എവിടെ പോവുകയാണെങ്കിലും പറയാറുണ്ട്! രാജുവിന്റെ സെറ്റില്‍ ഞാന്‍ പോവാറേയില്ല! കാരണം പറഞ്ഞ് മല്ലിക സുകുമാരന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. മക്കളുടെ സിനിമാപ്രവേശനം കാണാന്‍ അദ്ദേഹത്തിന് യോഗമുണ്ടായിരുന്നില്ല. എന്നാല്‍ മക്കളുടെ കാര്യങ്ങളിലെല്ലാം എപ്പോഴും അഭിമാനം കൊള്ളാറുണ്ട് മല്ലിക. എത്ര തിരക്കിലാണെങ്കിലും വിശേഷാവസരങ്ങളിലെല്ലാം അമ്മയ്‌ക്കൊപ്പം എല്ലാവരും ഒന്നിച്ചുണ്ടാവാറുണ്ട്. മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണാതിരിക്കാനാവില്ലെന്ന് മല്ലിക പറഞ്ഞിരുന്നു. ഇടയക്കിടയക്ക് അവരെ കാണാനായി പോവാറുണ്ട്. അച്ഛമ്മ എപ്പോഴാണ് വരുന്നതെന്ന് അവരും തിരക്കാറുണ്ട്. ഞങ്ങളുടെ കൂടെ വന്ന് നിന്നൂടേയെന്നൊക്കെ അവര്‍ ചോദിക്കാറുണ്ട്. കണ്ടോടാ, നിങ്ങളേക്കാളും സ്‌നേഹം ഈ മക്കള്‍ക്കുണ്ടെന്ന് പറഞ്ഞ് ഞാന്‍ രാജുവിനെയും ഇന്ദ്രനെയും കളിയാക്കാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. ഡാഡ അത് ചെയ്തു, മമ്മ ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞ് അലംകൃത പരാതിപ്പെടുന്നതിനെക്കുറിച്ചും അവര്‍ മുന്‍പ് പറഞ്ഞിരുന്നു.
തന്റെ പുതിയ സിനിമയായ 'പ്രകമ്പനം' വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് മല്ലിക ഇപ്പോള്‍. അമ്മേ, അമ്മയുടെ സിനിമയ്ക്ക് നല്ല റിപ്പോര്‍ട്ടാണല്ലോ എന്ന് പറഞ്ഞ് രാജു വിളിച്ചിരുന്നു. ഇന്ദ്രനും രാജുവും ഇതുവരെ സിനിമ കണ്ടിട്ടില്ല. ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞാല്‍ കാണുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ അടുത്ത കാലത്ത് ഞാന്‍ ഇങ്ങനെ ചിരിച്ചൊരു സിനിമ കണ്ടിട്ടില്ല. കുട്ടികളൊക്കെ എന്ത് രസമായാണ് അഭിനയിച്ചത്. വയസുകാലത്തൊക്കെ ഇങ്ങനെ ചിരിക്കാന്‍ അവസരം കിട്ടുക എന്ന് പറഞ്ഞാല്‍ വലിയ സന്തോഷമാണ്. പിന്നെ അമ്മച്ചിയും ഒട്ടും മോശമല്ല, ചെമ്പോത്തമ്മ. കെട്ടിയോന്‍ ഗോവയില്‍ പോയപ്പോള്‍ അവിടെയും കിട്ടി. അടുത്ത കാലത്ത് ചെയ്തതില്‍ മനസിന് സംതൃപ്തി തന്ന ചിത്രം കൂടിയാണ് ഇത്.

നോബഡിയുമായി രാജു കുറച്ച് ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. അത് കഴിഞ്ഞ് നേരെ രാജമൗലി സാറിന്റെ പടം. ശേഷം കോഴിക്കോടേക്ക് വരും എന്നാണ് പറഞ്ഞിട്ടുള്ളത്. ഷൂട്ടിംഗിനായി എവിടേക്ക് പോവുകയാണെങ്കിലും പറയും. പോയിക്കഴിഞ്ഞ് കിട്ടാന്‍ വലിയ പാടാണ്. അവന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും. എവിടേക്കാണെങ്കിലും പോവുമ്പോള്‍ കൃത്യമായി പറയും. കൃത്യമായ ഷെഡ്യൂള്‍ പറയാറുണ്ട്. ഏപ്രില്‍-മെയ് സമയത്തൊക്കെ കൊച്ചിയില്‍ ഉണ്ടാവും എന്നാണ് പറഞ്ഞത്. ഞാന്‍ പൊതുവെ അവരുടെ സെറ്റിലൊന്നും പോവാറേയില്ല. കാരണം നമ്മള്‍ ഇത് കണ്ടല്ലേ ഇത്രയും കാലം ജീവിച്ചത്. അവിടെ ചെന്നിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് നമുക്കറിയാം. കുറേനാളായി രാജുവിന്റെ ഒരു സെറ്റില്‍ പോയിട്ട് എന്നോര്‍ത്തായിരുന്നു നോബഡി സെറ്റിലേക്ക് പോയത്.
പാവം, അവിടെ ചെന്നപ്പോള്‍ അവന് ഷോട്ട്. അതിനിടയ്ക്ക് ഓടി വരണം. നമ്മള്‍ അറിഞ്ഞോണ്ടെന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ട് ഞാന്‍ അങ്ങനെ പോവാറില്ല. എന്നെങ്കിലും, പിറന്നാളോ, വല്ല വിശേഷാവസരങ്ങളും വന്നാല്‍, ക്ഷേത്രത്തിലെ പ്രസാദവുമായി പോയാലായി. അടുത്തുണ്ടെന്ന് അറിഞ്ഞാലൊന്ന് പോവും. അല്ലെങ്കില്‍ എല്ലാം ഫോണിലാണ് എന്നുമായിരുന്നു മല്ലിക പറഞ്ഞത്. രാജുവിന്റെ അടുത്ത ഡയറക്ഷനുണ്ട്. അത് ഞാനായിട്ട് പറഞ്ഞാല്‍ സസ്‌പെന്‍സ് പോയില്ലേ. ഇന്ദ്രനും പ്രൊഡക്ഷനും, ഡയറക്ഷനുമെല്ലാമുണ്ട്. അതിനിടയിലാണ് അവന് ഹിന്ദി ചിത്രങ്ങള്‍ വന്നത്. തമിഴില്‍ വെബ് സീരീസുമുണ്ട്. പിന്നെ മലയാളവും.
രാജു അവന്‍ ചെയ്യുന്ന സിനിമകളുടെ കഥയൊക്കെ പറയാറുണ്ട്. മുഴുവന്‍ പറയാറില്ല. ത്രെഡൊക്കെ പറയും. അവസാനം ആരെങ്കിലും മരിക്കുമോ എന്ന് ഞാന്‍ ചോദിക്കാറുണ്ട്, ഇതെന്താണ് അമ്മേ ഇങ്ങനെയൊരു ചോദ്യം എന്ന് അവന്‍ ചോദിക്കും. തിയേറ്ററില്‍ വന്ന് കാണുന്നതാണ് എനിക്കിഷ്ടം. ഏതൊക്കെയോ വലിയ ഓഫറുണ്ട് എന്നേ എനിക്ക് അറിയൂ. രാജു വീട്ടില്‍ വരുമ്പോള്‍ ഇത്ര ഗൗരവം ഒന്നുമില്ല. വല്ലപ്പോഴുമാണ് സീരിയസ് വിഷയം സംസാരിക്കാറുള്ളത്. എല്ലാവരും കൂടുമ്പോള്‍ ഭക്ഷണമുണ്ടാക്കുക, പിന്നെ പിള്ളേരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്.


Click it and Unblock the Notifications











