പൃഥ്വി വരിതെറ്റിച്ച് പാടി, എന്നിട്ടും ആ കോണ്‍ഫിഡന്‍സ്; ഒന്നാം സമ്മാനവും കിട്ടി; ഇന്ദ്രജിത്ത്
മലയാളത്തിലെ താര സഹോദരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ അഭിനേതാക്കളാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച നമ്മള്‍ തമ്മില്‍, ക്ലാസ്‌മേറ്റ്‌സ്, അമര്‍ അക്ബര്‍ അന്തോണി, ഡബിള്‍ ബാരല്‍, ട്വന്റി ട്വന്റി, വീട്ടിലേക്കുള്ള വഴി, സിറ്റി ഓഫ് ഗോഡ് തുടങ്ങി ഏതാനും ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയതിട്ടുണ്ട്.
ഇരുവരും സൈനിക സ്‌കൂളിലാണ് പഠിച്ചത്. മുമ്പ് സൈനിക സ്‌കൂളില്‍ ഒരു പരിപാടിക്ക് പോയ സുകുമാരന്‍ ഇരുവരുടെയും സ്‌കിറ്റിലെ അഭിനയം കണ്ട് രണ്ട് പേരും സിനിമയില്‍ എത്തും എന്ന് മല്ലികയോട് പറഞ്ഞിരുന്നതായി ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

ഇരുവരും നല്ല ഗായകരുമാണ്. പൃഥ്വിരാജ് പുതിയമുഖം, വടക്ക് വടക്ക്, ഹൃദയത്തിലെ താതക തെയ്താരോ, നിന്നെ കണ്ട കടലലകള്‍ പോലെ തുടങ്ങിയ പാട്ടുകള്‍ പൃഥ്വിരാജ് പാടിയിട്ടുണ്ട്. ഇന്ദ്രജിത്തും മുല്ലവള്ളിയും തേന്മാവും, ഹാപ്പി ഹസ്ബന്‍ഡ്‌സ്, നായകന്‍, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
ഇപ്പോഴിതാ ഇരുവരും സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രജിത്ത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇരുവരും സ്‌കൂള്‍ കാലത്ത് പാട്ടു പാടിയതിനെക്കുറിച്ച് പറയുന്നത്. പൃഥ്വിരാജ് വരി തെറ്റിച്ച് പാടിയെന്നാണ് ഇന്ദ്രജിത് പറയുന്നത്.
'ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മ്യൂസിക് കോംപിറ്റീഷന് പങ്കെടുത്തിരുന്നു. അന്ന് ഞങ്ങള്‍ രണ്ട് പേരും പാടിയത് 'പെഹ്‌ലാ നഷ പെഹ്‌ലാ ഖുമാ' എന്ന ഗാനമാണ് രണ്ട് പേരും പാടിയത്. ഞാന്‍ സീനയറും പൃഥ്വി ജൂനിയറുമായിരുന്നു. പൃഥ്വി പാടിയത് ലിറിക്‌സ് മുഴുവന്‍ തെറ്റായിരുന്നു. പക്ഷെ ജഡ്ജസ് പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് കണ്ടിട്ട് വരികളൊന്നും ശ്രദ്ധിച്ചതേയില്ല. പൃഥ്വിക്ക് ഫസ്റ്റ് കിട്ടി. എനിക്കും ഫസ്റ്റ് കിട്ടി,' ഇന്ദ്രജിത്ത് പറഞ്ഞു.
ഞാന്‍ വളരെ സൂക്ഷ്മമായാണ് പാടിയത്. പൃഥ്വി പാടി എന്തൊക്കെയോ തെറ്റിയൊക്കെ പോയി. പക്ഷെ നല്ല കോണ്‍ഫിഡന്റ് ആയിട്ടാണ് പൃഥ്വി പാടിയതെന്ന് ഇന്ദ്രജിത്ത് ഓര്‍ത്തെടുക്കുന്നു.
പടയണി എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ കരിയര്‍ ആരംഭിക്കുന്നത് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ്. അതേ വര്‍ഷം തന്നെ മീശമാധവനിലെ വില്ലന്‍ വേഷവും ഹിറ്റായിരുന്നു. തുടര്‍ന്ന് പട്ടാളം, മിഴി രണ്ടിലും മുല്ലവള്ളിയും തേന്മാവും റണ്‍വേ, വേഷം, ഫിംഗര്‍ പ്രിന്റ് തുടങ്ങി കരിയറില്‍ കുറെ മികച്ച വേഷങ്ങള്‍ ഇന്ദ്രജിത്ത് ചെയ്തു.

ചാന്തുപൊട്ട്, ബാബ കല്യാണി എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഛോട്ടാ മുംബൈ സിനിമയിലെ കഥാപാത്രം വലിയ ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, സിറ്റി ഓഫ് ഗോഡ്, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളും പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പുറത്തിറങ്ങാനുള്ള എംബുരാനിലും ഗോവര്‍ധനായി തന്നെ ഇന്ദ്രജിത്ത് വേഷമിടുന്നുണ്ട്.
2002ല്‍ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ക്ലാസ്‌മേറ്റ്‌സില്‍ നായകനായി അഭിനയിച്ചു. പുതിയ മുഖം, അയാളും ഞാനും തമ്മില്‍, വാസ്തവം തുടങ്ങി നിരവധി സിനിമകളിലൂടെ പെട്ടെന്ന് തന്നെ മുന്‍നിര നായകന്മാരിലേക്ക് ഉയര്‍ന്ന നടനാണ് പൃഥ്വിരാജ്. അയ്യപ്പനും കോശിയും പൃഥ്വിരാജിന്റെ കരിയറില്‍ മറ്റൊരു ടേണിംഗ് പോയിന്റ് നല്‍കിയ ചിത്രമായിരുന്നു. ഇപ്പോള്‍ ആടുജീവിതം എന്ന ചിത്രത്തിലൂടെ ചരിത്രം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.


Click it and Unblock the Notifications