ട്. രാഷ്ട്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി മാത്രമാണ് രാഷ്ട്രീയം. അതിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ ഓരോരുത്തർക്ക് ചേരാം. ഏത് പാർട്ടിയിൽ ചേർന്നാലും അത് രാജ്യത്തിന്റെ നന്മയ്ക്കാണെങ്കിൽ ഒരു കുഴപ്പവുമില്ല.

ഞാൻ വിശ്വസിക്കുന്ന പാർട്ടി ബിജെപിയായതുകൊണ്ട് എന്റെ മക്കൾക്ക് അതിൽ ഇഷ്ടം വരണമെന്നില്ല. ഞാൻ നിർബന്ധിച്ചിട്ടില്ല. അവരാരും പാർട്ടിയിൽ അംഗത്വം എടുത്തിട്ടുമില്ല. ഞാൻ ഇലക്ഷന് നിൽക്കുമ്പോൾ അച്ഛൻ ജയിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് സപ്പോർട്ട് ചെയ്യാൻ മക്കൾ വരുന്നു. അതിനെ പലരും പാർട്ടിയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. ബിജെപിയോട് അവർക്ക് ഇഷ്ട കുറവില്ല. സിനിമ നടൻ എന്നതുകൊണ്ടോ സെലിബ്രിറ്റി എന്ന ലേബൽ ഉള്ളതുകൊണ്ടോ കേരളത്തിൽ വന്ന് വോട്ട് നേടാമെന്ന് വിചാരിക്കേണ്ട.
കേരളത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇവിടെ വന്നാൽ ജോലി കൂടി എടുക്കണം. ഗ്രാസ് റൂട്ട് ലെവലിൽ വർക്ക് ചെയ്താൽ സെലിബ്രിറ്റി സ്റ്റാറ്റസ് നിങ്ങളെ ചിലപ്പോൾ ഹെൽപ്പ് ചെയ്തേക്കും എന്നും കൃഷ്ണകുമാർ പറഞ്ഞു. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ഇളയ മകൾ ഹൻസികയെ കുറിച്ചും നടൻ സംസാരിച്ചു. ഹൻസിക ഒരു അസാമാന്യ ക്യാരക്ടറാണ്. ജനിച്ച് ഒന്നര വർഷമായപ്പോഴേക്കും അവൾക്കൊരു ആരോഗ്യപ്രശ്നം വന്നു.
കുറച്ചുകാലം അവൾ അതിന്റെ പേരിൽ ബുദ്ധിമുട്ടി വേദന അനുഭവിച്ചു. ധാരാളം മരുന്നുകൾ അവളുടെ ശരീരത്തിൽ കയറിയിട്ടുണ്ട്. എല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നയാളാണ്. ഒരാളോടും വഴക്ക് കൂടാറില്ല. ഞങ്ങൾ വഴക്ക് കൂടിയാൽ പോലും അതിൽ ഒരു സമാധാനം ഉണ്ടാക്കാൻ വരുന്നയാളാണ്. അവൾ ഇടപെട്ടാൽ പ്രശ്നം അവസാനിക്കും. എന്നെക്കാൾ വളരെ മുകളിലാണ് അവളെന്ന് തോന്നാറുണ്ട്. വഴക്ക് കൂടാൻ ഒരു ചാൻസ് പോലും മക്കൾ തരാറില്ല. അവർക്കെല്ലാം പക്വത വന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു.


Click it and Unblock the Notifications











