'കുളത്തിൽ മാധവിയുടെ സീൻ, സെറ്റിലെത്തിയവർ ഞെട്ടി; വീഴ്ച കണ്ട് മമ്മൂട്ടി ഡ്യൂപ്പിനെ വെച്ച് സ്ഥലം വിട്ടു'
മലയാളികൾക്ക് മറക്കാനാകാത്ത ചിത്രമാണ് 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ. ചന്തുവിനെ തോൽപ്പിക്കാനാകില്ല മക്കളേ എന്ന ഡയലോഗ് ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നു. വർഷങ്ങൾക്കിപ്പുറം സിനിമ റി റിലീസിനെത്തുകയാണ്. എംടി വാസുദേവൻ നായർ, മമ്മൂട്ടി, ഹരിഹരൻ കൂട്ടുകെട്ടിലിറങ്ങിയ ഒരു വടക്കൻ വീരഗാഥ മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം നേടി. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ ചില സംഭവ കഥകൾ പങ്കുവെക്കുകയാണ് ശാന്തിവിള ദിനേശ്. ഷൂട്ടിനിടെയുണ്ടായ സംഭവങ്ങളാണ് ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
ഏത് പ്രൊഡ്യൂസർക്കൊപ്പവും ചില എർത്തുകളുണ്ടാകും. ഇവരായിരിക്കും പ്രൊഡക്ഷൻ നിയന്ത്രിക്കുന്നത്. നല്ല നിർമാതാവാണ് പിവി ഗംഗാധരൻ. അവിടെ കാര്യങ്ങൾ നിയന്ത്രിക്കാൻ വേറെ ചിലരുണ്ട്. എംടി എഴുതിയിട്ടോ മമ്മൂട്ടി നായകനായിട്ടോ ഹരിഹരൻ സംവിധാനം ചെയ്തിട്ടോ ഒരു കാര്യവും നടക്കില്ല. ഈ എർത്തുകളാണ് തീരുമാനിക്കുക. ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ സെറ്റിൽ പാകിയിരുന്നത് പ്ലാസ്റ്റോപാരിസ് കൊണ്ട് നിർമ്മിച്ച പഴയ കാല ഓടുകളാണ്. ചുവന്ന നിറമാണ്.

അത് നനവ് തട്ടി ഒലിച്ച് പോകാതിരിക്കാൻ ഓടിന് പുറത്ത് വാർണിഷ് അടിക്കും. ആർട്ട് സെക്ഷൻകാർ 50 ലിറ്റർ വാർണിഷ് വേണമെന്ന് എഴുതിക്കൊടുത്തു. ആലോചനാകമ്മിറ്റിക്കാർ അതിലെ പൂജ്യം വെട്ടി. എന്നിട്ട് അഞ്ച് ലിറ്റർ വാർണിഷ് വാങ്ങിക്കൊടുത്തു. അവർ തർക്കത്തിനൊന്നും പോയില്ല. അഞ്ച് ലിറ്ററിന് എത്രത്തോളം അടിക്കാമോ അത്രയും അടിച്ചു. പിറ്റേന്നാണ് ഷൂട്ടിംഗ്. മാധവി കുളത്തിൽ നിന്ന് കുളിക്കുന്ന സീനാണ്. ഈ സീനെടുത്ത് പതിനൊന്ന് മണിക്ക് മാധവിയെ ഫ്രീയാക്കണം.
കാരണം മാധവിക്ക് ഒരു മണിക്കുള്ള ഫ്ലെെറ്റിൽ ബോംബെയിൽ പോകണം. പക്ഷെ തലേന്ന് രാത്രി കനത്ത മഴ പെയ്തു. രാവിലെ ലൊക്കോഷനിലെത്തിയപ്പോൾ ഈ കുളം കണ്ട് ഞെട്ടിപ്പോയി. ഓടിന്റെ കളർ മുഴുവൻ കുളത്തിൽ ഒലിച്ചിറങ്ങി. ചെങ്കടൽ പോലെ ചുവന്ന വെള്ളത്തിൽ കുളം.

എത്ര ലക്ഷം രൂപയുടെ നഷ്ടം വന്നു എന്നറിയാമോ. ഫയർ എഞ്ചിൻ വന്നു. വെള്ളം മുഴുവൻ മാറ്റി വീണ്ടും ശുദ്ധ ജലം നിറച്ചു. മണി 11 മണി കഴിഞ്ഞു. മാധവി മാധവിയുടെ വഴിക്ക് ബോംബെയ്ക്ക് പോയി. വാർണിഷിന് കൂടിപ്പോയാൽ അന്ന് പതിനായിരം രൂപയായേനെ. എന്നാൽ ഇത് ചെയ്യാത്തത് കൊണ്ട് ലക്ഷങ്ങൾ നഷ്ടം വന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. മമ്മൂട്ടി ഡ്യൂപ്പിനെ വെച്ച് ചില സീനുകൾ ചെയ്തതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
മമ്മൂട്ടിയും സുരേഷ് ഗോപിയും പുത്തൂരം തറവാട്ടിൽ ഏറ്റുമുട്ടുന്ന രംഗമെടുക്കണം. സീനിൽ ഉയർന്ന് ചാടണം. അതിനാൽ പിന്നിൽ കൊളുത്തുള്ള റോപ്പ് തയ്യാറാക്കി. കനം കുറഞ്ഞ സ്റ്റീൽ കമ്പിയാണ് റോപ്പിനായി ഉപയോഗിക്കുന്നത്. ഈ കമ്പി അരയിൽ മുറുക്കും. അതിന്റെ പുറത്ത് കൂടെ വെള്ള തുണി മടക്കി കെട്ടും. നൂറ് ക്വിന്റൽ ഈ കമ്പി കൊണ്ട് പൊങ്ങുമെന്ന് സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ മാസ്റ്റർ ഉറപ്പ് കൊടുത്തു.
ആദ്യം ഈ റോപ്പിൽ എന്റെ ഡ്യൂപ്പായ പഴനിയെ കയറ്റാൻ പറഞ്ഞു. പഴനിയെ നേർത്ത സ്റ്റീൽ കമ്പനിയിൽ ബന്ധിച്ചു. ത്യാഗരാജൻ മാസ്റ്ററും സംഘവും റോപ്പിന്റെ ഇങ്ങേ തലയ്ക്കൽ നിന്ന് ആഞ്ഞ് വലിച്ചു. പഴനി മുകളിലേക്ക് പോയതിന്റെ ഇരട്ടി വേഗത്തിൽ താഴെ വീണു. കാരണം കമ്പി പൊട്ടി. ഇത് കണ്ട മമ്മൂട്ടിയുടെ കണ്ണ് തള്ളിപ്പോയി എന്ന് പറയാം. ഡ്യൂപ്പിനെ വെച്ച് തന്നെ ആ ഭാഗം ചിത്രീകരിക്കാൻ പറഞ്ഞ് മമ്മൂട്ടി സ്ഥലം വിട്ടു. ക്ലെെമാക്സിൽ ഇതേ കമ്പിയിൽ കൊളുത്തി മമ്മൂട്ടി മുകളിലേക്ക് പോയി വാൾ പിടിക്കുന്ന സീനുണ്ട്. 13 ടേക്ക് വേണ്ടി വന്നു മമ്മൂട്ടിക്ക് ഓക്കെയാക്കാനെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications