പൃഥ്വി ആ പാട്ട് മുഴുവനും തെറ്റിച്ചാണ് അന്ന് പാടിയതെന്ന് ഇന്ദ്രജിത്ത്, അവസാനം ഒന്നാം സമ്മാനവും കിട്ടി
അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സൈനിക സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഇരുവരും പാട്ടിലും നാടകത്തിലുമൊക്കെ സജീവമായിരുന്നു. കുട്ടിക്കാലത്ത് തന്നെ വേദികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ചേട്ടനും അനിയനും എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും.
വ്യത്യസ്തമായ സ്വഭാവമാണ് തങ്ങളുടേതെന്ന് ഇരുവരും തുറന്നുപറഞ്ഞിരുന്നു. പൃഥ്വിരാജിനെ ഓര്‍ക്കുമ്പോള്‍ ഏത് പാട്ടാണ് മനസ്സിലേക്ക് വരുന്നതെന്ന് ഇന്ദ്രജിത്തിനോട് ചോദിച്ചപ്പോഴായിരുന്നു താരം സൈനിക സ്‌കൂളിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്. ഷെനീം സെയിദിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇന്ദ്രജിത്ത് വിശേഷങ്ങള്‍ പങ്കുവെച്ചത്.
പൃഥ്വിയും ഞാനും കൂടി സ്‌കൂളില്‍ ലൈറ്റ് മ്യൂസിക് മത്സരത്തില്‍ പങ്കെടുക്കുമായിരുന്നു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് ഞങ്ങള്‍ പങ്കെടുക്കാറുള്ളത്. ഒരേ ഗാനമാണ് അന്ന് ഞങ്ങള്‍ പാടിയത്. പെഹലാ നഷാ എന്ന ഗാനമാണ് പാടിയത്. രണ്ടാള്‍ക്കും ഫസ്റ്റ് പ്രൈസ് ലഭിച്ചിരുന്നു. പൃഥ്വി അന്ന് പാടിയപ്പോള്‍ വരികള്‍ മുഴുവനും തെറ്റായിരുന്നു. എന്നാല്‍ വളരെ കോണ്‍ഫിഡന്റായാണ് പൃഥ്വി പാടിയത്. വേറെന്തൊക്കെയോ ആണ് പാടിയത്. പാടുന്നത് കാണുന്നവര്‍ക്ക് അത് ശരിയാണെന്ന് തോന്നും. ഒരേ സമയത്ത് രണ്ടാളും ഒരേ ഗാനം പാടി ഫസ്റ്റ് പ്രൈസ് മേടിക്കുകയായിരുന്നു അന്ന്.

അച്ഛനെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്‌സ് വരുന്ന ഗാനത്തെക്കുറിച്ചും ചോദിച്ചിരുന്നു. മേകോയ് എന്ന ഗാനമാണ് അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് അച്ഛന്‍ ഐസിയുവിലായിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസം അച്ഛന്‍ റൂമിലുണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നെയും അറ്റാക്ക വന്നപ്പോഴാണ് അച്ഛന്‍ പോയത്. സ്‌കൂളില്‍ ഈ പാട്ട് ഞാന്‍ പാടിയിരുന്നു. റൂമില്‍ അച്ഛന്‍ വന്ന സമയത്ത് ഇത് പറഞ്ഞിരുന്നു. നീ പുതിയ പാട്ട് പാടിയെന്ന് കേട്ടല്ലോ, അതൊന്ന് പാടിക്കേയെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അച്ഛന് അവസാനമായി പാടിക്കൊടുത്ത പാട്ടും അതാണ്. മരിക്കുന്നതിന് മുന്‍പ് പാടിയ പാട്ട് കൂടിയായിരുന്നു ഇത്.
Recommended Video
മക്കളുടെ അഭിനയം കാണാന്‍ സുകുമാരനുണ്ടായിരുന്നില്ലെങ്കിലും ഭാവിയില്‍ ഇവന്‍മാര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് ഇരുവരും സിനിമയിലേക്കെത്തിയത്. പൃഥ്വിരാജിന്റെ മകളായ അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് സുപ്രിയ മേനോനാണ്.


Click it and Unblock the Notifications