'എനിക്കാണ് കുട്ടികളുടെ ചാർജ്... ഞാൻ ചോദിച്ചുവാങ്ങുന്നതാണ്, മണിരത്നം സാറിന് വേണ്ടിയാണ് അത് ചെയ്തത്'; നാനി!
രാജമൗലിയുടെ മികച്ച സിനിമ ഏതാണെന്ന് ചോദിച്ചാൽ പ്രേക്ഷകർക്ക് ശെരിക്കും കൺഫ്യൂഷനുണ്ടാകും. എന്നാൽ എത്ര ആവർത്തിച്ച് കണ്ടാലും മടുക്കാത്ത രാജമൗലി ചിത്രം മിക്കവർക്കും ഈച്ചയാണ്. ഉഗ്രൻ ഗ്രാഫിക്സ്, സ്ലോ മോഷൻ ക്യാമറ വർക്കുകൾ, ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ഫൈറ്റൊക്കെ ലോക നിലവാരം പുലർത്തുന്നതാണ്. കിച്ച സുദീപിന്റെ ഉഗ്രൻ വില്ലൻ വേഷവും നാനിയുടെയും സാമന്തയുടെയും ഗംഭീര പ്രകടനവും ഒരു കാരണമാണ്. ആവർത്തന വിരസത തരാത്ത അപൂർവം തെലുങ്ക് ചിത്രങ്ങളിൽ മുമ്പിലാണ് ഈച്ച.
ഇതിനൊരു രണ്ടാം ഭാഗം വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവർ വരെയുണ്ട്. ഈച്ചയുടെ റിലീസിന് ശേഷമാണ് നാനിക്ക് കേരളത്തിൽ ആരാധകരുണ്ടായി തുടങ്ങിയത്. നാൽപത് മിനിറ്റ് മാത്രമാണ് നാനി ചിത്രത്തിലുള്ളത്. എന്നാൽ ആ നാൽപ്പത് മിനിറ്റിനുള്ളിൽ രണ്ടര മണിക്കൂർ ആളുകളെ പിടിച്ചിരുത്തുന്ന പ്രകടനം നാനി കാഴ്ചവെച്ചു.

തെലുങ്ക് സിനിമയിൽ മിനിമം ഗ്യാരന്റിയുള്ള നടനായി പലരും പറയാറുള്ളത് നാനിയുടെ പേരാണ്. ഇതുവരെ താരം ചെയ്തവയിൽ ഭൂരിഭാഗവും നല്ല നിലവാരം പുലർത്തിയവയുമാണ്. ജെന്റിൽമാൻ, നിന്നു കോരി, ജേഴ്സി, ശ്യാം സിങ്ക റോയ്, ഗ്യാങ് ലീഡർ തുടങ്ങിയവ അവയിൽ ചിലത് മാത്രം. നാച്വറൽ ആക്ടർ എന്നൊരു ടാഗ് ലൈനും നാനിക്ക് ആരാധകർ നൽകിയിട്ടുണ്ട്.
ആ ടാഗ് ലൈൻ തന്റെ പ്രകടനത്തിലൂടെ ഊട്ടി ഉറപ്പിക്കുകയും ചെയ്യാറുണ്ട് താരം. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് നാനിയുടെ ലക്ഷ്യം. അസിസ്റ്റന്റ് ഡയറക്ടറായുള്ള പ്രവർത്തി പരിചയവുമായാണ് നാനി അഭിനയിച്ച് തുടങ്ങിയത്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ഹായ് നാനയാണ്.
നാനിയും മൃണാൾ ഠാക്കൂറും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് എന്റർടെയ്നർ ഡിസംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ശൗര്യവാണ് സംവിധാനം. ജയറാം, ശ്രുതി ഹാസൻ, അങ്കദ് ബേദി, കിയാര ഖന്ന എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ നാനി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിട്ടു.
തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഹായ് നാന എന്നാണ് താരം പറയുന്നത്. അച്ഛൻ-മകൾ ബന്ധത്തിനും കൂടി പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കിയാരയാണ് നാനിയുടെ മകളുടെ വേഷം ചെയ്യുന്നത്. സെറ്റിൽ കിയാര ഉൾപ്പടെ മൂന്ന് നായികമാരുണ്ടായിരുന്നുവെന്നാണ് നാനി പറയുന്നത്.

'ജേഴ്സിയും ഹായ് നാനയും അടക്കം ഇതുവരെയുള്ള കരിയറിൽ നിരവധി സിനിമകളിൽ ഞാൻ കുട്ടികൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്‍റെ സിനിമയിലെ കുട്ടികളുടെ ചാർജ് എനിക്കാണ്. ഞാൻ അത് ചോദിച്ച് വാങ്ങും. അവർക്ക് ഡയലോഗ് പറഞ്ഞ് കൊടുക്കുന്നതടക്കം ഞാനാണ്. എനിക്ക് അത് ചെയ്യാൻ ഇഷ്ടവുമാണ്. ഈ ചിത്രത്തിൽ എന്റെ മകളായി അഭിനയിച്ച കിയാരയുടെ കാര്യത്തിൽ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.'
'കിയാര വളരെ പ്രൊഫഷണലാണ്. അവൾക്കൊപ്പം നായകനായി അഭിനയിക്കുന്നുവെന്നാണ് എനിക്ക് തോന്നിയത്. ഏത് സിനിമ ചെയ്യുമ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നെ ആളുകൾ ടൈപ്പ് കാസ്റ്റ് ചെയ്യാൻ പാടില്ലെന്ന നിർബന്ധം എനിക്കുണ്ട്. അതിന് വേണ്ടത് ഞാൻ ചെയ്യാറുമുണ്ട്.'
'സിനിമയുടെ റിലീസിന് ശേഷം മൃണാൽ ഠാക്കൂറിന്റെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. മണിരത്നം സിനിമ ഓക്കെ കൺമണിയുടെ തെലുങ്ക് റീമേക്കിൽ മണി സാറിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ദുൽഖറിന് ഡബ് ചെയ്തത്.'
'അതിന് മുമ്പ് ഞാൻ ഒരു താരത്തിനും ഡബ് ചെയ്തിട്ടില്ല. ഞാൻ മണി സാറിന്റെ വലിയൊരു ഫാനാണ്. അതുപോലെ ദുൽഖർ എന്റെ നല്ലൊരു സുഹൃത്തുമാണ്', എന്നാണ് സിനിമാ ജീവിതത്തെ കുറിച്ചും പുതിയ സിനിമയെ കുറിച്ചും സംസാരിക്കവെ നാനി പറഞ്ഞത്.


Click it and Unblock the Notifications











