'ഞാൻ ഒരിക്കലും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല....'; വനിതാ ദിനത്തിൽ വൈറലായി ഭാവനയുടെ വാക്കുകൾ!
വീണ്ടുമൊരു അന്താരാഷ്ട്ര വനിതാദിനം കൂടി വന്നെത്തിയിരിക്കുന്നു. 'സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം' എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തെയും സംഭാവനകളെയും ആദരിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുമ്പോൾ കൂടി വരുന്ന ലൈംഗീകാതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നത് എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്.
നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതിജീവിത വരെ ഉറക്കെയുറക്കെ പറയുന്നുണ്ട് ശരീരത്തിന് ഏൽക്കുന്ന മുറിവുകൾ മനസിനെ തളർത്തരുതെന്ന്. ഉയരെ ഉയരെ ഒറ്റയ്ക്ക് പറക്കാനും പെണ്ണുങ്ങൾക്ക് ഉൾക്കരുത്ത് ഉണ്ടാകണമെന്ന്. 1975 ലാണ് ഐക്യരാഷ്ട്ര സഭ ലോക വനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാർച്ച് 8 ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതൽ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാൻ ഓരോ സ്ത്രീക്കുമൊപ്പം കൂടെ നിൽക്കുന്നൊരു സമൂഹം പടുത്തുയർത്താം എന്നതാകട്ടെ വനിതാദിനം ആശംസിക്കുന്നവരുടെ ആത്മാർത്ഥമായ ഇടപെടൽ.
Recommended Video

വനിതാ ദിനം ആഘോഷിക്കപ്പെടുമ്പോൾ സ്വന്തം ജീവിതം മാതൃകയാക്കി നൽകി സത്രീകൾക്ക് പോരാടാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനുമുള്ള ഊർജം പകരുകയാണ് നടി ഭാവന. പലതവണ ഒറ്റപ്പെട്ടിട്ടും തനിക്ക് കിട്ടാനുള്ള നീതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഭാവന. 2017ലെ അപ്രതീക്ഷിതമായ സംഭവത്തിന് ശേഷം തൊഴിലവസരങ്ങൾ പോലും തനിക്ക് നിഷേധിക്കപ്പെട്ടതായി ഭാവന വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി മാത്രമല്ല.... തനിക്ക് പിന്നാലെ വരുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് ഭാവന പറയുന്നുണ്ട്. അതിജീവിതയായി കൂടുതൽ കരുത്തോടെ പോരാടാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ നടി. വനിതാ ദിനത്തോട് അനുബന്ധിച്ച് ഭാവന പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'നിങ്ങൾ തകർത്തതിനെ പുനർനിർമിക്കാൻ ഞാൻ സ്വീകരിച്ച മാർഗത്തിന്റെ പേരിൽ ഒരിക്കലും ക്ഷമാപണം നടത്തുകയില്ല....' എന്നാണ് ഭാവന വനിതാ ദിനം ആശംസിച്ച് കുറിച്ചത്.

ഒപ്പം ജിമ്മിൽ നിന്നും പകർത്തിയ ചില ചിത്രങ്ങളും ഭാവന പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് വനിതാ ദിനം ആശംസിച്ച് എത്തിയത്. ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരണം എന്നാണ് പ്രിയപ്പെട്ടവരടക്കം ഭാവനയക്ക് വനിതാ ദിനം ആശംസിച്ച് കുറിച്ചത്. അഞ്ച് വർഷമായി മലയാള സിനിമയിൽ നിന്നും ഭാവന വിട്ടുനിൽക്കുകയാണ്. 'മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നതും ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ പെരുമാറുകയെന്നതും എനിക്ക് പ്രയാസകരമായിരുന്നു. എന്റെ മനസമാധനത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നത്' എന്നാണ് അടുത്തിടെ ഭാവന പറഞ്ഞത്. ഇപ്പോൾ താരം കന്നട സിനിമകളിലാണ് സജീവമായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെച്ച് ഭാവനയുമായുള്ള സിനിമ അണിയറയിൽ പുരോഗമിക്കുകയാണെന്ന് സംവിധായകൻ ആഷിക് അബു വെളിപ്പെടുത്തിയിരുന്നു. 'സുഹൃത്തുക്കൾ തമ്മിൽ കൂടെക്കൂടെയുള്ള ചില സിനിമാ ആലോചനകളിൽ ഭാവന കടന്നുവന്നിരുന്നു. അതെല്ലാം ഭാവനയെ അറിയിച്ചിട്ടുമുണ്ടായിരുന്നു. ഉടൻ തന്നെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവർ കേട്ടിട്ടുണ്ട്.... അത് അവർക്കിഷ്ടപ്പെട്ടിട്ടുണ്ട്' ആഷിക് അബു പറഞ്ഞു.

പൃഥ്വിരാജിന്റെ ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള സിനിമ. 2018 ജനുവരി 22ന് ആയിരുന്നു താരത്തിന്റെ വിവാഹം. അഞ്ച് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനും നവീനും വിവാഹിതരായത്. പിന്നീട് അഭിനയത്തിൽ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു താരം. സിനിമയിലേക്ക് തിരിച്ച് വന്നെങ്കിലും മലയാള സിനിമയിൽ അഭിനയിച്ചിരുന്നില്ല ഭാവന. കന്നട ചിത്രത്തിൽ നിരവധി അവസരം താരത്തിന് ലഭിച്ചു. മലയാളത്തിലേക്ക് തിരിച്ച് വരണം എന്ന് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇപ്പോഴുള്ള താരത്തിന്റെ തിരിച്ച് വരവ് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.


Click it and Unblock the Notifications