ഇമ്രാനുമായി സൗഹൃദമില്ല, ക്ഷമിക്കുന്നത് മകൾക്ക് വേണ്ടി മാത്രം; മുൻ ഭാര്യ അവന്തിക പറയുന്നു
ബോളിവുഡ് അടുത്തകാലത്ത് ഏറ്റവും ചർച്ച ചെയ്ത വിഷയമാണ് നടൻ ഇമ്രാൻ ഖാന്റെയും അവന്തിക മാലിക്കിന്റെയും വിവാഹമോചനം. ഏതാണ്ട് പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2011ലാണ് ഇരുവരും വിവാഹിതരായത്. അധികം വൈകാതെ ഇവർക്ക് ഇമാര എന്ന മകളും ജനിച്ചു. എന്നാൽ, എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇമ്രാൻ ഖാനും അവന്തിക മാലിക്കും വേർപിരിഞ്ഞു. വിവാഹബന്ധം വേർപിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും, ഇമ്രാന് നടി ലേഖ വാഷിങ്ങ്ടണുമായുള്ള അടുപ്പമാണ് അവന്തിക വീടുവിട്ടു പോയതിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അടുത്തിടെ നയൻദീപ് രക്ഷിത് പോഡ്‌കാസ്റ്റിൽ പങ്കെടുത്ത അവന്തിക മാലിക് ആദ്യമായി ഇമ്രാൻ ഖാനുമായുള്ള തകർന്ന ദാമ്പത്യത്തെ കുറിച്ച് മനസ്സ് തുറന്നു. നടനുമായി ഇപ്പോൾ യാതൊരു തരത്തിലുമുള്ള സൗഹൃദവുമില്ല എന്ന് തുറന്നു പറഞ്ഞ അവന്തിക, മകൾക്ക് വേണ്ടി മാത്രമാണ് താൻ ക്ഷമിക്കാൻ തയ്യാറായതെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് അവന്തികയുടെ വെളിപ്പെടുത്തലുകൾ.
ഇമ്രാൻ ഖാനോട് സൗഹൃദമില്ല; അവന്തിക മാലിക് പറയുന്നു

നയൻദീപ് രക്ഷിത് പോഡ്‌കാസ്റ്റിൽ പങ്കെടുത്ത അവന്തിക മാലിക്, തന്റെ തകർന്ന ദാമ്പത്യത്തെ കുറിച്ച് തുറന്നു പറഞ്ഞു. 2019ൽ തന്റെ വിവാഹജീവിതം അവസാനിച്ചപ്പോൾ മാനസികമായി തകർന്ന അവന്തിക, താൻ ഇനിയൊരിക്കലും വിവാഹിതയാകാൻ സാധ്യതയില്ല എന്ന് സൂചിപ്പിച്ചു. എന്നാൽ, തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ താൻ അനുഭവിച്ച കഷ്ടതകളിലൂടെ തന്റെ മകൾ ഇമാര കടന്നുപോകാതിരിക്കാൻ താൻ കഴിയുന്നത്ര ശ്രമിച്ചുവെന്നും അവന്തിക പറഞ്ഞു. ഇപ്പോൾ വ്യത്യസ്ത ജീവിതങ്ങളാണ് നയിക്കുന്നതെങ്കിലും, ഇമ്രാൻ ഖാൻ മകൾക്ക് നല്ലൊരു അച്ഛനാണെന്നും നടന്റെ മുൻ ഭാര്യ പറയുന്നത്.
എന്നാലും, ഇമ്രാൻ ഖാനുമായി ഇപ്പോൾ യാതൊരു സൗഹൃദവുമില്ലെന്നും അവന്തിക മാലിക് വെളിപ്പെടുത്തി. തങ്ങളുടെ ദാമ്പത്യത്തിൽ സംഭവിച്ച കാര്യങ്ങൾ വച്ച് മുൻ ഭർത്താവുമായി ഇനിയൊരു സൗഹൃദം സാധ്യമാണെന്ന് തോന്നുന്നില്ല. മകൾക്ക് സുരക്ഷിതമായ ഒരു കുട്ടിക്കാലം നൽകാൻ വേണ്ടി മാത്രമാണ് തന്റെ വേദനയും വിദ്വേഷവും മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഇമ്രാനുമായി ഉള്ളത് തികച്ചും ഔപചാരികമായ ഇടപെടലുകൾ മാത്രമാണ്. "സുഹൃത്ത് എന്നത് വളരെ ശക്തമായ ഒരു പ്രയോഗമാണ്. ഞങ്ങൾക്കിടയിൽ സൗഹൃദമില്ല. എന്നെങ്കിലും ഈ അവസ്ഥ മാറിയേക്കാം," അവന്തിക പറഞ്ഞു.
ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ഇമ്രാൻ ഖാൻ


പുതിയ അഭിമുഖത്തിൽ, ദാമ്പത്യം അവസാനിപ്പിക്കണമെന്ന തീരുമാനം തന്റെതായിരുന്നില്ല എന്നും അവന്തിക മാലിക് സൂചിപ്പിച്ചു. "ഒരു റിലേഷൻഷിപ്പ് അവസാനിപ്പിക്കണം എന്ന തീരുമാനമെടുക്കുക എനിക്ക് സാധിക്കുന്ന കാര്യമല്ല. അതിനുള്ള ധൈര്യം ഒരു വ്യക്തിയെന്ന നിലയിൽ എനിക്കില്ല. ഞാൻ വളരെ ഇമോഷണലാണ്. എന്റെ മാതാപിതാക്കളുടെ വിവാഹജീവിതം തകർന്നത് പോലെ എന്റേത് തകരരുത് എന്ന തോന്നലും എനിക്ക് ഉണ്ടായിരുന്നു. എന്റെ ജീവിതം പോലെ എന്റെ മകളുടേത് ആകരുതെന്നും," അവന്തിക പറഞ്ഞു.
ഇത് വരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും, ഇമ്രാൻ ഖാനും അവന്തികയും വേർപിരിഞ്ഞത്, നടന് ലേഖ വാഷിങ്ങ്ടണിനോടുള്ള അടുപ്പമായിരുന്നു എന്നാണ് റിപോർട്ടുകൾ. ഇമ്രാന്റെ സുഹൃത്തായിരുന്ന പാബ്ലോ ചാറ്റർജിയുടെ ഭാര്യയായിരുന്നു തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി. ഇമ്രാനും ലേഖയും തമ്മിലുള്ള അഫയർ അവന്തികയും പാബ്ലൊയും അറിഞ്ഞതോടെ രണ്ടു ദാമ്പത്യങ്ങളും അവസാനിക്കുകയായിരുന്നു. മകൾക്ക് വേണ്ടി കഴിഞ്ഞത് മറക്കാൻ മുൻഭാര്യ തയ്യാറായെങ്കിലും, തനിക്ക് അതിന് താത്പര്യമില്ലെന്ന് നടൻ അറിയിക്കുകയായിരുന്നു എന്നാണ് സൂചന.


Click it and Unblock the Notifications











