'നിൽക്കുന്നിടത്ത് ഐശ്വര്യം... ഒപ്പം ഉള്ളവർക്ക് രാജയോഗം'; തൃക്കേട്ട നക്ഷത്രക്കാരിയായ മഞ്ജുവിനെ കുറിച്ച് ആരാധകർ
സെപ്തംബർ മാസത്തിൽ മെഗാസ്റ്റാറിന്റെ മാത്രമല്ല ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെയും പിറന്നാളാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും നേർന്നു. താരത്തിന്റെ പ്രിയ സുഹൃത്തായ ഭാവന മഞ്ജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് ആശംസകൾ നേർന്നത്. വിക്കിപീഡിയ പ്രകാരമാണെങ്കിൽ നാൽപ്പത്തിയാറാം പിറന്നാളാണ് ഇന്ന് മഞ്ജു ആഘോഷിക്കുന്നത്. എന്നാൽ വിക്കിപീഡിയയിലെ വിവരങ്ങൾ എല്ലാമൊന്നും ശരിയല്ലെന്ന് മഞ്ജു തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ പത്തിന് തന്നെയാണ് ജന്മദിനം. എന്നാല്‍ വര്‍ഷമോ വയസോ ശരിയല്ലത്രെ. എന്നാൽ കൃത്യമായ വർഷമോ വയസോ മഞ്ജു വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടുമില്ല. നാൽപ്പതുകളിൽ എത്തിയെങ്കിലും മഞ്ജു ഇരുപതുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് ആരാധകർ പറയാറ്.

പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി. സല്ലാപത്തിലെ പാവാടക്കാരിയിൽ നിന്നും മഞ്ജുവിനെ വളരാൻ മലയാളി അനുവദിച്ചിട്ടില്ലെന്നത് ആശംസകളിൽ നിന്നും നടിയോട് കാണിക്കുന്ന സ്നേഹത്തിൽ നിന്നും വ്യക്തമാണ്. മഞ്ജു വാര്യർ മലയാളികൾക്ക് വെറുമൊരു സിനിമ നടിയല്ല. ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനം കൂടിയാണ്.
പ്രത്യേകിച്ച് സ്ത്രീകൾക്ക്. ജീവിത പരാജയങ്ങളിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്ന് പറന്നവളാണ്. കുടുംബ ബന്ധങ്ങളിൽ താളം തെറ്റിയപ്പോൾ കാലിടറാതെ തിരികെ എഴുന്നേറ്റ് വന്ന് ജീവിച്ച് കാണിച്ച് കൊടുത്തു. മഞ്ജുവിന് ലഭിക്കുന്ന സ്നേഹം മറ്റൊരു നായിക നടിയും മലയാളി നൽകിയിട്ടുണ്ടാവില്ല.
അതുകൊണ്ട് തന്നെയാണ് രണ്ടാം വരവ് ആഘോഷിക്കപ്പെട്ടതും. പതിനെട്ടാമത്തെ വയസിൽ സല്ലാപത്തിൽ ദിലീപിന്റെ നായികാ വേഷം അവതരിപ്പിച്ച് എത്തിയ മഞ്ജു ഇന്ന് തമിഴിൽ അടക്കം കൈ നിറയെ സിനിമകളുമായി തിരക്കിലാണ്.
കഴിഞ്ഞ കുറച്ച് നാളുകളിൽ നല്ലൊരു ഹിറ്റ് സൃഷ്ടിക്കാൻ നടിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ നല്ലൊരു ഹിറ്റിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളിന് മുന്നോടിയായി മഞ്ജുവും ഭാഗമാകുന്ന രജിനികാന്ത് സിനിമ വേട്ടയ്യനിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. വളരെ നാളുകൾക്കുശേഷം മഞ്ജുവിന്റെ ഒരു ഡാൻസ് പെർഫോമൻസ് വേട്ടയ്യനിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയെന്നൊരു വിശേഷണവും മഞ്ജുവിന് ആരാധകർക്കിടയിലുണ്ട്. അതിനുള്ള ഉദാഹരണമാണ് സാധാരണ കുടുംബത്തിൽ നിന്ന് സിനിമയിൽ വന്ന് മഞ്ജു കെട്ടിപൊക്കിയ സാമ്രാജ്യം. എവിടെയും വിജയം നേടാൻ മഞ്ജുവിന് കഴിയുമെന്ന് നടിയുടെ ജന്മനക്ഷത്രത്തെ കുറിച്ചുള്ള വിവരണങ്ങളിൽ പറയുന്നുമുണ്ട്. പിറന്നാൾ ദിനത്തിൽ ആരാധകർ ചർച്ച ചെയ്യുന്നതും മഞ്ജുവിന്റെ നാളിന്റെ പ്രത്യേകതകളാണ്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നടിയുടെ നക്ഷത്രം തൃക്കേട്ടയാണ്. തൃക്കേട്ട നക്ഷത്രത്തിൽ പിറന്നവർ പൊതുവെ ദുർബല ഹൃദയരാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ നാളുകാരെ ചുറ്റിപ്പറ്റി ജീവിക്കുന്നവർക്ക് ഗുണങ്ങളേയുണ്ടാകു. ഈ നാളുകാർ നിൽക്കുന്ന ഇടത്ത് ഐശ്വര്യം വന്നുകയറുമത്രെ. അതിനാൽ തൃക്കേട്ടക്കാരിയായ മഞ്ജു എവിടെ നിൽക്കുന്നോ അവിടെ ഐശ്വര്യം വരും. ആ വീട്ടിലുള്ള ആളുകൾക്ക് രാജയോഗവുമുണ്ടാകും.
മഞ്ജുവിന്റെ നക്ഷത്രത്തിന്റെ ഗുണങ്ങൾ ചർച്ചയായതോടെ നടിയുടെ മുൻകാല ജീവിതവും ചർച്ചയാകുന്നുണ്ട്. കാരണം മഞ്ജുവുമായുള്ള വിവാഹശേഷമാണ് ഇന്ന് കാണുന്ന സൗഭാഗ്യങ്ങളെല്ലാം മുൻ ഭർത്താവ് ദീലിപിന് വന്ന് ചേർന്നത്. മഞ്ജു വിവാഹ ബന്ധം അവസാനിപ്പിച്ച് പടിയിറങ്ങി പോയതോടെയാണ് ദിലീപിന് നഷ്ടങ്ങൾ സംഭവിക്കാൻ തുടങ്ങിയതെന്നും ആരാധകർ മുമ്പ് നടിയുടെ ജന്മ നക്ഷത്രത്തിന്റെ ഗുണങ്ങൾ വിവരിച്ച് പറഞ്ഞിരുന്നു.
ദിലീപിന്റെ ഐശ്വര്യം മഞ്ജുവായിരുന്നുവെന്നാണ് ഇപ്പോഴും ആരാധകർ വിശ്വസിക്കുന്നത്. ഫൂട്ടേജാണ് അവസാനം റിലീസ് ചെയ്ത മഞ്ജുവിന്റെ മലയാള സിനിമ. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications