ആദ്യത്തെ കണ്മണി, ഒരു വേർതിരിവും അവനോടില്ല; എനിക്ക് കൊള്ളി വെക്കേണ്ടവനാണ്; ഇന്ദ്രജിത്തിന് 46ാം പിറന്നാൾ
നടൻ ഇന്ദ്രജിത്തിന് 46ാം പിറന്നാൾ ദിനം. നിരവധി പേരാണ് നടന് ആശംസകൾ അറിയിക്കുന്നത്. കുടുംബംഗങ്ങളും ഇന്ദ്രജിത്തിന് ഹൃദ്യമായ ആശംസകൾ അറിയിച്ചു. ആദ്യത്തെ കണ്മണി ആണായിരിക്കണം... ഹാപ്പി ബർത്ത്ഡേ മോൻ... ഇന്ദ്രാ..അച്ഛൻ നിനക്ക് ശരിയായ പാതയും യഥാർത്ഥ പാഠങ്ങളും കാണിച്ച് തരികയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുന്നോട്ട് പോകൂ മോനേ, ദെെവത്തിന്റെ അനുഗ്രഹം എപ്പോഴും നിനക്കൊപ്പമുണ്ട് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. ഹാപ്പി ബർത്ത്ഡേ ചേട്ടൻ എന്നാണ് പൃഥ്വിരാജ് പിറന്നാൾ ആശംസയറിയിച്ച് കൊണ്ട് കുറിച്ചത്. പിറന്നാൾ കേക്കിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു പൂർണിമയുടെ ആശംസ.
പൃഥ്വിരാജിന്റെ താരപ്രഭയിൽ ഇന്ദ്രജിത്തിലെ മികച്ച അഭിനേതാവിനെ പലരും കാണാതെ പോകുന്നുണ്ടെന്ന് ഇന്ദ്രജിത്തിന്റെ ആരാധകർക്ക് അഭിപ്രായമുണ്ട്. നായകനായും വില്ലനായനും സഹനടനായുമെല്ലാം ഇന്ദ്രജിത്ത് പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ അഭിനയ മികവിനെക്കുറിച്ച് അമ്മ മല്ലിക സുകുമാരൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

മികച്ച അഭിനേതാവാണെങ്കിലും പിആർ വർക്കുകളൊന്നും ചെയ്യാൻ ഇന്ദ്രന് താൽപര്യമില്ലെന്നാണ് മല്ലിക സുകുമാരൻ പറയാറുള്ളത്. മീശ മാധവനിലെ വില്ലൻ കഥാപാത്രം അവന് എന്തൊരു പേരുണ്ടാക്കി കൊടുത്തു. നമ്മുടെ പെർഫോമൻസ് പ്രേക്ഷകർ ഓർക്കുന്നത് വലിയ കാര്യമാണ്. ഇന്ന് തമിഴിലും തെലുങ്കിലുമുൾപ്പെടെ ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഇന്ദ്രൻ എന്നെ പോലെയാണ്. ആരെയെങ്കിലും കണ്ടാൽ ഞങ്ങൾ രണ്ട് പേരും കുറച്ച് കൂടുതൽ സംസാരിക്കും. രാജുവിന് സുകുമാരൻ സാറുടെ രീതിയാണ്. അടുത്ത് വരാൻ അഞ്ച് പത്ത് മിനുട്ടെടുക്കുമെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
മല്ലികാമ്മ ഇന്ദ്രജിത്തിനെക്കുറിച്ച് പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നപ്പോഴും മല്ലിക സുകുമാരൻ സംസാരിക്കുകയുണ്ടായി. മക്കളുടെ കാര്യത്തിൽ ചേച്ചി കുറച്ച് പക്ഷപാതം കാണിക്കുന്നു എന്ന് അടുത്ത കാലത്ത് ഒരു കമന്റ് കണ്ടു. എനിക്ക് വാസ്തവത്തിൽ ചിരി വന്നു. എന്ത് കണ്ടിട്ടാണ് ഞാൻ ഇന്ദ്രജിത്തിനോട് പക്ഷപാതപരമായി പെരുമാറുന്നെന്ന് പറയുന്നത്. ഇന്ദ്രൻ ആരാണെന്ന് നിങ്ങൾക്കറിയില്ലേ. ഞാൻ ചത്ത് കഴിഞ്ഞാൽ കൊള്ളി വെക്കേണ്ട മോൻ ആണവൻ. അവനെ എനിക്ക് മാറ്റി നിർത്താൻ പറ്റുമോ. അവനാണ് എന്റെ ആദ്യത്തെ സന്തതി. പക്ഷപാതപരമായി പെരുമാറി എന്നൊന്നും ഒരു അമ്മയോട് പറയരുതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications











