For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെ പി ഉമ്മര്‍ എന്ന മലയാളസിനിമയിലെ സുന്ദരനായ വില്ലന്‍

  |

  എ വി ഫര്‍ദിസ്

  എഴുത്തുകാരന്‍
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  കാലയവനികക്കുള്ളിലേക്ക് നടന്നടുത്തിട്ട് ഇന്ന് പതിനേഴു വര്‍ഷമാകുകയാണ്. ഈ സന്ദര്‍ഭത്തില്‍ ആ നടന്റെ സംഭാവനകള്‍ എന്തായിരുന്നുവെന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ് ഉമ്മറിന്റെ ജീവിത കഥാ പുസ്തകത്തിന്റെ എഡിറ്ററും ബന്ധുവുമായ ലേഖകന്‍ എ വി ഫര്‍ദിസ്

  ഓര്‍മകളില്‍ മായാതെ ,വെള്ളിത്തിരയിലെ സുന്ദരനായവില്ലന്‍

  28-12-1999ല്‍ അയച്ച കത്ത് കിട്ടിയിരുന്നു.പക്ഷേ ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ ഇല്ലായിരുന്നു. ഒരു മാസത്തിനുശേഷം തിരുവനന്തപുരത്ത് നിന്നും തിരിച്ചെത്തിയപ്പോള്‍ എഴുതുകയാണ്. എന്റെ ആത്മകഥ ഇത്രയും ധൃതിവെച്ച് പ്രസിദ്ധീകരിക്കണമെന്നില്ല. അത് അച്ചടിച്ചില്ലെങ്കില്‍ ലോകത്ത് ഒന്നും സംഭവിക്കാന്‍പോകുന്നില്ല. ഏതായാലും അതിന്റെ ശ്രമക്കാരനായ നിനക്ക് എന്റെ 'ഇമ്മിണി ബല്യ ' നന്ദി.

  kp-ummar

  പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ പി ഉമ്മര്‍ എന്ന നടന്റെ വലിയ കൈയക്ഷരത്തില്‍ വന്ന ഇന്‍ലന്റിലെ മുകളില്‍ സൂചിപ്പിച്ച ഈ വരികള്‍ ഇപ്പോഴും ഓര്‍മകളില്‍ നിന്ന് മായാതെ, മറയാതെ നില്ക്കുകയാണ്. മലയാളത്തിന്റെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണസിംഹാസനം മരിച്ചു പതിനേഴുവര്‍ഷം പിന്നീടുമ്പോഴും മറ്റാര്‍ക്കും വിട്ടുനല്കാത്ത ഉമ്മറിന്റെ ഓര്‍മകള്‍ പുസ്തകത്തിലാക്കുന്ന വിഷയത്തില്‍ ഞാനയച്ച കത്തിനുള്ള മറുപടിയായിരുന്നത്. പ്രസിദ്ധീകരണം ഏറ്റെടുക്കാന്‍ പ്രമുഖ പ്രസാധകരില്‍ ചിലര്‍ തയ്യാറായില്ല. അപ്പോള്‍ കോഴിക്കോട്ടെ ഒരു പ്രസാധകസുഹൃത്തിന്റെ നിര്‍ദേശമായിരുന്നു, പുസ്തകത്തിനാവശ്യമുള്ള പേപ്പറിന്റെ പൈസതന്നാല്‍ പുസ്തകംപുറത്തിറക്കാമെന്നുള്ളത്. എന്നാല്‍ കെ പി ഉമ്മറിനോട് അതുതുറന്നു പറയുവാനുള്ള പേടികൊണ്ട് വിഷയം സൂചിപ്പിച്ച് ഞാനൊരു കത്തയച്ചു. ഇതിന് എനിക്കുകിട്ടിയ മറുപടിയായിരുന്നിത്.

  മലയാളത്തിലെ ഏറ്റവുംവലിയ പ്രസാധകനായ ഡി സി കിഴക്കേമുറിയാണ് കെ പി ഉമ്മറിന്റെ ഓര്‍മകള്‍പുസ്തകരൂപത്തിലാക്കണമെന്ന അഭിപ്രായം ആദ്യം പറയുന്നത്. എന്നാല്‍ ഉമ്മറിന്റെ ഓര്‍മകള്‍ പുസ്തകരൂപത്തില്‍ ആക്കുമ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നു. ഡി സിയിലെ പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു പഴയ സിനിമാനടന്‍മാത്രമായിരുന്നു ഉമ്മര്‍ എന്നതിനാല്‍ വലിയ താല്പര്യംകാണിച്ചില്ല. മറ്റു പ്രസാധകരെ തിരഞ്ഞുനടക്കുന്നതിനിടയിലാണ് ഇത്തരമൊരു നിര്‍ദേശം ഒരു ചെറിയ പ്രസാധക സുഹൃത്തില്‍ നിന്ന് ലഭിക്കുന്നതും.

  kp ummar

  വേണമെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടായിരമോ,മൂവായിരമോ കൊടുത്തിരുന്നെങ്കില്‍ ഉമ്മറിന്റെ പുസ്തകം പുറത്തിറങ്ങുമായിരുന്നു. അന്ന് അതിന് സാമ്പത്തികമായി അദ്ദേഹത്തിന് പ്രാപ്തിയുമുണ്ടായിരുന്നു. കെ പി ഉമ്മര്‍ പിന്നീട് എന്നെ ഫോണില്‍വിളിച്ചും ഇതേപോലെ എന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ലോകത്ത് ഒരു ചുക്കുംസംഭവിക്കാന്‍പോകുന്നില്ലെന്നും പണം കൊടുത്ത് ആ പരിപാടി വേണ്ടെന്നായിരുന്നു.

  ഇതായിരുന്നു കച്ചിനാംതൊടുക പുരയില്‍ കെ പി എന്ന കെ പി ഉമ്മര്‍. മുഴക്കമുള്ള എന്നാല്‍ റഫല്ലാത്ത പ്രത്യേകതരം ശബ്ദത്തിലുള്ള ഇദ്ദേഹത്തിന്റെ സംസാരം സിനിമയില്‍മാത്രമല്ല, യഥാര്‍ഥജീവിതത്തിലും ഇദ്ദേഹത്തിന് പലപ്പോഴും വില്ലന്‍ എന്ന പരിവേഷം ചാര്‍ത്തികൊടുക്കുകയായിരുന്നു. പറയുവാനുള്ളത് ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും ഇത് ഇദ്ദേഹത്തിന് വിനയായി മാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ്‌പോലുള്ളവ സ്വാധീനക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഘട്ടത്തില്‍ തികച്ചുംജൂനിയറായ ഒരു നടന് എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ ദേഷ്യപ്പെട്ടുകൊണ്ട് തന്നെ അവാര്‍ഡിന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി ഉമ്മര്‍ കത്തെഴുതി. എന്നാല്‍ പി ആര്‍ ഡിയിലെ ഒരു ഉന്നതനായ വ്യക്തി ആ കത്ത് സൂക്ഷിക്കുകയും ഏതെങ്കിലും ജൂറി കെ പി ഉമ്മറിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ഈ പഴയ കത്തെടുത്ത് കാണിക്കുകയും ഇദ്ദേഹം നിരസിക്കുമെന്ന് പറഞ്ഞ് അവാര്‍ഡ്കമ്മിറ്റി അംഗങ്ങളെ സ്ഥിരമായി ഇതില്‍നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു.

  ഇതായിരുന്നു ഉമ്മര്‍. എതിര്‍പ്പുകള്‍ പറയുന്നതില്‍ ഒരഡ്ജസ്റ്റുമെന്റിനും അദ്ദേഹം തയ്യാറായിരുന്നിലില്ല. ഉമ്മര്‍ തന്നെ തന്റെ സ്വഭാവത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: 'എതിര്‍ക്കാന്‍ വിചാരിച്ചാല്‍ ആത്മനിയന്ത്രണംവിടാതെ ബുദ്ധിപൂര്‍വം പല്ലുംനഖവും ഉപയോഗിച്ച് ഞാന്‍ എതിര്‍ക്കും. ആരെന്നെപ്പറ്റി വിമര്‍ശിച്ചെഴുതിയാലും ഞാനതുശാന്തമായിരുന്നു വായിക്കും. മറുപടി ആഗ്രഹിക്കുന്നതാണെങ്കില്‍ കണക്കിന് കശക്കും'.

  ഇതുകൊണ്ട് കെ പി ഉമ്മറിന് വലിയ തലക്കനമാണെന്ന പ്രചാരണവും ഉണ്ടായി. എന്നാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍:' ആരാധകന്മാരായി വരുന്നവരെ പൊതുസദസ്സ്‌പോലുള്ളിടത്ത് വെച്ച് നാം ഒരു പരിധിക്കകത്ത് നിറുത്തിയില്ലെങ്കില്‍ പിന്നീടവര്‍ നമ്മുടെ തലയില്‍ കയറികളിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  എന്നാല്‍ അടുത്തറിയുന്നവര്‍ക്കറിയാം, എന്നും ഒരു കോഴിക്കോട്ടുകാരന്റെ നന്മനിറഞ്ഞ മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു കെ പി ഉമ്മര്‍. സെറ്റുകളില്‍വെച്ച് പോലും കോഴിക്കോടിന്റെ മേന്മ മറ്റുസതീര്‍ഥ്യരോട് വിളമ്പുമായിരുന്ന ഇദ്ദേഹത്തെ പലരും ദാ, ഉമ്മുക്കയുടെ കോഴിക്കോടന്‍ ബഡായിതുടങ്ങീ എന്ന നിലക്ക് കളിയാക്കാറുമുണ്ടായിരുന്നു.

  അരനൂറ്റാണ്ട് മുന്‍പ് യാദൃച്ഛികമായാണ് ഉമ്മര്‍ അഭിനയരംഗത്തെത്തുന്നത്. മുന്‍ മന്ത്രി പി പി ഉമ്മര്‍ക്കോയയുടെ ക്ഷണമനുസരിച്ച്, ആരാണപരാധി എന്ന നാടകത്തില്‍ ജമീല എന്ന സുന്ദരിയായയുവതിയുടെ വേഷം കെട്ടിയാണ് ഇദ്ദേഹം നാടകകളരിയില്‍ തന്റെ വേഷംകെട്ടലിന് തുടക്കംകുറിക്കുന്നത്. പൊതുവെ സ്ത്രീകള്‍ ഇത്തരംകാര്യങ്ങള്‍ക്ക് പ്രത്യക്ഷപ്പെടാതിരുന്ന ഒരു കാലത്ത് ജമീല എന്ന കഥാപാത്രം. പ്രത്യേകിച്ച് കെ പി ഉമ്മറിന്റെസൗന്ദര്യംകൂടിയായതോടെ ഏറെ ചര്‍ച്ചാവിഷയമായി. അവസാനം ഉമ്മറാണ് വേഷംകെട്ടിയതെെതന്നറിഞ്ഞതോടെ പ്രശ്‌നം ഉമ്മറിന്റെ വീട്ടിലുമെത്തി. ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു കെ പി ഉമ്മര്‍. അവനെ ഞാന്‍ വീട്ടില്‍ കയറ്റില്ലെന്ന തീരുമാനത്തിലെത്തി, അദ്ദേഹം. അവസാനം പി പി ഉമ്മര്‍ക്കോയ, അപ്പക്കോയപോലുള്ള ദേശീയസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്നതോടുകൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അമ്മാവന്‍ തന്റെ തീരുമാനംമാറ്റിയത്. ഇതിനുശേഷമാണ് ഇന്നും നാടകലോകം സജീവമായി ചര്‍ച്ചചെയ്യുന്ന കെ ടിയുടെ ഇത് ഭൂമിയാണ് എന്നതിലെ പ്രശസ്തനായ ഹാജ്യാരുടെ കഥാപാത്രമായി ഉമ്മര്‍ മാറുന്നത്. കേരളക്കരയൊന്നാകെ ചര്‍ച്ചചെയ്യപ്പെട്ട എഴുപത് പിന്നിട്ട ഹാജിയാരുടെ ഈ വേഷംചെയ്യുമ്പോള്‍ ഉമ്മറിന്റെ പ്രായം വെറും പതിനേഴായിരുന്നുവെന്നറിയുമ്പോഴാണ് ആശ്ചര്യംകൊണ്ട് നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കുക.

  നാടകം കണ്ട ഒരു ഹാജിയാര്‍ പിന്നീട് ഉമ്മറിനെകാണാന്‍ വന്നു. ഹാജിയാരായിട്ടും എന്തേ കൊച്ചന്റെ ഹാജിയാര്‍ ഭക്ഷണംകഴിച്ച് തുടങ്ങുമ്പോള്‍ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലാത്തതെന്ന് ചോദിച്ചത് താന്‍ ആ കഥാപാത്രം ഏറ്റവും ഭംഗിയാക്കി എന്നുള്ളതിന് കിട്ടിയ വലിയ ഒരംഗീകാരമാണെന്ന് ഉമ്മര്‍ പിന്നീട് പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. പിന്നീട് കെ ടിയുടെ തന്നെ മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവവറ്റ പശു തുടങ്ങിയ നാടകങ്ങളിലുടെയും ഉമ്മര്‍ നാടകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചു. പക്ഷേ കെ പി എ സിയിലെത്തുന്നതോടെയാണ് പ്രൊഫഷണല്‍ നാടകവേദിയിലെ വലിയൊരുസാന്നിധ്യമായി ഉമ്മര്‍ കേരളക്കരയൊന്നാകെ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹം തന്നെ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:'കെ പി എ സി എന്റെ അഭിനയലോകത്തിന്റെ സര്‍വകലാശാലയായിരുന്നു. ആ സര്‍വകലാശാലയില്‍ നിന്നും നേടിയ അനുഭവസമ്പത്താണ് ഞാന്‍ നേടിയ ഉന്നതബിരുദം. അവരോടൊപ്പമായിരുന്നപ്പോള്‍ ജനലക്ഷങ്ങളുടെ വികാരവായ്പ് ഞാന്‍ നേരില്‍ കണ്ടു, കേട്ടു, അനുഭവിച്ചു.

  kp3

  കെ പി എ സിയുടെ പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, അശ്വമേധം തുടങ്ങി ഒരുപിടി നാടകങ്ങളില്‍ സജീവമായി നില്ക്കുന്നതിനിടെയാണ് ഭാസ്‌ക്കരന്‍ മാഷിന്റെ രാരിച്ചന്‍ എന്ന പൗരനിലൂടെ ഇദ്ദേഹം വെള്ളിത്തിരയിലുംസജീവമാകുന്നത്. എന്നാല്‍ ആദ്യസിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയപ്പോള്‍ വീണ്ടും കെ പി എ സിയില്‍ തന്നെ എത്തി നാടകരംഗത്ത് സജീവമാകുകയായിരുന്നു. എന്നാല്‍ ഇതിനുശേഷം എം ടിയാണ് കെ പി ഉമ്മറിനെ തന്റെ മുറപ്പെണ്ണ് എന്ന സിനിമയിലൂടെ വീണ്ടുംചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നത്. ഇതിനുശേഷം പുറത്തിറങ്ങിയ നഗരമേ നന്ദിയിലെ വില്ലന്‍കഥാപാത്രം ഉമ്മറിനെ ചലച്ചിത്രലോകത്ത് സജീവമാക്കുകയായിരുന്നു. ഇതിനിടെ ഐ വി ശശിയുടെ ഉത്സവത്തില്‍ നായകവേഷംകൂടി കെട്ടിയതോടെ ഇദ്ദേഹത്തിലെ സ്വാഭാവികനടനെകൂടി മലയാളത്തിലെ സിനിമാലോകം അംഗീകരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ഉമ്മര്‍ തന്നെ പറയുന്നതിങ്ങനെയാണ്:' മലയാളത്തിലായതുകൊണ്ടാണ് എനിക്ക് വില്ലനാകുവാനും ഉപഗുപ്തനാകുവാനുവാനും സാധിച്ചത്. മറിച്ച് തമിഴിലോ മറ്റോ ആണെങ്കില്‍ എത്രകഴിവുണ്ടെങ്കിലും എം എന്‍ നമ്പ്യാരെപ്പോലെ ജീവിതകാലംമുഴുവന്‍ വില്ലന്‍കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നു'.

  ഒരഭിനേതാവ് എന്ന നിലക്ക് ഉമ്മറിന്റെ തന്റെ പ്രൊഫഷണനോടുള്ള ആത്മസമര്‍പ്പണമാണ് ഇദ്ദേഹത്തെ മലയാളസിനിമാചരിത്രത്തില്‍ ദ്വീതിയസ്ഥാനം നേടികൊടുക്കുന്നത് ഇതേക്കുറിച്ച് ഉമ്മര്‍ മറ്റുള്ളവരോട് പറഞ്ഞതുമിതാണ്:'ജോലിയോടുള്ള കൂറ്, തികഞ്ഞ ആത്മവിശ്വാസം, അവസരത്തിനൊത്തുയരാനുള്ള തന്റേടം,കാണികളോടുള്ള ബഹുമാനം, പരിസരബോധം, പ്രതിസന്ധികളെ നേരിടാനുള്ള നെഞ്ഞൂക്ക് ഇതെല്ലാമുള്ള ഒരു നാടകനടനുമാത്രമേ രംഗത്ത് വിജയിക്കാനാവൂ എന്നാണ് അനുഭവം എനിക്കുനല്കിയ പാഠം'.

  ഇപ്പോള്‍ ആ മഹാനടന്‍ കാലയവനികക്കുള്ളിലേക്ക് മറഞ്ഞു നടന്നിട്ട് പതിനേഴാമത് വര്‍ഷത്തിലേക്കു കടക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചോ മറ്റോ വരും തലമുറക്ക് അടുത്തറിയുവാനുള്ള ഔദ്യോഗികമായ സംവിധാനങ്ങളോ മറ്റോ ഇപ്പോഴുമില്ല. എന്തിനധികം ഉമ്മറിന്റെ ജന്മനാടായ കോഴിക്കോടടക്കം അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ പോലും നടന്നത് ഈ ഒന്നര പതിറ്റാണ്ട് കാലത്തിനിടക്ക് ഏതാനും പ്രാവശ്യം മാത്രം. കലാകാരന്മാരെ എന്നും ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കോഴിക്കോട്ടെപോലും വര്‍ത്തമാനകാലത്തിന്റെ ദുരവസ്ഥയെയാണിത് കാണിക്കുന്നത്.

  English summary
  in the remembrance of k p ummar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X