'ഇന്ദ്രൻസിന്റെ അമിത വിനയം അരോചകം, മമ്മൂട്ടി വിരട്ടിയത് കണ്ടപ്പോൾ ഇത് നേരത്തേ കിട്ടേണ്ടതായിരുന്നുവെന്ന് തോന്നി'
നടൻ ഇന്ദ്രൻസിന്‍റെ പുതിയ ചിത്രമായ ആശാന്‍റെ പ്രീ-റിലീസ് ഇവന്‍റില്‍ നിന്നുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം മുതൽ വൈറലാകുന്നതും ചർച്ചയാകുന്നതും. മമ്മൂട്ടിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇവന്റിനുശേഷം പിരിയും മുമ്പ് ആശാന്‍റെ അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടി ഗ്രൂപ്പ് സെൽഫി പകർത്താൻ തുടങ്ങിയപ്പോൾ ഇന്ദ്രൻസ് ഉടനടി തറയിൽ ഇരിക്കാൻ തുടങ്ങി. എന്നാൽ മമ്മൂട്ടി അത് വിലക്കി ഇന്ദ്രൻസിനെ എഴുന്നേൽപ്പിച്ചു. വീഡിയോ വൈറലായതോടെ രണ്ട് തരത്തിൽ ചേരി തിരിഞ്ഞായിരുന്നു പ്രേക്ഷകർക്ക് അഭിപ്രായങ്ങൾ കുറിച്ചത്.
ഒരു വിഭാഗം ഇന്ദ്രൻസിന്റെ എളിമയെ പ്രശംസിച്ചപ്പോൾ മറ്റൊരു വിഭാഗം നടൻ അനാവശ്യമായി അതിവിനയം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി. വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് പ്രേക്ഷകരിൽ ഒരാൾ പങ്കിട്ട കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. ഇന്ദ്രൻസിന്റേത് അമിത വിനയമാണെന്നും മമ്മൂട്ടി വിരട്ടിയത് കണ്ടപ്പോൾ ഇത് നേരത്തേ കിട്ടേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും കുറിപ്പിൽ പറയുന്നു.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു... അമിത വിനയം കാണിക്കുന്നവരെ കരുതിയിരിക്കണം എന്നൊരു ചൊല്ലുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ട്?. എന്താണ് വിനയവും അതിവിനയവും തമ്മിലുള്ള വ്യത്യാസമെന്ന് ചിന്തിച്ചിട്ടുണ്ടോ?. അമിത വിനയമുള്ള സെലിബ്രിറ്റികളെ എല്ലാം ഉദാഹരിക്കുന്നില്ല. എങ്കിലും ഏറ്റവും അരോചകമായി തോന്നിയിട്ടുള്ളത് ഇന്ദ്രൻസിൻ്റെ വിനയമാണ്.
ഒരു ചടങ്ങിൽ മമ്മൂട്ടി ഗ്രൂപ്പ് സെൽഫി എടുത്തപ്പോൾ തറയിൽ ഇരിക്കാൻ പോയ ഇന്ദ്രൻസിനെ ഒറ്റ സെക്കൻ്റിൽ മമ്മൂട്ടി ശരിക്കൊന്ന് വിരട്ടിയത് കണ്ടപ്പോഴാണ് ഇത് നേരത്തേ കിട്ടേണ്ടതായിരുന്നുവെന്ന് തോന്നിയത്. എന്താണ് കപട വിനയം?. ചിലർ സ്വന്തം നേട്ടങ്ങളെ മനപൂർവ്വം കുറച്ച് കാണിക്കുന്നത് മറ്റുള്ളവരിൽ നിന്ന് കൂടുതൽ പ്രശംസ പിടിച്ചുപറ്റാനാണ്. താൻ എത്ര വലിയ ആളാണെന്ന് മറ്റുള്ളവർ പറയണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഞാൻ ഒന്നുമല്ല എന്ന് പറയുന്നത് ഒരുതരം അഹങ്കാരമാണ്.
ഒരാളുടെ വിനയം ആത്മാർത്ഥമാണോ എന്ന് തിരിച്ചറിയാൻ അവരുടെ പ്രവൃത്തികളും വാക്കും തമ്മിലുള്ള പൊരുത്തം നോക്കിയാൽ മതി. യഥാർത്ഥ വിനയമുള്ളവർ തങ്ങളെ താഴ്ത്തിക്കെട്ടുന്നതിനേക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ അമിതമായി വിനയം വാരുന്നവർ പലപ്പോഴും തങ്ങളിലേക്ക് തന്നെ ശ്രദ്ധ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഹംബിൾ ബ്രാഗിങ്. വിനയം എന്ന പുതപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വയം പുകഴ്ത്തലാണിത്.
ഉദാഹരണം... ഇത്രയും വലിയൊരു അവാർഡ് കിട്ടാൻ മാത്രം ഞാൻ എന്ത് ചെയ്തുവെന്ന് എനിക്കറിയില്ല. ഞാൻ വെറുമൊരു സാധാരണക്കാരനല്ലേ എന്ന് ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവാർഡ് കിട്ടിയ വിവരം എല്ലാവരെയും അറിയിക്കാനാണ്. നേരിട്ട് അഹങ്കാരം കാണിച്ചാൽ ആളുകൾക്ക് ഇഷ്ടപ്പെടില്ലെന്ന് അറിയാവുന്നത് കൊണ്ട് വിനയത്തിലൂടെ ആ അഹങ്കാരത്തെ അവതരിപ്പിക്കുന്നു.

ഇത് പലപ്പോഴും കാപട്യത്തിന്റെ പരിധിയിൽ വരുന്നു. അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ ഇളയരാജ ഹംബിൾ ബ്രാഗിങ്ങിൻ്റെ ആശാനാണെന്ന് തോന്നും. ഒരു പാട്ടും സംഗീതം ചെയ്യാൻ പത്ത് മിനിറ്റിൽ കൂടുതൽ എടുത്തിട്ടില്ല. നൊട്ടേഷൻസ് എഴുതാൻ പരമാവധി എടുത്ത സമയം 45 മിനിട്ടാണ്. അത് സുന്ദരി കണ്ണാൽ ഒരു സേതി എന്ന പാട്ടിനാണ്. പക്ഷെ അത് അസിസ്റ്റൻസ് പകർത്തി എഴുതാൻ ഒന്നര ദിവസം എടുത്തു... എന്നൊക്കെ പരമാവധി പുകഴ്ത്തിയിട്ട് ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല എന്ന് കൂടി പറഞ്ഞ് വെയ്ക്കും രാജാ സാർ.
പക്ഷെ മറ്റ് സന്ദർഭങ്ങളിൽ ഒട്ടും വിനയം പ്രകടിപ്പിക്കാത്ത മനുഷ്യൻ തന്നെയാണ് ഇളയരാജ. പക്ഷെ എആർ റഹ്മാൻ്റെ വിനയം കുറേകൂടി സത്യമാണെന്ന് തോന്നിയിട്ടുണ്ട്. അമിത വിനയം ഒരിടത്തും അദ്ദേഹം പ്രകടിപ്പിക്കാറില്ല. തന്നെ വിമർശിച്ച സൽമാൻ ഖാൻ കൈ നീട്ടിയപ്പോൾ കൈ കൊടുക്കാതെ നിൽക്കുന്ന റഹ്മാനെ ഓർമ്മ വരുന്നു. ഇത്തരം അമിത വിനയത്തിന് ചില സാമൂഹികമായ കാരണങ്ങളുമുണ്ട്.
നമ്മുടെ സമൂഹത്തിൽ വിനയം വലിയൊരു ഗുണമായിട്ടാണ് കാണുന്നത്. സമൂഹത്തിൽ മാന്യനായി ജീവിക്കണമെങ്കിൽ വിനയം വേണം എന്ന ധാരണയുള്ളതുകൊണ്ട് പലരും അത് ഒരു മാസ്ക് പോലെ ഉപയോഗിക്കുന്നു. ഉള്ളിൽ വലിയ അഹങ്കാരമുണ്ടെങ്കിലും പുറത്ത് നല്ലപിള്ള ചമയുന്നത് ഒരു നിലനിൽപ്പിന്റെ ഭാഗമാണ്. വിനയം എന്നത് മറ്റുള്ളവരെ ബഹുമാനിക്കാനുള്ള ഒന്നാണ്. സ്വയം താഴ്ത്തിക്കെട്ടി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ളതല്ല.
ഒരാളുടെ വിനയം നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ മിക്കവാറും അതിൽ അൽപം കാപട്യം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മനശാസ്ത്രം പറയുന്നത്. ഒരാൾ തന്റെ വിജയത്തിൽ ആത്മാർത്ഥമായി സന്തോഷിക്കുകയും അത് പങ്കുവെക്കുകയും ചെയ്യുന്നത് തെറ്റല്ല. എന്നാൽ അത് വിനയത്തിന്റെ മറവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് അത് കാപട്യമായി മാറുന്നത് എന്നായിരുന്നു.


Click it and Unblock the Notifications











