'ലവ് ഓഫ് മൈ ലൈഫ്, നയൻസിനെ ഞാൻ വിവാഹം ചെയ്യാൻ പോകുന്നു'; ആനന്ദകണ്ണീരോടെ കല്യാണത്തിന് ക്ഷണിച്ച് വിക്കി!
നടി നയൻതാരയുമായുള്ള ആറ് വർഷത്തെ പ്രണയം അവസാനം വിവാഹത്തിലേക്ക് എത്തുന്നു. ഔദ്യോഗികമായി വിവാഹ തിയ്യതി അറിയിച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ. ചൊവ്വാഴ്ച വിളിച്ച് ചേർത്ത പ്രസ് മീറ്റിലാണ് വിവാഹ തിയ്യതി വിഘ്നേഷ് അറിയിച്ചത്.
ആരാധകരേയും തങ്ങൾക്ക് പ്രിയപ്പെട്ടവരേയും വിവാഹത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു വിക്കി. ഈ വരുന്ന ജൂൺ ഒമ്പതിനാണ് ഇരുവരും വിവാഹിതരാകുന്നത്.
നാളുകളായി നയൻസിനേയും വിക്കിയേയും സ്നേഹിക്കുന്നവർ ഇരുവരുടേയും വിവാഹ വാർത്ത കേൾക്കാനുള്ള കാത്തിരിപ്പിലായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.
'സംവിധായകനും ഗാനരചയിതാവും എല്ലാമായി വർഷങ്ങളോളമായി സിനിമയിലുണ്ട്. പോടാ പോടി എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി അവസാനം റിലീസായ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന സിനിമ വരെ എനിക്ക് എല്ലാ സ്നേഹവും നിങ്ങൾ തന്നു.'
'അത് തന്നെയാണ് ഇത്രയുംനാൾ എനിക്ക് ഊർജം പകർന്നത്. ഇപ്പോൾ എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് ഞാൻ പോവുകയാണ്.'
'എന്റെ ജീവിതത്തിലെ പ്രണയമായ നയൻതാരയും ഞാനും ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വെച്ച് വിവാഹിതരാകാൻ പോവുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക.'

'വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം അമ്പലത്തിൽ നടത്താമെന്നാണ് വിചാരിച്ചത്. തിരുപ്പതിയായിരുന്നു അതിനായി തെരഞ്ഞെടുത്തിരുന്നത്. പിന്നീട് ചിന്തിച്ചപ്പോൾ അത് പ്രാക്ടിക്കൽ ആകില്ലെന്ന് തോന്നി അതുകൊണ്ടാണ് മഹാബലിപുരത്ത് നടത്താമെന്ന് വിചാരിച്ചത്.'
'രാവിലെയായിരിക്കും വിവാഹം. ഉച്ചയോടെ വിവാഹ ചിത്രങ്ങൾ പുറത്തുവിടും. ശേഷം ജൂൺ 11ന് ഞാനും നയൻതാരയും ഒരുമിച്ച് വന്ന് മാധ്യമങ്ങളെ കാണും. അതിന് ശേഷം ചെറിയ പാർട്ടി മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഉണ്ടാകും.'
'ഇത്രയുംനാൾ തന്ന സപ്പോർട്ടും സ്നേഹവും ഞങ്ങളുടെ വിവാഹ ജീവിതത്തിനും എല്ലാവരും തരുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് വിഘ്നേഷ് ശിവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ആനന്ദ കണ്ണീരോടെയാണ് വിഘ്നേഷ് ശിവൻ വിവാഹ വിവരങ്ങൾ എല്ലാവരുമായും പങ്കുവെച്ചത്.

കഴിഞ്ഞ വർഷമാണ് വിക്കിയുടേയും നയൻസിന്റേയും വിവാഹ നിശ്ചയം നടന്നത്. അതിന്റെ ചിത്രങ്ങളൊന്നും ഇരുവരും പങ്കുവെച്ചിരുന്നില്ല. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ അങ്ങനൊരു ചടങ്ങ് നടന്നുവെന്ന് നയൻസ് തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
കേരളത്തിൽ ജനിച്ച് വളർന്ന നയൻസ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ ലേഡി സൂപ്പർ സ്റ്റാറായി വളർന്ന് കഴിഞ്ഞു. വല്ലപ്പോഴും മാത്രമാണ് കേരളം സന്ദർശിക്കാൻ വിക്കിക്കൊപ്പം നയൻസ് എത്താറുള്ളത്.
വിക്കിക്ക് മുമ്പും നയൻസിന്റെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടങ്കിലും ഒന്നിനും അധിക കാലം ആയുസുണ്ടായിരുന്നില്ല. ഇരുവരും ഏറനാളുകളായി ഒരുമിച്ചാണ് താമസം.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിക്കാനായി ഇരുവരും പോയിരുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
Recommended Video

ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുകയാണ്. ഒരു സിനിമ സ്‌റ്റൈൽ വിവാഹ ചടങ്ങിനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. സംവിധായകൻ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം. വിവാഹ ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
റെക്കോർഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയത്. സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്ക് ഒടിടി പ്ലാറ്റ്‌ഫോമിൽ ഒട്ടേറെ പ്രേക്ഷകരുണ്ട്. സമീപകാലത്ത് നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകൾ സമാനമായി ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമാക്കിയിരുന്നു.
ഗോൾഡ് എന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് മലയാളത്തിൽ നയൻതാരയുടെ ഏറ്റവും പുതിയ റിലീസ്. ബോളിവുഡിൽ അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിലും നയൻതാരയാണ് നായിക.
കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രമാണ് വിഘ്‌നേഷ് ഒടുവിൽ സംവിധാനം ചെയ്തത്. നയൻതാരയും സാമന്തയും വിജയ് സേതുപതിയുമായിരുന്നു ചിത്രത്തിലെ താരങ്ങൾ.


Click it and Unblock the Notifications