പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
മലയാള സിനിമയിൽ ഇന്ന് വലിയ ആരാധക വൃന്ദമുള്ള നടിയാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ രംഗത്തും ഹണി പേരെടുത്തു. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹണി റോസ് സിനിമയിലെത്തിയിട്ട് 17 വർഷങ്ങളായി.
തുടക്കകാലത്ത് തനിക്ക് സിനിമാ രംഗത്ത് നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് സമീപനങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന മോശം കമന്റുകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഹണി റോസ്. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആദ്യമാെക്കെ വളരെ വിഷമമായിരുന്നു. വളരെ അബ്യൂസീവ് ആയ വാക്കുകളാണ് ഉപയോഗിക്കുന്നത്. പിന്നെ നമ്മൾ ചിന്തിക്കും. ഞാനോ എനിക്ക് അറിയാവുന്ന ഒരാളോ അങ്ങനെ ഒരാളെ പറ്റി ഒരിക്കലും ഒരു പ്ലാറ്റ്ഫോമിലും കമന്റിടില്ല. നമുക്ക് സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കിൽ ഇതിനൊന്നും സമയം കിട്ടില്ല'
'എന്നെയാെക്കെ സംബന്ധിച്ച് വാട്സ്ആപ്പിൽ വരുന്ന മെസേജുകൾക്ക് പോലും റിപ്ലെെ കൊടുക്കാൻ സമയമില്ല. അപ്പോഴാണ് ഒരു പ്രബന്ധം പോലുള്ളവ വീഡിയോകൾക്ക് താഴെ എഴുതുന്നത്. അവരുടെയൊക്കെ ലൈഫിൽ പല ഫ്രസ്ട്രേഷൻ കാണുമായിരിക്കാം. അതായിരിക്കും ഇങ്ങനെ'

'അമ്മ ഇതൊക്കെ കണ്ട് ചിരിക്കാറുണ്ട്. ആദ്യമൊക്കെ അമ്മയ്ക്ക് വിഷമം ആയിരുന്നു ഇതെന്താ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച്. ഇത് കണ്ടോ എഴുതി വെച്ചേക്കുന്നേ എന്നൊക്കെ പറഞ്ഞ് അമ്മ തന്നെ ചിരിക്കുന്നത് കാണാം. ഇത് കണ്ട് ഒരു തവണ പോലും അച്ഛനും അമ്മയും നിയന്ത്രണങ്ങൾ വെച്ചിട്ടില്ല'
ഇന്ന് പല രീതിയിൽ വസ്ത്രം ധരിക്കുന്നവരെ നമുക്ക് കാണാൻ പറ്റുമെന്നും നടി വ്യക്തമാക്കി. സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി. 'എന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ അച്ഛനും അമ്മയും ഒപ്പമുള്ളത് കൊണ്ട് തന്നെ നമുക്ക് നേരിട്ടൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. പക്ഷെ ഫോണിൽ കൂടെ പല തവണ കേട്ടിട്ടുണ്ട്. തുടക്ക കാലത്ത് ഭയങ്കര വിഷമമുണ്ടാക്കിയ കാര്യമായിരുന്നു'
'ശരീരത്തിൽ സ്പർശിക്കുന്നത് മാത്രമല്ലല്ലോ അബ്യൂസിന്റെ രീതിയിൽ എടുക്കാവുന്നത്. തുടക്കകാലത്ത് ഭയങ്കരമായി ഫേസ് ചെയ്യേണ്ടി വരും. പക്ഷെ ഈ പറഞ്ഞത് പോലെ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. ഞാൻ ഫേസ് ചെയ്യുന്ന കാര്യത്തിൽ ഭയാനകമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒരാളങ്ങനെ പറഞ്ഞാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായിട്ടറിയാം'

'ചൂഷണം ചെയ്യാനുള്ള അവസ്ഥകളുണ്ടെങ്കിൽ അത് മാക്സിമം നോക്കാൻ ആളുകൾ ഉണ്ടാവും. ഏത് രീതിയിൽ നിൽക്കണമെന്ന് സ്വയം മനസ്സിലാക്കി നിൽക്കുക എന്നേയുള്ളൂ. കാരണം ഈയൊരു സാധനം പൂർണമായി ഇല്ലാതാവുക എപ്പോഴാണെന്ന് നമുക്കറിയില്ല. കൊവിഡുള്ളത് പോലെയാണ്'
'നമുക്കില്ലെന്നറിയാം, പക്ഷെ നമ്മൾ മാസ്ക് വെക്കണം, സാനിറ്റെെസർ ഉപയോഗിക്കണം. കാരണം അങ്ങനെയൊരു സംഭവമുണ്ടെന്ന് ഉറപ്പാണ്. ഇന്നല്ലെങ്കിൽ നാളെ നമുക്കങ്ങനെ ഒന്ന് കേൾക്കേണ്ടി വരാം. അതിനെ എങ്ങനെ നേരിടണമെന്ന് മനസിലാക്കി വെക്കണം,'
'15-16 വയസിലാണ് ഇത് കേൾക്കുന്നത്. ഭയങ്കര ഷോക്കായിരുന്നു. എന്താണെന്ന് മനസ്സിലാവുക പോലുമില്ല. പിന്നെ അച്ഛന്റെയും അമ്മയുടെയുമടുത്ത് പറയും. അവർ വിളിച്ച് നല്ല ചീത്ത പറയും. പക്ഷെ അത് നമുക്കുണ്ടാക്കുന്ന വിഷമം ഭയങ്കരമാണ്. ഇൻസൽട്ടാണ്. വീട്ടിലരിക്കുന്ന ഞാൻ ഏതോ ഒരാൾ പറയുന്നത് എന്തിനാണ് കേൾക്കുന്നത്,' ഹണി റോസ് പറഞ്ഞു.


Click it and Unblock the Notifications