കൂട്ടുകാര്‍ ചേര്‍ന്ന് മദ്യം എന്റെ തലയില്‍ ഒഴിച്ചിട്ടുണ്ട്! ബാറിൽ പോയാലും കുടിക്കാറില്ലെന്ന് ഇടവേള ബാബു
നടനാണെങ്കിലും അഭിനയത്തില്‍ സജീവമല്ലാതെ താരസംഘടനയായ അമ്മയെ നയിക്കുകയാണ് ഇടവേള ബാബു. താരങ്ങളുടെ എന്ത് ആവശ്യത്തിനും ആദ്യം ഓടി എത്തുന്ന ആളായിട്ടാണ് ബാബു ശ്രദ്ധേയനാവുന്നത്. വ്യക്തി ജീവിതത്തില്‍ ഇടവേള ബാബുവിനെ പറ്റി അധികമാര്‍ക്കും അറിയില്ലെങ്കിലും തന്റെ സ്വഭാവത്തെ പറ്റി നടന്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍.
വിവാഹം കഴിക്കാതെ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിന്റെ കാരണവും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇടവേള ബാബു പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ തീരെ മദ്യപിക്കാത്ത ആളാണെന്നും കൂട്ടുകാരുടെ കൂടെ ബാറില്‍ പോകാറുണ്ടെന്നും പറയുകയാണ് താരമിപ്പോള്‍.

മദ്യപാന ശീലം തീരെയില്ല. ഞാന്‍ മാത്രമല്ല സിനിമയില്‍ മൂന്നാല് പേരെ എനിക്കറിയാം. അവരും തീരെ മദ്യപിക്കാത്തവരാണ്. അത് വലിയ ക്രെഡിറ്റായിട്ട് ഞാന്‍ പറയുന്നതല്ല. എന്റെ പിതാവും കുടിക്കാത്ത ആളായിരുന്നു. അച്ഛന്‍ വെജിറ്റേറിയനാണ്. പോലീസിലായിരുന്നെങ്കിലും ബസില്‍ കയറിയേ യാത്ര ചെയ്യുമായിരുന്നുള്ളു. പോലീസാണെങ്കിലും പൈസ കൊടുത്തിട്ട് മാത്രമേ അദ്ദേഹം ബസില്‍ യാത്ര ചെയ്തിട്ടുള്ളു. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ എന്റെ മനസിലും കയറിയിട്ടുണ്ട്. ഞാനുമത് പിന്തുടര്‍ന്ന് പോന്നു.
മദ്യപാനം തെറ്റാണെന്നല്ല പറയുന്നത്. മദ്യപിക്കുന്നതിനെ കുറിച്ച് അച്ഛന്‍ എനിക്ക് തന്ന ഉപദേശം നിന്റെ സ്വന്തം പൈസയില്‍ നിന്നും മദ്യപിക്കണമെന്നായിരുന്നു. എന്നാല്‍ സ്വന്തമായി പൈസ ഉണ്ടാക്കിയപ്പോഴും അങ്ങനെ ചെയ്യണമെന്ന് തോന്നിയില്ല. പക്ഷേ എന്റെ എല്ലാ സുഹൃത്തുക്കളും മദ്യപാനികളാണ്. ഞാനും എല്ലാ ബാറുകളിലും കയറാറുണ്ട്.
ഇരിങ്ങാലക്കുട ഭാഗത്തുള്ള എല്ലാ ഷാപ്പുകൡലും ഞാന്‍ പോയിട്ടുണ്ട്. അവിടുന്ന് വല്ല സോഫ്റ്റ് ഡ്രിങ്ക്‌സും കുടിക്കും, അതുപോലെ ഭക്ഷണവും കഴിക്കും എന്നല്ലാതെ കുടിക്കാറില്ല. എന്നെ കുടിപ്പിക്കാന്‍ വേണ്ടി കൂട്ടുകാര്‍ ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ തലയില്‍ കൂടി വരെ കള്ള് ഒഴിച്ചിട്ടുണ്ടെന്ന് ബാബു പറയുന്നു.
പിന്നെ കൂട്ടുകാരുടെ ഭാര്യമാര്‍ ഒന്‍പത് മണിയാകുമ്പോള്‍ അവരെ വിളിച്ച് തുടങ്ങും. ബാബു കൂടെയുണ്ടെന്ന് പറഞ്ഞാല്‍ പിന്നെ അവര്‍ക്കും കുഴപ്പമില്ല. കാരണം ഞാന്‍ കുടിക്കില്ലെന്ന് അവര്‍ക്കറിയാം. പിന്നെ വിദേശത്തും മറ്റുമൊക്കെ പോയി വരുമ്പോള്‍ തന്റെ ബാഗില്‍ കുപ്പിയുണ്ടാവും. അതൊക്കെ കൊണ്ട് വന്ന് കൂട്ടുകാര്‍ക്ക് കൊടുക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്ന് പറയുകയാണ് താരം.

എന്നെ കണ്ടാല്‍ മദ്യപിക്കുന്ന ആളാണെന്നും ആ വയറ് കണ്ടാല്‍ അറിയാം അത്യാവശ്യം ബീയര്‍ കുടിക്കുന്ന ആളാണെന്നുമൊക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. സിനിമയില്‍ പോലും ഷോട്ടിന് വേണ്ടി മദ്യപിച്ചിട്ടില്ല. സിഗററ്റ് വലിക്കുന്ന സീനാണെങ്കില്‍ അകത്തേക്ക് പുക എടുക്കാറില്ല. ഷോട്ട് എടുക്കുമ്പോള്‍ ശരിക്കും മദ്യപിക്കുന്ന താരങ്ങളുണ്ട്. പക്ഷേ എനിക്കങ്ങനൊരു സീന്‍ വന്നപ്പോള്‍ കട്ടന്‍ ചായയാണ് ഉപയോഗിച്ചത്.
അമേരിക്കയില്‍ കുറച്ച് നാള്‍ അടുപ്പിച്ച് പ്രോഗ്രാമുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് തനിക്ക് കുടവയര്‍ ചാടി തുടങ്ങിയത്. അത് പിന്നീട് തന്റെ ഐഡിന്റിറ്റിയായി മാറി. ഭക്ഷണത്തിനോട് അത്ര താല്‍പര്യമുള്ള ആളൊന്നുമല്ല.
എങ്കിലും എന്റെ ശരീരത്തെ കളിയാക്കുന്നവരോട് വീട്ടില്‍ അത്യാവശ്യം കഴിക്കാന്‍ വക ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് പറയാറുണ്ട്. കുറച്ച് ബിപി ഉണ്ട് എന്നല്ലാതെ ദൈവം സഹായിച്ച് മറ്റ് അസുഖങ്ങളൊന്നുമില്ല. അമ്മയില്‍ നിന്നുള്ള സ്ഥാനം ഒഴിഞ്ഞാല്‍ ആ ബിപി പോകുമെന്നാണ് ഡോക്ടര്‍ ഉപദേശിച്ചിരിക്കുന്നത്.


Click it and Unblock the Notifications











