ഹലോയിലെ നായികയല്ലേ ഇത്!; എന്തൊരു മാറ്റം; പാർവതി മെൽട്ടണിന്റെ ഇപ്പോഴത്തെ ജീവിതം
കുറച്ച് സിനിമകൾ ചെയ്ത് വൻ ജനപ്രീതി നേടി പിന്നീട് ലൈം ലൈറ്റിൽ കാണാതെയാവുന്ന നിരവധി നടിമാരുണ്ട്. വെള്ളിനക്ഷത്രം സിനിമയിലെ നായിക മീനാക്ഷി ഇതിനുദാഹരണമാണ്. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് മീനാക്ഷിയെ ഒരു അഭിമുഖത്തിൽ ആരാധകർ കണ്ടത്. ആര്യ എന്ന അല്ലു അർജുൻ ചിത്രത്തിലെ നായിക അനു മെഹ്തയെയും ആരാധകർ കണ്ടിട്ട് എറെക്കാലമായി. മലയാളത്തിൽ ഹലോ എന്ന ഒറ്റ സിനിമയിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് പാർവതി മെൽട്ടൺ.
മോഹൻലാൽ നായകനായ ഹലോ 2007 ലാണ് പുറത്തിറങ്ങിയത്. ഇന്നും ഈ സിനിമയിലെ ഗാനങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഹലോയിലെ നായിക വേഷം പാർവതി മെൽട്ടൺ മികച്ചതാക്കി. ഇന്ത്യൻ വംശജയായ പാർവതി മോഡലിംഗിൽ നിന്നുമാണ് സിനിമാ ലോകത്തേക്ക് എത്തിയത്. 2005 ൽ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. സിനിമ മികച്ച വിജയം നേടി. മലയാളത്തിൽ ഹലോയിൽ നായികയായതോടെ ജനപ്രീതി കൂടി. പിന്നീട് ഫ്ലാഷ് എന്ന മലയാള ചിത്രത്തിൽ അതിഥി വേഷത്തിലും നടി അഭിനയിച്ചു.

കൂടുതലും തെലുങ്ക് സിനിമകളിലാണ് പാർവതി അഭിനയിച്ചത്. പാർവതിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒറ്റ നോട്ടത്തിൽ ഹലോയിലെ നായിക പാർവതി മെൽട്ടണാണിതെന്ന് മിക്കവർക്കും മനസിലാവില്ല. മുഖത്ത് വല്ലാതെ മാറ്റം തോന്നുന്നുണ്ട്. മോഡലിംഗിലാണ് പാർവതി ഇന്ന് ശ്രദ്ധ നൽകുന്നത്. പാർവതി മെൽട്ടണിന്റെ അമ്മ പ്രീതി സിംഗ് പഞ്ചാബിയാണ്. അച്ചൻ സാം മെൽട്ടൺ ജർമ്മൻകാരനും. സാൻ ഫ്രാൻസിസ്കോയിലാണ് പാർവതി ജനിച്ചതും വളർന്നതും.
ചെറുപ്പം തൊട്ടെ ഭരതനാട്യം പഠിച്ചിട്ടുണ്ട്. അരിയാന സിതാര മെൽട്ടൻ എന്ന സഹോദരിയും പാർവതിക്കുണ്ട്. യുഎസിലെ സൗന്ദര്യ മത്സര വേദികളിൽ പാർവതി മെൽട്ടൺ വിജയിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്താണ് വെണ്ണല എന്ന തെലുങ്ക് ചിത്രത്തിന്റെ ഓഫർ വരുന്നത്. ഈ സിനിമയിൽ അഭിനയിച്ച ശേഷം തിരികെ പഠനത്തിലേക്ക് ശ്രദ്ധ കൊടുക്കാമെന്ന് കരുതിയെങ്കിലും അന്നത് സാധിച്ചില്ല.

ആദ്യ ചിത്രം ഹിറ്റായതോടെ പാർവതി മെൽട്ടണെ തേടി നിരവധി അവസരങ്ങളെത്തി. അതേസമയം 2012 ലാണ് നടിയെ അവസാനമായി സിനിമകളിൽ കണ്ടത്. യമഹോ യമ എന്ന തെലുങ്ക് ചിത്രമാണ് പാർവതി മെൽട്ടന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. 2013 ൽ വിവാഹിതയായ ശേഷം പാർവതി അഭിനയ രംഗം വിട്ടു. മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഷംസു ലനാനിയെയാണ് പാർവതി വിവാഹം ചെയ്തത്.
വൈറലാകുന്ന പാർവതിയുടെ ഫോട്ടോകൾക്ക് താഴെ മലയാളികളും കമന്റുകളുമായി എത്തുന്നുണ്ട്. ഹലോ സിനിമയിലൂടെ നായികയല്ലേ ഇതെന്ന് പലരും ആശ്ചര്യത്തോടെ ചോദിക്കുന്നു. ടോളിവുഡ് പ്രേക്ഷകരും കമന്റുകളുമായെത്തുന്നുണ്ട്. തെലുങ്ക് സിനിമാ രംഗത്തേക്ക് മടങ്ങി വരുമോ എന്നാണ് ഇവരുടെ ചോദ്യം. നിങ്ങൾ എന്റെ ബാല്യകാലത്തെ ക്രഷ് ആയിരുന്നു, ഇന്നും ആ ഭംഗി നിലനിൽക്കുന്നെന്നും കമന്റുണ്ട്.


Click it and Unblock the Notifications











