'എന്റെ ഇന്നസെന്റ് ചേട്ടൻ ഇല്ലല്ലോ...'; നടന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ പൊട്ടിക്കരഞ്ഞ് ഭാര്യ ആലീസ്!
തിലകനും നെടുമുടി വേണുവിനും കെപിഎസി ലളിതയ്ക്കും പിന്നാലെ മറ്റൊരു മഹാപ്രതിഭ... ഇന്നസെന്റ് കൂടി അരങ്ങൊഴിഞ്ഞിരിക്കുകയാണ്. ഇനി അദ്ദേഹം ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ ലോകമുള്ള കാലം വരെ താരം ഓർമിക്കപ്പെടും. ദേവാസുരത്തിലെ വാര്യരെപ്പോലെയോ റാംജി റാവു സ്പീക്കിങിലെ മത്തായിച്ചനെപ്പോലെയോ ഒരു കഥാപാത്രം അദ്ദേഹത്തിൽ നിന്നും പിറവികൊള്ളില്ലല്ലോയെന്ന് ആലോചിക്കുമ്പോഴാണ് ലക്ഷോപലക്ഷം പ്രേക്ഷകരുടെ ഹൃദയം നുറുങ്ങുന്നത്.
സരസമായിട്ടുള്ള സംസാരത്തിലൂടെയാണ് അദ്ദേഹം അഭിമുഖങ്ങളിൽ പോലും പ്രേക്ഷകനെ പിടിച്ച് ഇരുത്തുന്നത്. ഇന്നസെന്റിന്റെ കലാ ജീവിതത്തിന് എപ്പോഴും കരുത്ത് പകർന്ന് ഒപ്പം നിന്നവരിൽ പ്രധാനി ഭാര്യ ആലീസായിരുന്നു.

ഏത് അവസരത്തിലും ഭാര്യയെ കുറിച്ച് ഒരു വാക്ക് പറയാതെ ഇന്നസെന്റ് അവസാനിപ്പിക്കാറില്ല. തനിക്ക് പ്രണയം എന്നാൽ തന്നെ ആലീസാണെന്നാണ് ഇന്നസെന്റ് പറയാറുള്ളത്. നടന് ബാധിച്ചത് പോലെ തന്നെ ആലീസും കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ്.
സുഖത്തിലും ദുഖത്തിലും രോഗത്തിലും ഒപ്പം നിന്ന പ്രിയ ഭർത്താവ് ഇന്നസന്റ് മരണത്തിൽ തന്നെ തനിച്ചാക്കി പോയതിന്റെ ആഘാതത്തിൽ തകർന്നടിഞ്ഞ് ഭാര്യ ആലീസ് പാർപ്പിടത്തിലേക്ക് തിരികെയെത്തി. നാൽപത്തിയേഴ് വർഷം നീണ്ട ദാമ്പത്യത്തിൽ ആലീസില്ലാതെ ഇന്നസന്റ് യാത്ര ചെയ്തിട്ടില്ല.
പട്ടിണിയിലും സമ്പന്നതയിലും ആലീസ് ഇന്നസെന്റിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നു. 'എന്റെ ഇന്നസെന്റ് ചേട്ടൻ ഇല്ലല്ലോ...' എന്ന നിറത്താതെ കരഞ്ഞ് പറഞ്ഞാണ് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പ്രിയപ്പെട്ട ഭർത്താവ് ഇല്ലാതെ ആലീസ് എത്തിയത്. തനിക്ക് കാൻസർ വന്നതിനേക്കാൾ ഭാര്യയ്ക്ക് രോഗം ബാധിച്ചതാണ് ഇന്നസെന്റിനെ തളർത്തിയത്.
ചിരിച്ചുകൊണ്ട് അസുഖത്തെ നേരിട്ട ഇന്നസെന്റ് അതേ ചിരി ഉപയോഗിച്ച് ആലീസിനെ ചിരിപ്പിച്ച് രോഗമുക്തയാക്കി. ഇന്നച്ചന്റെ സ്നേഹമില്ലാത്ത വീട്ടിലേക്ക് തിരികെ എത്താൻ താൽപര്യപ്പെടാതെ തളർന്ന് നിൽക്കുന്ന ആലീസ് ആശ്വസിപ്പിക്കാനെത്തിയവരേയും സങ്കടത്തിലാക്കി.
പ്രണയവിവാഹം ആയിരുന്നു എന്നാണ് പൊതുവെ ഉള്ള ധാരണ എങ്കിലും പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തങ്ങളുടേതെന്ന് ആലീസും ഇന്നസെന്റും തുറന്ന് പറഞ്ഞിട്ടുണ്ട്. പെണ്ണ് കാണാൻ എത്തിയപ്പോൾ ഇന്നസെന്റ് നടനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആലീസ് പറഞ്ഞിട്ടുണ്ട്.

'ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കീമോ ചെയ്യാൻ പോയിരുന്നത് അതും സന്തോഷമായി തന്നെ. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. പ്രണയത്തിന് ഒരു ഡെഫനിഷൻ കൊടുത്താൽ തമ്മിൽ തമ്മിൽ മനസിലാക്കി ജീവിക്കണം' എന്നാണ് ആലീസ് ഒരിക്കൽ ഇന്നസെന്റിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. 'ഇന്നസന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല. മരിച്ച് പോയിയെന്നും ഞാൻ വിശ്വസിക്കുന്നില്ല.'
'അദ്ദേഹം ദൂരെ എവിടെയോ നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷെ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല.... ആവും ആവാതിരിക്കാൻ പറ്റില്ലലോ' എന്നാണ് സലിം കുമാർ ഇന്നസെന്റിനെ അനുസ്മരിച്ച് എഴുതിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കും നിരവധി പേരാണ് ഒഴുകി എത്തുന്നത്.
ഇന്നലെ രാത്രി 10. 30യോടെയാണ് ഇന്നസെന്‍റ് അന്തരിച്ചത്. കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം നടക്കുകയാണ് ഇപ്പോൾ.
വൈകീട്ട് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ദിലീപ്, ജയറാം, ബാബുരാജ്, ഇടവേള ബാബു, ബാദുഷ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്നസെന്റിന്റെ അവസാന യാത്രയിലും ഒപ്പമുണ്ട്.


Click it and Unblock the Notifications