സൈനികരുടെ വീര്യം, ത്യാഗം, വിജയങ്ങള്‍! ബോളിവുഡിലെ മികച്ച പട്ടാള ചിത്രങ്ങള്‍ ഇവയാണ്
രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണിന്ന്. ഇന്നേ ദിവസം ഏറ്റവും ആദരിക്കപ്പെടേണ്ടത് രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെയാണ്. ജീവന്‍ പോലും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കേണ്ടി വന്ന നിരവധി സൈനികരാണ് രാജ്യത്തുള്ളത്.
അത്തരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം, ത്യാഗങ്ങള്‍, വിജയങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച നിരവധി സിനിമകളുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഓരോ ഇന്ത്യക്കാരും തീര്‍ച്ചയായി കണ്ടിരിക്കേണ്ട ബോളിവുഡ് പട്ടാള സിനിമകളെ കുറിച്ചറിയാം.

ബോര്‍ഡര്‍ (1997):ബോളിവുഡിലെ ഏറ്റവും മികച്ച യുദ്ധചിത്രമാണ് ബോര്‍ഡര്‍. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്തെ ലോംഗേവാല നടന്ന യുദ്ധത്തെ ആസ്പദമാക്കിയുള്ള യഥാര്‍ത്ഥ ജീവിതകഥയാണ് സിനിമയിലൂടെ കാണിച്ചിരിക്കുന്നത്. ജെ.പി ദത്ത സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി ഡിയോള്‍, ജാക്കി ഷെറഫ്, സുനില്‍ ഷെട്ടി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1997 ല്‍ റിലീസ് ചെയ്ത ചിത്രം ഇന്നും മികച്ച പട്ടാള സിനിമയായി അറിയപ്പെടുന്നു.
LOC കാര്‍ഗില്‍ (2003): 1999 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ സംഭവങ്ങള്‍ കോര്‍ത്തിണക്കി ജെ പി ദത്ത സംവിധാനം ചെയ്ത സിനിമയാണ് 'LOC കാര്‍ഗില്‍'. പ്രതികൂല സാഹചര്യങ്ങളിലും ധീരമായി പൊരുതിയ ഇന്ത്യന്‍ സൈനികരുടെ വീരത്വമാണ് ചിത്രം വിവരിക്കുന്നത്. അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചന്‍, സെയിഫ് അലി ഖാന്‍, സുനില്‍ ഷെട്ടി, റാണി മുഖര്‍ജി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലക്ഷ്യ (2004): ഹൃത്വിക് റോഷന്‍ നായകനായിട്ടെത്തി സൂപ്പര്‍ഹിറ്റ് സൈനിക ചിത്രമാണ് ലക്ഷ്യ. ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതിന് ശേഷം ലക്ഷ്യവും നിശ്ചയദാര്‍ഢ്യവും കണ്ടെത്തുന്ന ഒരു യുവാവിന്റെ യാത്രയാണ് സിനിമയിലൂടെ കാണിച്ചത്. പാകിസ്ഥാന്‍ സൈനികര്‍ക്കെതിരെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ലെഫ്റ്റനന്റ് കരണ്‍ ഷെര്‍ഗില്‍ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത 'ലക്ഷ്യ' കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്.

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് (2019): വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്'. 2016 ലെ ഉറി ആക്രമണത്തിന്റെയും പാക് അധീന കശ്മീരിലെ ഇന്ത്യയുടെ തുടര്‍ന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെയും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.
ഷേര്‍ഷാ (2021): 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈനികരെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് തുരത്തുന്നതില്‍ പ്രധാനിയും ധീരനായ ഇന്ത്യന്‍ സൈനികന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ കഥയാണ് ഷെര്‍ഷാ എന്ന സിനിമ. വിഷ്ണു വര്‍ദ്ധന്‍ ആണ് സംവിധാനം. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകനായി അഭിനയിച്ചത്.


Click it and Unblock the Notifications











