മോഹന്‍ലാലിന്റെ മാസ് പ്രകടനം, പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സ്! എമ്പുരാന്റെ വരവ് അതിശയിപ്പിക്കാനാണ്!
പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രം, മോഹന്‍ലാല്‍ നായകനാവുന്നു, മുരളി ഗോപിയുടെ തിരക്കഥ എന്നിങ്ങനെ സിനിമയെ കുറിച്ച് പറയാന്‍ ഒത്തിരി സവിശേഷതകള്‍ ഉണ്ടായിരുന്നു. റിലീസിനെത്തിയതിന് ശേഷം മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ലൂസിഫര്‍ മാറി.
ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി വിപ്ലവം സൃഷ്ടിക്കാനും ലൂസിഫറിന് കഴിഞ്ഞിരുന്നു. ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ലൂസിഫറിന് രണ്ടാം ഭാഗം വരുന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എമ്പുരാന്‍ എന്ന പേരിലൊരുക്കുന്ന ചിത്രം ആദ്യഭാഗത്തിന്റെ പിന്തുടര്‍ച്ചയായി വരുന്ന കഥയല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കിയിരുന്നു. അങ്ങനെ എങ്കില്‍ എമ്പുരാന്റെ കഥ എന്തായിരിക്കും എന്ന സംശയത്തിലാണ് ആരാധകര്‍. ചില സാധ്യതകള്‍ പുറത്ത് വന്നിരിക്കുകയാണ്.

2020 ഓടെ ചിത്രീകരണം ആരംഭിച്ച് 2021 ല്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ പാകത്തിനാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. സിനിമയുടെ കഥ റെഡിയായെങ്കിലും തിരക്കഥ പുര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നാണ് സൂചന. നിറയെ സസ്പെന്‍സുകള്‍ ഒരുക്കി വേറിട്ട ശൈലിയിലായിരിക്കും എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ചയായിരിക്കില്ല. ഇപ്പോള്‍ കണ്ട കഥും ഇതിന് മുന്‍പ് നടന്ന കഥയും പല കഥാപാത്രങ്ങളുടെയും മുന്‍കാലമായിരിക്കും ഈ ചിത്രത്തിലൂടെ പറയുന്നത്. അതേ സമയം അത് ഖുറേഷി അബ്രാം എന്ന ആളുടെ കഥയായിരിക്കുമെന്നാണ് അറിയുന്നത്.

ലൂസിഫറിന്റെ ക്ലൈമാക്‌സിലാണ് മോഹന്‍ലാല്‍ കഥാപാത്രം ഖുറേഷി അബ്രാം എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ നായകനായിരുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയാണ് ഖുറേഷി അബ്രാമിന്റെ രൂപത്തിലെത്തി വില്ലന്മാരെ തകര്‍ക്കുന്നത്. ഈ കഥാപാത്രത്തെ പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കാത്ത സ്ഥിതിയ്ക്ക് എമ്പുരാന്‍ പറയുന്നത് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മുന്‍കാല കഥയായിരിക്കുമെന്നാണ് ചില സംശയങ്ങള്‍. സ്റ്റീഫന്‍ എങ്ങനെ ഇലുമിനാറ്റി സൊസൈറ്റിയുടെ ഭാഗമായി എന്നും ഖുറേഷി അബ്രാമിലേക്ക് എങ്ങനെ മാറി എന്നുള്ള കാര്യങ്ങളൊക്കെ ഈ ചിത്രത്തിലൂടെ പറയുമെന്നാണ് കരുതുന്നത്. ആഗോള തലത്തില്‍ അധികാര സമവാക്യങ്ങളെ നിയന്ത്രിക്കാന്‍ വരെ ശേഷിയുള്ള കഥാപാത്രമാണ് ഖുറേഷി അബ്രാം.

സംവിധായകന്റെ റോളിലെത്തിയ പൃഥ്വിരാജും ഒരു അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. റിലീസിനെത്തിയതിന് ശേഷമാണ് സയൂദ് മസൂദ് എന്ന കഥാപാത്രത്തില്‍ പൃഥ്വിയും ഉണ്ടെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. ഖുറേഷി അബ്രാമിന്റെ വലംകൈ ആയിട്ടാണ് സയൂദ് മസൂദ് എത്തുന്നത്. സയൂദ് ആരാണെന്നും അദ്ദേഹം എങ്ങനെ ഖുറേഷി അബ്രാമിനൊപ്പം എത്തി എന്നതും ആരാധകരുടെ സംശയങ്ങളില്‍ ഒന്നാണ്. ലൂസിഫറില്‍ ചെറിയൊരു വേഷമാണെങ്കില്‍ എമ്പുരാനില്‍ എത്തുമ്പോള്‍ പ്രധാന്യമുള്ളൊരു കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക എന്ന കാര്യം പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു.

വമ്പന്‍ താരനിരയായിരുന്നു ലൂസിഫറിന്റെ പ്രത്യേകതകളിലൊന്ന്. എമ്പുരാനിലെക്ക് എത്തുമ്പോഴും അതങ്ങനെ തന്നെയായിരിക്കും. ലൂസിഫറില്‍ കണ്ടത് മാത്രമല്ല പുതിയ ചില താരങ്ങള്‍ കൂടി ചിത്രത്തില്‍ ഉണ്ടാവാനും സാധ്യതയുണ്ട്. തമിഴ്, ബോളിവുഡ് ഇന്‍ഡസ്ട്രികളില്‍ നിന്നും എമ്പുരാനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചില താരങ്ങള്‍ എത്തുന്നതായി ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനൊപ്പം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാവാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വമ്പന്‍ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുക്കുന്നത്. ഷൂട്ടിംഗ് സംബന്ധിച്ച് ഏകദേശ തീരുമാനങ്ങള്‍ ആയിരിക്കുകയാണെന്നാണ് സൂചന. ലൊക്കേഷനുകള്‍ സംബന്ധിച്ചും സിനിമയുടെ തിരക്കഥയുടെ കാര്യത്തിലും അവസാനഘട്ട തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. റഷ്യ അടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമായിരിക്കും ലൂസിഫറിന് ലൊക്കോഷന്‍ ഒരുക്കുന്നത്. സാങ്കേതിക വിദ്യയില്‍ അത്ഭുതം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പും എമ്പുരാനിലൂടെ ഉണ്ടാവും. പല പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന് പിന്നണിയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











