'ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുകയായിരുന്നു'; പിറന്നാളിന് പുത്തൻ ഫ്ലാറ്റ് ആലീസിന് സമ്മാനിച്ച് ഭർത്താവ്!
വിവാഹം ഉറപ്പിച്ചശേഷമാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി ഗോമസ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അതിന് എല്ലാവിധ പിന്തുണയും നൽകിയത് ഭർത്താവ് സജിനും. 2021 നവംബറിലായിരുന്നു സോഷ്യൽമീഡിയ ആഘോഷിച്ച വിവാഹം നടന്നത്. ഇരുവരുടെയും പക്ക അറേഞ്ച്ഡ് മാരേജായിരുന്നു. സുഹത്ത് വഴി വന്ന ആലോചന വീട്ടുകാർക്കും ബോധിച്ചതോടെ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. വിവാഹം ഉറപ്പിച്ചശേഷം ഒന്നര വർഷത്തോളം കഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. പത്തനംതിട്ട സ്വദേശിയാണ് ആലീസിന്റെ ഭർത്താവ് സജിൻ.
യുട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട് ഇപ്പോൾ ആലീസ്. വിവാഹശേഷം യുട്യൂബിൽ മാത്രമല്ല എല്ലാ സോഷ്യൽമീഡിയ പേജിലും ആലീസ് ആക്ടീവാണ്. കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെയാണ് ആലീസ് ക്രിസ്റ്റി ഗോമസ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് കൂടുതൽ ജനപ്രിയയായി മാറിയത്. മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പതിവുപോലെ ഇത്തവണയും പിറന്നാൾ ഗംഭീരമായിരുന്നു. എറണാകുളത്തെ ഫ്ലാറ്റിലാണ് ആഘോഷങ്ങൾ നടന്നത്. ഭാര്യയ്ക്കായി നിരവധി സർപ്രൈസുകൾ ഈ പിറന്നാളിന് സജിൻ ഒരുക്കിയിരുന്നു. അതിൽ ഒരെണ്ണം മാത്രമാണ് ചീറ്റിപ്പോയത്.
പിറന്നാൾ ആഘോഷങ്ങളും സർപ്രൈസുകളുമെല്ലാം ഒരുക്കാൻ സജിനൊപ്പം സഹോദരി സ്റ്റെഫിയും സുഹൃത്തുമെല്ലാം ഉണ്ടായിരുന്നു. ആദ്യത്തെ സർപ്രൈസ് ആലീസിന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിംഗിൾ പെന്റന്റുള്ള നെക് ചെയിനായിരുന്നു. അതിനായി ആലീസിനെ ഒരു റെസ്റ്റോറന്റിൽ ഇരുത്തി സജിനും സഹോദരിയും ജ്വല്ലറിയിലേക്ക് പോയി.
മികച്ചത് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിനിടയിൽ ആലീസ് റെസ്റ്റോറന്റിലിരിക്കുന്ന കാര്യം എല്ലാവരും മറന്നു. അപ്പോഴേക്കും അതാ ജ്വല്ലറിയിലേക്ക് സജിനേയും സഹോദരിയേയും സുഹൃത്തിനേയും സർപ്രൈസ് ചെയ്യിച്ചുകൊണ്ട് കയറി വരുന്നു. സജിനെ തിരഞ്ഞ് നടക്കുന്നതിനിടയിൽ യാദൃശ്ചികമായി ഒരു പരിചയക്കാരനെ കണ്ട് സംസാരിക്കാനായി ജ്വല്ലറിക്കുള്ളിലേക്ക് വന്നപ്പോഴാണ് ആലീസ് സജിനേയും സംഘത്തേയും കണ്ടത്.
അതോടെ ആദ്യത്തെ ബെർത്ത് ഡെ സർപ്രൈസ് പൊളിഞ്ഞു. പിന്നെ സമ്മാനം മറച്ചുവെക്കാനൊന്നും നിൽക്കാതെ ജ്വല്ലറിയിൽ സ്റ്റാഫിന്റെ മുന്നിൽ വെച്ച് തന്നെ സജിൻ ആലീസിന് മാല കൈമാറി. അതോടെ പിറന്നാൾ ആഘോഷങ്ങൾ അവസാനിച്ചുവെന്നാണ് ആലീസും കരുതിയിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. പ്ലാൻ ബി സജിനുണ്ടായിരുന്നു. പിറന്നാൾ കേക്ക് കട്ടിങൊന്നുമില്ലെന്നാണ് സജിനും ആലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

അതുകൊണ്ട് തന്നെ ആലീസിനും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ ഏറ്റവും അടിപൊളിയായ സമ്മാനം സഹോദരിക്കൊപ്പം ചേർന്ന് ഒരുക്കിവെച്ചിട്ടാണ് സജിൻ ഈ നാടകമെല്ലാം കളിച്ചത്. അർധരാത്രി അത് കൃത്യമായി എക്സിക്യൂട്ട് ചെയ്ത് ആലീസിനെ സജിൻ ഞെട്ടിക്കുകയും ചെയ്തു. ഇരുവരും ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപത്തായി തന്നെ മറ്റൊരു ഫ്ലാറ്റ് സജിൻ സ്വന്തമായി വാങ്ങി. മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് ആലീസിന്റെ പേരിലാണ് സജിൻ വാങ്ങിയത്.
പുത്തൻ ഫ്ലാറ്റിന് മുന്നിൽ വെച്ച് തന്നെയായിരുന്നു പിറന്നാൾ കേക്ക് കട്ടിങ് അടക്കമുള്ള ആഘോഷങ്ങളും. പ്രമാണം അടക്കമുള്ളവ സജിൻ ആലീസിന് കൈമാറുന്നതും പുതിയ വീഡിയോയിൽ കാണാം. ഇച്ചായനിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുകയായിരുന്നു താനെന്ന് ആലീസും വീഡിയോയിൽ പറയുന്നുണ്ട്.
ഇത്തവണത്തെ പിറന്നാളിന് ഇങ്ങനൊരു സമ്മാനം കൊടുക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് സജിനും വീഡിയോയിൽ വ്യക്തമാക്കി. പുത്തൻ ഫ്ലാറ്റിന്റെ വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ പറയാമെന്നും ഇരുവരും പറഞ്ഞു.
നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിരവധി പേർ ആലീസിന് പിറന്നാൾ ആശംസകളും നേർന്നു. അതേസമയം ചിലർ ആലീസ് ഫ്ലാറ്റിന്റെ പ്രമാണം കണ്ടപ്പോൾ നേരത്തെ അറിഞ്ഞ് വെച്ചത് പോലുള്ള ഭാവമായിരുന്നുവെന്നും കമന്റ് ചെയ്തു.


Click it and Unblock the Notifications











