'വിജയിയായിരുന്നു മനസിൽ... ആ ഒരു കാരണം കൊണ്ട് അദ്ദേഹം വരാൻ തയ്യാറായില്ല'; അനുഭവം പറഞ്ഞ് ഗൗതം മേനോൻ!
രജനികാന്തും കമൽഹാസനും കഴിഞ്ഞാൽ തമിഴ് സിനിമാ മേഖലയിലെ സിംഹാസനങ്ങൾ വിജയിക്കും സൂര്യയ്ക്കും വേണ്ടിയുള്ളതാണെന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. ഒന്നും അല്ലാതെ തഴയപ്പെട്ട് കിടന്നിരുന്നിടത്ത് നിന്നാണ് ഇരുവരും ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് വളർന്നത്.
രണ്ടുപേരും ഇന്ന് ഏറ്റവും കൂടുതൽ സ്റ്റാർ വാല്യുവുള്ള താരങ്ങളായി മാറി കഴിഞ്ഞു. തൊണ്ണൂറുകളിൽ ഇരുവരും ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുമുണ്ട്. വരും വർഷങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന സിനിമകൾ വേണമെന്നത് തന്നെയാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.
സൂര്യയുടെ കരിയർ സ്റ്റാർഡം ഉണ്ടാക്കി കൊടുത്ത സിനിമയായിരുന്നു ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത കാക്ക കാക്ക. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ക്യാരക്ടറുകളുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ ഇടം പിടിക്കുന്ന ഒരു ക്യാരക്ടറാണ് സൂര്യയുടെ അൻപ് സെൽവൻ ഐപിഎസ്. തന്റെ കരിയറിലെ ആദ്യ പോലീസ് റോൾ ആയിട്ട് പോലും ഏറ്റവും മികച്ച രീതിയിൽ തന്നെ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

റിയൽ ലൈഫിൽ പോലും പലർക്കും ഐപിഎസ് എടുക്കാൻ പ്രചോദനമായൊരു സിനിമ കൂടിയായിരുന്നു കാക്ക കാക്കയും സൂര്യയുടെ കഥാപാത്രകവും. ടീനേജ് പയ്യൻമാർ മുതൽ മുതിർന്ന ആരാധകരെ വരെ ഈ സിനിമയിലെ പ്രകടനത്തിലൂടെ ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങൾ ഒക്കെയും ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയായിരുന്നു.
ഇപ്പോഴിതാ കാക്ക കാക്ക സിനിമയുമായി ബന്ധപ്പെട്ട് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ദളപതി വിജയിയെ മനസിൽ കണ്ടാണ് സിനിമ എഴുതിയതെന്നും എന്നാൽ അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായില്ലെന്നുമാണ് ഗൗതം മേനോൻ പറയുന്നത്.
ഗൗതം മേനോൻ സിനിമകളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ കൂടിയാണ് കാക്ക കാക്ക. സിനിമയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയാറുള്ള താരം കാക്ക കാക്ക സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ അമ്പരപ്പിച്ചു. 'കാക്ക കാക്ക എന്ന സിനിമ എഴുതുമ്പോൾ വിജയിയെ മനസിൽ വെച്ചാണ് ഞാൻ കഥ എഴുതിയത്.'
'സിനിമയുടെ കഥ പറയുമ്പോൾ ക്ലൈമാക്സ് സീൻ എഴുതിയിരുന്നില്ല. സിനിമ പൂർത്തിയാക്കിയതിന് ശേഷമെ ക്ലൈമാക്‌സ് രംഗം ചെയ്യുന്നതിനെ കുറിച്ച് തീരുമാനിക്കൂ എന്ന ചിന്തയിലായിരുന്നു ഞാൻ. ഇക്കാരണത്താലാണ് വിജയ് സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതെന്ന്', ഗൗതം മേനോൻ തുറന്നടിച്ചു.

പിന്നീടാണ് സൂര്യ കാക്ക കാക്കയുടെ ഭാഗമാകുന്നത്. നടി ജ്യോതികയാണ് ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം നായികയായത്. സിനിമ പുറത്തിറങ്ങി ഇരുപത് വർഷം പൂർത്തിയാകുമ്പോൾ നായകനും നായികയും സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. കാക്ക കാക്കയ്ക്ക് ശേഷമാണ് ഇരുവരുടെയും പ്രണയം തീവ്രമായതെന്നാണ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന കഥ.
2006ലായിരുന്നു സൂര്യ-ജ്യോതിക വിവാഹം. ഇന്ത്യൻ സിനിമയിലെ തന്നെ മാതൃക ദമ്പതികൾ എന്നാണ് സൂര്യ-ജ്യോതിക ജോഡിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഗൗതം മേനോന്റെ കരിയറിലെ മൂന്നാമത്തെ സിനിമയായിരുന്നു കാക്ക കാക്ക.
ഗൗതം മേനോന്റെ വെളിപ്പെടുത്തൽ വൈറലായതോടെ കാക്ക കാക്കയിലെ പോലീസ് വേഷം ഏറ്റവും കൂടുതൽ ഇണങ്ങുന്നത് സൂര്യയ്ക്കാണെന്നും അദ്ദേഹത്തെ അല്ലാതെ മറ്റൊരാളെ ആ കഥപാത്രമായി സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് സിനിമാപ്രേമികൾ കുറിക്കുന്നത്. കാക്ക കാക്കയ്ക്ക് ശേഷം സൂര്യ പോലീസ് വേഷം ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നെ നോക്കി പായും തോട്ടയാണ് ഏറ്റവും അവസാനം ഗൗതം മേനോന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications