അംരിഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു; ഷൂ നക്കുന്ന സീനിന് പിന്നിൽ; കാലാപാനിയുടെ പരാജയത്തിന് കാരണം
സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള സിനിമകൾ ഓർക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസിൽ ആദ്യം വരുന്ന സിനിമകളിലാെന്നാണ് കാലാപാനി. 1996 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ, പ്രഭു, തബു, അംരിഷ് പുരി തുടങ്ങിയ വലിയ താര നിര അണിനിരന്നു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന കാലത്ത് ആൻഡമാൻ നിക്കോബാറിലെ ജയിലുകളിൽ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമര പോരാളികൾ അനുഭവിച്ച യാതനകളാണ് ചിത്രത്തിന്റെ പ്രമേയം. പ്രിയദർശന്റെ പതിവ് സിനിമകളിൽ നിന്നും കുറച്ച് വ്യത്യസ്തമായ കാലാപാനി ഇന്നും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്നു.
സമരപോരാട്ടത്തിനൊപ്പം പ്രണയവും വിരഹവുമെല്ലാം കഥാപ്രമേയമായ സിനിമ മലയാളത്തിലെ കൾട്ട് സിനിമകളിലൊന്നായി ഇന്നും നിലനിൽക്കുന്നു. എന്നാൽ കാലാപാനി ബിഗ് സ്ക്രീനിലെത്തിക്കുക പ്രിയദർശനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. സിനിമയുടെ നിർമാണ ചെലവും നിർമാതാക്കളെ ലഭിക്കാത്ത സാഹചര്യവുമാണ് ഇതിൽ പ്രധാന വെല്ലുവിളിയായത്. മലയാളത്തിൽ അക്കാലത്ത് വന്ന സിനിമകളിൽ ചെലവ് കൂടിയ ചിത്രമാണ് കാലാപാനി.

2.50 കോടി രൂപ ചിത്രത്തിന് ചെലവായി. അന്ന് ഒരു ശരാശരി മലയാള സിനിമയുടെ ചെലവ് 1 കോടി രൂപയാണ്. വലിയ ചെലവ് വരുന്ന സിനിമയ്ക്ക് വേണ്ടി പണം മുടക്കാൻ പല നിർമാതാക്കളും തയ്യാറായില്ല. ഇതോടെയാണ് മോഹൻലാൽ ചിത്രം നിർമിക്കാൻ തയ്യാറാകുന്നത്. എന്നാൽ അപ്പോൾ പോലും 2 കോടി രൂപയേ ചിത്രത്തിന് ചെലവാകൂ എന്നാണ് പ്രിയദർശൻ കരുതിയത്. ചെലവ് കൂടിയെങ്കിലും മികച്ച രീതിയിൽ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി.
മറ്റു ഭാഷകളിലും കാലാപാനി ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അംരിഷ് പുരി, തബു, പ്രഭു തുടങ്ങിയ താരങ്ങളെ സിനിമയിലേക്ക് എത്തിക്കുന്നത്. പക്ഷെ കാലാപാനി ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. ഇതിന് പല കാരണങ്ങളും സിനിമാ നിരൂപകർ ചൂണ്ടിക്കാട്ടുന്നുണ്ട്. വയലൻസ് കൂടുതലുള്ള സിനിമയാണ് കാലാപാനി. പല രംഗങ്ങളിലും കഥാപാത്രങ്ങൾ ക്രൂരമായി ഉപദ്രവിക്കപ്പെടുന്നുണ്ട്. ഇത് കുടുംബ പ്രേക്ഷകർ സിനിമ കാണാതിരിക്കാൻ കാരണമായി.

തബു-മോഹൻലാൽ ഇന്റിമേറ്റ് രംഗങ്ങളും ഇതിനൊരു കാരണമായി പറയപ്പെടുന്നു. കാലാപാനിയോടൊപ്പം പുറത്തിറങ്ങിയ മറ്റ് സിനിമകളും പരാജയത്തിന് കാരണമായിട്ടുണ്ട്. കാലാപാനിക്കൊപ്പം 1996 ലെ വിഷു റിലീസായെത്തിയ സിനിമകളാണ് ഹിറ്റ്ലറും സല്ലാപവും. രണ്ട് സിനിമകളും പ്രേക്ഷകർ സ്വീകരിച്ചു. ചിത്രം പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം കാലാപാനിയെ പ്രേക്ഷകർ സ്വീകരിച്ചു.
മോഹൻലാലിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. അമരേഷ് പുരിയുടെ കഥാപാത്രത്തിന്റെ ഷൂ മോഹൻലാൽ നക്കുന്ന സീൻ സിനിമയിലുണ്ട്. താരപദവിയൊന്നും നോക്കാതെ ഇത്തരമാെരു സീൻ ചെയ്യാൻ മോഹൻലാൽ തയ്യാറായി. ഇതേക്കുറിച്ച് ഒരിക്കൽ പ്രിയദർശൻ സംസാരിച്ചിട്ടുണ്ട്. ഷൂ നക്കുന്നത് പ്രശസ്തമായ സീനാണ്. ശരിക്കും ഷൂ നക്കുക തന്നെയായിരുന്നു. ഷോട്ടെടുത്ത് കഴിഞ്ഞ് അംരിഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ലോകത്തൊരു നടൻ ഇങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും പ്രിയദർശൻ അന്ന് ഓർത്തു.


Click it and Unblock the Notifications











