'വേറെ ആരെയും കിട്ടിയില്ലേ വിവാഹം കഴിക്കാൻ എന്നാണ് ഏട്ടനോട് ചോദിച്ചത്, കുത്തിത്തിരിപ്പുകൾ ഉണ്ടായി'; മഞ്ജു പിള്ള
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. അടുത്തിടെ തിയേറ്ററുകളിലെത്തിയ ഒട്ടുമിക്ക ചിത്രങ്ങളിലും മഞ്ജു പിള്ളയുടെ സാന്നിധ്യമുണ്ട്. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു. തൊണ്ണൂറുകളിൽ ഹാസ്യനടിയായിട്ടാണ് മഞ്ജുവിനെ മലയാളി സ്വീകരിച്ചത്.
പിന്നീട് ഹോം സിനിമയ്ക്ക് ശേഷമാണ് നല്ല ക്യാരക്ടർ റോളുകൾ മഞ്ജുവിനെ തേടി എത്തി തുടങ്ങിയത്. ഒരുപക്ഷെ മലയാള സിനിമ അധികം ഉപയോഗിക്കാതെ പോയൊരു നടിയാണ് മഞ്ജുവെന്ന് പറഞ്ഞാലും തെറ്റില്ല. സോഷ്യൽമീഡിയയിലും സജീവമായ താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം വൈറലാകാറുണ്ട്.
സെലിബ്രിറ്റികളായി കഴിഞ്ഞാൽ പിന്നെ അവരുടെ ജീവിതത്തിലെ പൊട്ടും പൊടിയും അറിയാൻ ആരാധകർക്ക് താൽപര്യമുണ്ടാകും. സോഷ്യൽമീഡിയയിൽ ആക്ടീവായ സെലിബ്രിറ്റിയാണെങ്കിൽ ആരാധകരുടെ ചോദ്യങ്ങൾ അതുവഴിയും പ്രതീക്ഷിക്കാം.
അടുത്തിടെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ മഞ്ജു പങ്കുവെച്ചപ്പോൾ വലിയൊരു പുകിലാണ് കമന്റ് സെക്ഷനിലുണ്ടായത്. ഭർത്താവ് സുജിത്തിനെ വീഡിയോയിൽ കണ്ടില്ലെന്നതായിരുന്നു കാരണം.

കുടുംബത്തിലെ വലിയൊരു ചടങ്ങ് ആഘോഷമായി നടത്തിയിട്ടും ഭർത്താവ് വരാതിരുന്നത് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുള്ളത് കൊണ്ടാണോ എന്ന് വരെ ചോദ്യങ്ങൾ വന്നു. കമന്റ് കുമിഞ്ഞപ്പോൾ സത്യം അതല്ലെന്ന് വ്യക്തമാക്കി മഞ്ജു തന്നെ രംഗത്തെത്തി. ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് സിനിമാട്ടോഗ്രാഫറായ സുജിത്ത് വാസുദേവിനെ മഞ്ജു പിള്ള വിവാഹം ചെയ്തത്.
അന്നും മഞ്ജുവിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പലരും സുജിത്ത്-മഞ്ജു പിള്ള വിവാഹം നടക്കാതിരിക്കാൻ പരാമാവധി ശ്രമിച്ചു. അന്ന് എതിർപ്പുകൾ മറികടന്ന് ഒന്നായത് എങ്ങനെയെന്ന് സുജിത്തും മഞ്ജുവും കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മഞ്ജു തന്റെ ആദ്യ പ്രണയമായിരുന്നില്ലെന്നാണ് സുജിത്ത് പറയുന്നത്. തന്റെ നെഗറ്റീവ് സൈഡ്സ് എല്ലാം അറിഞ്ഞുകൊണ്ട് തന്നെ പ്രണയിച്ച വ്യക്തിയാണ് സുജിത്ത് എന്നാണ് മഞ്ജു പറയുന്നത്. 'മഞ്ജു കെയറിങ്ങും എല്ലാ കാര്യങ്ങളിലും കോൺഷ്യസും ആയിരുന്നു. മഞ്ജുവിന്റെ പാസ്റ്റ് എല്ലാം എനിക്ക് അറിയാമായിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.'

'എന്റെ അച്ഛനും അമ്മയും ഇടുങ്ങിയ ചിന്താഗതിക്കാർ ആയിരുന്നില്ല. ഒരു വിവാഹം കഴിച്ചു... അത് ഡിവോഴ്‌സായി എന്നതൊക്കെ ഈ വലിയ ലോകത്ത് ജീവിക്കുമ്പോൾ ചെറിയ കാര്യമല്ലേ. അതിനെ വലുതായി കാണേണ്ട ആവശ്യം ഇല്ലെന്ന് തോന്നി', എന്നാണ് മഞ്ജുവിനെ ജീവിതത്തിലേക്ക് കൂട്ടിയതിനെ കുറിച്ച് സംസാരിച്ച് സുജിത്ത് പറഞ്ഞത്.
എന്നാൽ തന്റെ വീട്ടിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. 'അമ്മയ്ക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഫീൽഡിൽ നിന്നും എതിർപ്പ് ഒരുപാടുണ്ടായിരുന്നു. വേറെ ആരെയും കിട്ടിയില്ലേ വിവാഹം കഴിക്കാൻ എന്നാണ് ഏട്ടനോട് പലരും ചോദിച്ചത്. ഏട്ടൻ ഗുണ്ട ആണെന്നാണ് എന്നോട് ചിലർ പറഞ്ഞത്. ഏട്ടന്റെ അമ്മയിൽ ഇന്നും കിട്ടിയ പിന്തുണകൊണ്ടാണ് ഞാൻ ഇറങ്ങി പോന്നത്.'
'ഞങ്ങളുടെ ജാതകവും കാര്യങ്ങളും ഒക്കെ നോക്കി വിവാഹം ഫിക്സ് ചെയ്തുവെച്ച സമയത്ത് കുറച്ച് വിഷയങ്ങളുണ്ടായി. കുറെ കുത്തിത്തിരിപ്പുകളും മറ്റും. അങ്ങനെ അമ്മയ്ക്ക് പേടിയായി. ഇനിയൊരുവട്ടം കൂടി ജീവിതം പോയാൽ പ്രശ്നം ആകുമെന്നും എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് ഏട്ടനെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു. ഇനിയൊരു ജീവിതം ഉണ്ടെങ്കിൽ ഞാൻ ഈ മനുഷ്യന്റെ കൂടിയെ ജീവിക്കൂ എന്ന ഒരൊറ്റ വാശിയിലാണ് ഞാൻ ഇറങ്ങിപോകുന്നത്.'
'ഏട്ടന്റെ അമ്മയാണ് എന്നെ പിന്തുണച്ചതെന്നും', സാഹസീക വിവാഹത്തെ കുറിച്ച് മഞ്ജു പറയുന്നു. ഇരുവരുടെയും ഏക മകൾ ദയ സുജിത്ത് സോഷ്യൽമീഡിയ സ്റ്റാറാണ്. ഫാഷൻ ഡിസൈനിങിലാണ് ദയയുടെ കഴിവ്. താരപുത്രിയുടെ ബോൾഡ് ഫോട്ടോഷൂട്ടുകൾക്ക് ആരാധകർ ഏറെയാണ്.


Click it and Unblock the Notifications