പ്രശ്നങ്ങളൊന്നും വീട്ടിൽ പറഞ്ഞില്ല, അവരുടെ മുന്നിൽ ചിരിച്ചു; സ്വയം അനുഭവിക്കാൻ തയ്യാറായി: മീര പറഞ്ഞത്
സിനിമാ രംഗത്ത് പല നായിക നടിമാർക്കും ശോഭിക്കാനായതിൽ മാതാപിതാക്കളുടെ വലിയ പിന്തുണയും ഒരു കാരണമാണ്. ഒരു കാലഘട്ടത്തിലെ നായികമാരുടെ കരിയറിലെ തീരുമാനങ്ങൾ എടുത്തിരുന്നത് മാതാപിതാക്കളാണ്. നടി അസിന്റെ തെന്നിന്ത്യൻ സിനിമാ കരിയറിലുടനീളം പിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. പല നടിമാർക്കൊപ്പവും സെറ്റിൽ ഒപ്പമെത്തിയിരുന്നത് മാതാപിതാക്കളാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു മീര ജാസ്മിൻ. കരിയറിൽ ഒറ്റയ്ക്കാണ് മീര മുന്നോട്ട് പോയത്. അച്ചന്റെയോ അമ്മയുടെയോ പിന്തുണയല്ല നടിയെ മുന്നോട്ട് നയിച്ചത്. ഇതേക്കുറിച്ച് ഒരിക്കൽ മീര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ സ്വന്തമായ തീരുമാനങ്ങളാണ് എല്ലാം. ഞാനങ്ങനെ ആശ്രയിക്കാറില്ല. എനിക്ക് സുഖമില്ലാത്ത ഒരു സഹോദരനുണ്ട്. വീട്ടിലെ മൂത്തയാളാണ്. ഞാനുമായി ഒരുപാട് പ്രായവ്യത്യാസമുണ്ട്. അദ്ദേഹം ഫിസിക്കലി ചലഞ്ച്ഡ് ആണ്. എന്റെ പാരന്റ്സിന് പ്രായമായി. എനിക്ക് എന്റെ പ്രഷറുകളൊന്നും എന്റെ വീട്ടുകാരെ അറിയിക്കാൻ താൽപര്യം ഇല്ല. ചെറിയ വേദനയോ എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഒന്നും അറിയിക്കില്ല. അവരുടെ മുന്നിൽ ഞാൻ ചിരിച്ചേ നിൽക്കൂ. ട്വന്റി ട്വന്റി എന്ന സിനിമയുടെ സമയത്തൊക്കെ ഓരോരുത്തർ ഓരോന്ന് പ്രചരിപ്പിച്ച് നടന്നു.

അങ്ങനെ പല പ്രശ്നങ്ങളുമുണ്ടാകും. പ്രൊഫഷനാകുമ്പോൾ ഫീൽഡിൽ പല പ്രശ്നങ്ങളും ഉണ്ടാകുമല്ലോ. അത് ഞാൻ അമ്മയോട് പറയുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യില്ല. കാരണം എന്നെ സംബന്ധിച്ച് എനിക്കിനി അവരെ ശ്രദ്ധിക്കണം, അവർ എന്നെയല്ല ശ്രദ്ധിക്കേണ്ടത്. എന്റെ ബേബീസ് ഇപ്പോൾ അവരാണ്. കുറേ നാൾ മുമ്പ് എന്റെ അച്ഛനും അമ്മയും മൂത്ത ചേട്ടനുമാണ് എന്നെ സംബന്ധിച്ച് ബേബീസ്. അവർക്ക് ഒരിക്കലും ഒരു ഭാരം ഞാൻ കൊടുക്കില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെ തീരുമാനിക്കും. ആ തീരുമാനത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അത് ഞാൻ തന്നെ അനുഭവിക്കും എന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു.
ജോസഫ് ഫിലിപ്പിനും ഏലിയാമ്മ ജോസഫിനും പിറന്ന മീര ജാസ്മിൻ. നാല് മക്കളാണിവർക്ക്. ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ് എന്നിവരാണ് മീരയുടെ സഹോദരങ്ങൾ. മീരയെ പോലെ സഹോദരങ്ങളും സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സഹോദരി ജെനി സാറ ജോസഫ് സ്കൂൾ ബസ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ ജോർജ് സിനിമോട്ടോഗ്രാഫറാണ്.
2010 ന് ശേഷമാണ് മലയാള സിനിമാ രംഗത്ത് മീര ജാസ്മിൻ സജീവമല്ലാതായത്. പലപ്പോഴും വിവാദങ്ങളിൽ നടി അകപ്പെട്ടു. സംവിധായകൻ കമൽ മീര പ്രൊഫഷണല്ലെന്ന് ആരോപിച്ച് രംഗത്ത് വന്നു. എന്നാൽ നടി പ്രതികരിച്ചില്ല. ഒരു ഘട്ടത്തിൽ മീര സിനിമാ ലോകത്ത് നിന്നും പൂർണമായും മാറി നിന്നു. ദുബായിലാണ് നടി താമസിക്കുന്നത്. മകൾ എന്ന സിനിമയിലൂടെയായിരുന്നു തിരിച്ച് വരവ്. ക്യൂൻ എലിസബത്ത്, പാലും പഴവും എന്നിവയാണ് മീരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും ചെയ്തു.


Click it and Unblock the Notifications











