12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന്‍ പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
തിരിച്ചറിയപ്പെടാതെ വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നിന്ന നടനാണ് ഇന്ദ്രന്‍സ്. പഴത്തൊലിയില്‍ ചവിട്ടി തെന്നി വീഴുന്നത് മുതല്‍ ഹാസ്യ രംഗങ്ങളാണ് ഇന്ദ്രന്‍സ് സിനിമയില്‍ അഭിനയിച്ച് വന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അഭിനയ പ്രധാന്യമുള്ളതും നായക വേഷങ്ങളുമടക്കം പലതും തനിക്ക് സാധിക്കുമെന്ന് നടന്‍ തെളിയിച്ച് കഴിഞ്ഞു.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ഇന്ദ്രന്‍സിനെ തേടി വന്നിരുന്നു. അതിന് ശേഷമാണ് കിടിലന്‍ വില്ലനായിട്ടൊക്കെ അവസരം ലഭിക്കുന്നത്. എന്നാല്‍ പന്ത്രണ്ട് വയസ് വരെയേ താന്‍ ജീവിക്കുകയുള്ളു എന്നൊരു പ്രവചനം പണ്ട് നടന്നതായി വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. പ്രവചനത്തിൽ നിന്നും താൻ രക്ഷപ്പെട്ടതിനെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.
ചെറിയ പ്രായത്തില്‍ ഒരു ജോത്സ്യന്‍ തന്റെ അമ്മയോട് പറഞ്ഞ കാര്യമാണ് മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ദ്രന്‍സ് പറഞ്ഞത്. മകനെ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ അമ്മയ്ക്കുണ്ടായിരുന്ന ഭക്തിയെ കുറിച്ചും താനെങ്ങനെ വെജിറ്റേറിയന്‍ ആയെന്നുമൊക്കെ പരിപാടിയില്‍ പങ്കെടുക്കവേ ഇന്ദ്രന്‍സ് വ്യക്തമാക്കി. വിശദമായി വായിക്കാം...

'ഏതോ ഒരു ജോത്സ്യന്‍ അമ്മയോട് പറഞ്ഞു, ഞാന്‍ പന്ത്രണ്ട് വയസ് തികയ്ക്കില്ലെന്ന്. അതിന് മുന്‍പ് മരിച്ച് പോകും പോലും. അമ്മ ഭയങ്കര ഭക്തിയുള്ള ആളാണ്. ശരീരം മുഴുവന്‍ ചരടുകള്‍ അമ്മ കെട്ടിച്ചിട്ടുണ്ടായിരുന്നു. അതും കൊണ്ടായിരുന്നു നടപ്പ്. അങ്ങനെ ഇരിക്കുമ്പോള്‍ ജാതകം എഴുതിയ ജോത്യന്‍ സൂര്യ നമസ്‌കാരം ചെയ്താല്‍ ദോഷങ്ങളൊക്കെ മാറുമെന്ന് പറഞ്ഞു. അങ്ങനെ സൂര്യനമസ്‌കാരം തുടങ്ങി. മിക്ക ദിവസവും വ്രതമാണ്. അങ്ങനെ വ്രതമെടുത്ത് വ്രതമെടുത്ത് ഞാനൊരു വെജിറ്റേറിയനായി'.

'പന്ത്രണ്ട് വയസ് കഴിഞ്ഞിട്ടും എനിക്ക് കുഴപ്പമൊന്നും പറ്റിയില്ല. സൂര്യന്‍ ആള് കൊള്ളാലോ എന്ന് എനിക്കും അപ്പോള്‍ തോന്നി. അന്ന് തൊട്ട് കുറച്ച് വലിപ്പമുള്ള കെട്ടിടങ്ങളൊക്കെ നോക്കി തൊഴാന്‍ തുടങ്ങി. നോക്കി തൊഴുതിരുന്ന ചിലത് രക്തസാക്ഷി മണ്ഡപം ആയിരുന്നെന്ന് പിന്നീടാണ് താന്‍ തിരിച്ചറിഞ്ഞതെന്ന്', ഇന്ദ്രന്‍സ് പറയുന്നു.

'കഥാപാത്രമാകാന്‍ നമുക്ക് ചുറ്റുമുള്ള ജീവിതം പഠിച്ചാല്‍ മതിയെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. എന്നെ സംബന്ധിച്ച് അതൊക്കെ വലിയ കാര്യമാണ്. കളിയാക്കലുകള്‍ കാര്യമാക്കാറില്ല. അമിതാഭ് ബച്ചനുമായിട്ടല്ലേ നമ്മളെ താരതമ്യം ചെയ്തത്. എനിക്ക് എല്ലാവരെയും ചേര്‍ത്ത് പിടിക്കണം. സിനിമയ്ക്ക് പോലും ആരെയും വേണ്ട. നമുക്കാണ് എല്ലാവരെയും വേണ്ടത്. ഉപയോഗിക്കാന്‍ പാടില്ല വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.
നമ്മളൊക്കെ പഴയ ആളുകളല്ലേ, ഇപ്പോള്‍ അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. സംവിധായകന്‍ ആകാന്‍ മോഹമുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയുന്ന ഇന്ദ്രന്‍സ് നല്ല രണ്ട് കഥാപാത്രം കിട്ടണമെന്നുള്ള പ്രാര്‍ഥന മാത്രമേ ഉള്ളുവെന്നും കൂട്ടിച്ചേര്‍ക്കുന്നു'.

അതേ സമയം തനിക്ക് എപ്പോഴും കൊതിയാണെന്ന് പറയുകയാണ് താരം. 'പഠിക്കാനുള്ള കൊതിയുടെ ഭാഗമായിട്ടാണ് താന്‍ പുസ്തകങ്ങള്‍ വായിക്കുന്നത്. പിന്നെ സിനിമയോടും പുസ്തകങ്ങളോടുമൊക്കെയാണ് ഈ കൊതി. വീണ്ടും വീണ്ടും അതുപോലത്തെ കിട്ടണമെന്ന് തോന്നും. ചില ഭക്ഷണങ്ങള്‍ കാണുമ്പോള്‍ ഉള്ളത് പോലെയുള്ള ആ കൊതി ഒരിക്കലും മാറില്ലെന്നാണ്', ഇന്ദ്രന്‍സ് പറയുന്നത്.


Click it and Unblock the Notifications











